റാഷ്‌ഫോഡ് ബുദ്ധി കൊണ്ട് കളിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗംഭീര തിരിച്ചുവരവ്, പകരം വീട്ടി ചുവന്ന ചെകുത്താന്മാർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തിയെങ്കിലും രണ്ടു ഗോളുകൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചെത്തുകയായിരുന്നു. ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിക്കായി ഗോൾ നേടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളുകൾ ബ്രൂണോ ഫെർണാണ്ടസ്, മാർക്കസ് റാഷ്‌ഫോഡ് എന്നിവരാണ് നേടിയത്.

കഴിഞ്ഞ മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യമായിരുന്നു എങ്കിൽ ഇത്തവണ പക്ഷെ അതാവർത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മതിച്ചില്ല. ലിസാൻഡ്രോ മാർട്ടിനസിനെ പുറത്തിരുത്തി ലൂക്ക് ഷായെ സെന്റർ ബാക്കായി ഇറക്കിയ ടെൻ ഹാഗിന്റെ നീക്കം വിജയിച്ചപ്പോൾ ഹാലാൻഡ് അടക്കമുള്ള മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റനിര മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടി. ആദ്യപകുതിയിൽ രാഷ്‌ഫോഡ് മികച്ചൊരു അവസരം നഷ്‌ടപ്പെടുത്തിയില്ലെങ്കിൽ വിജയം ഒന്നുകൂടി മികച്ചതാക്കാൻ യുണൈറ്റഡിന് കഴിയുമായിരുന്നു.

അറുപതാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യത്തെ ഗോൾ പിറന്നത്. കെവിൻ ഡി ബ്രൂയ്ൻ നൽകിയ ക്രോസിൽ നിന്നും പകരക്കാരനായിറങ്ങിയ ജാക്ക് ഗ്രീലിഷിൻറെ ക്ലോസ് റേഞ്ച് ഹെഡർ വലയിലെത്തി. മത്സരത്തിൽ പെപ് ഗ്വാർഡിയോള നടത്തിയ ഒരേയൊരു സബ്സ്റ്റിറ്റയൂഷൻ ജാക്ക് ഗീലിഷിന്റേതായിരുന്നു. അതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗർനാച്ചോയെ ഇറക്കിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റങ്ങൾക്ക് വേഗത കൂടി. എഴുപത്തിയെട്ടാം മിനുട്ടിൽ അവർ മത്സരത്തിൽ സമനില ഗോൾ നേടുകയും ചെയ്‌തു.

മാർക്കസ് റാഷ്‌ഫോഡിന്റെ പ്രെസൻസ് ഓഫ് മൈൻഡാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളിന് കാരണമായത്. കസമീറോ നൽകിയ ത്രൂ പാസിനായി രണ്ടു വശങ്ങളിൽ നിന്നും റാഷ്‌ഫോഡും ബ്രൂണോയും വന്നു. റാഷ്‌ഫോഡിനാണ് പന്തിൽ മുൻ‌തൂക്കം ഉണ്ടായിരുന്നതെങ്കിലും താൻ ഓഫ്‌സൈഡാണെന്ന സംശയം ഉള്ളതിനാൽ താരം പന്തിൽ തൊടാതെ മാറിക്കളഞ്ഞു. അപ്രതീക്ഷിതമായ ഈ നീക്കത്തിൽ മാഞ്ചസ്റ്റർ സിറ്റി ഡിഫെൻഡർമാർ ഒന്ന് സംശയിച്ചപ്പോൾ ബ്രൂണോ ഫെർണാണ്ടസ് വല കുലുക്കി. റഫറി ആദ്യം ഗോൾ അനുവദിച്ചില്ലെങ്കിലും പിന്നീട് വീഡിയോ റഫറി അതനുവദിച്ചു നൽകി.

നാല് മിനുട്ടിനകം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാമത്തെ ഗോളും വന്നു. ബോക്‌സിനുള്ളിൽ അർജന്റീന താരം അലസാന്ദ്രോ ഗർനാച്ചോ നടത്തിയ മികച്ച നീക്കത്തിനൊടുവിൽ താരം നൽകിയ ക്രോസ് ഒന്നു തൊട്ടു കൊടുക്കേണ്ട ആവശ്യമേ റാഷ്‌ഫോഡിന് വന്നുള്ളൂ. തുടർച്ചയായ ഏഴാം മത്സരത്തിലാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിനായി റാഷ്‌ഫോഡ് ഗോൾ നേടുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ വിജയം നേടിയതോടെ ലോകകപ്പിന് ശേഷമുള്ള ഏഴു മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടുകയും ചെയ്‌തു.

മത്സരത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം ആഴ്‌സണലിനാണ് ഗുണം ചെയ്യുക. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുമായി അഞ്ചു പോയിന്റ് വ്യത്യാസത്തിൽ മുന്നിൽ നിൽക്കുന്ന ആഴ്‌സണലിന് അത് മൂന്നു പോയിന്റ് കൂടി വർധിപ്പിക്കാൻ അവസരമുണ്ട്. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയുമായി വെറും ഒരു പോയിന്റ് വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തെത്തി. ന്യൂകാസിൽ യുണൈറ്റഡാണ്‌ നാലാം സ്ഥാനത്ത്.