“ഹോർമോൺ ബാധിച്ച കുള്ളൻ, മലിനജലത്തിലെ എലി”- ബാഴ്‌സ നേതൃത്വം ലയണൽ മെസിയെ വിശേഷിപ്പിച്ചിരുന്ന വാക്കുകൾ

ബാഴ്‌സലോണ എക്കാലവും കടപ്പെട്ടിരിക്കുന്നു താരമാണ് ലയണൽ മെസി. ക്ലബിനു വേണ്ടി അത്രയധികം നേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ലയണൽ മെസി കളിച്ചിരുന്ന കാലഘട്ടത്തിലാണ് ബാഴ്‌സലോണ അവരുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കിയതെന്നും സംശയമില്ല. എന്നാൽ ക്ലബിൽ നിന്നും വളരെ ദുഖകരമായ രീതിയിലാണ് ലയണൽ മെസിക്ക് പടിയിറങ്ങേണ്ടി വന്നത്.

ബാഴ്‌സലോണ ആരാധകരുടെ പ്രിയപ്പെട്ട താരമാണെങ്കിലും ബാഴ്‌സലോണ നേതൃത്വത്തിലെ ചിലർക്ക് മെസി അത്ര പ്രിയപ്പെട്ടവനായിരുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ലീക്കായ ചില വിവരങ്ങൾ വെളിപ്പെടുത്തുന്നത്. ജോസപ് മരിയോ ബാർട്ടമോ പ്രസിഡന്റായിരുന്ന സമയത്ത് ബാഴ്‌സയുടെ നിയമവിഭാഗം മേധാവിയായിരുന്ന റോമൻ ഗോമസ് പോണ്ടി ലയണൽ മെസിയെ “മലിനജലത്തിലെ എലി, ഹോർമോൺ ബാധിച്ച കുള്ളൻ” എന്നീ വാക്കുകൾ കൊണ്ടാണ് വിശേഷിപ്പിച്ചിരുന്നത്.

ബാർട്ടമോവിനോട് സംസാരിക്കുമ്പോൾ തന്നെയാണ് ഈ വാക്കുകൾ അദ്ദേഹം ഉപയോഗിച്ചിരുന്നത്. ലയണൽ മെസി കരാർ പുതുക്കാൻ പ്രതിഫലം കൂടുതൽ അവശ്യപ്പെടുന്നതിലുള്ള രോഷം കാരണമാണ് അദ്ദേഹം ഇത്തരം വാക്കുകൾ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം ആ പ്രസിഡൻഷ്യൽ ബോർഡിൽ ഉണ്ടായിരുന്ന, ഇപ്പോൾ ബാഴ്‌സലോണയുടെ വൈസ് പ്രസിഡന്റായ റാഫേൽ യുസ്തേ ഇതിനെതിരെ രൂക്ഷമായ വിമർശനം നടത്തുകയുണ്ടായി.

“ക്ലബിനായി ഒരുപാട് നൽകിയ മെസിയെപ്പോലെയുള്ള ആളുകളോട് ഒട്ടും ബഹുമാനം ഇല്ലാത്ത രീതിയിലാണ് അവർ പെരുമാറിയത്, അവർ ക്ലബിനോടും ബഹുമാനമില്ലായ്‌മ കാണിച്ചു. ഇതുപോലെയുള്ള വാക്കുകളെ ഞാൻ ഒരിക്കലും അംഗീകരിക്കുന്നില്ല. ഇതിനു മുൻപ് ക്ലബിന്റെ ചുമതലയിൽ ഉണ്ടായിരുന്നവർ ആ സ്‌ക്വാഡിനെയും അവർ സ്വന്തമാക്കിയ നേട്ടങ്ങളെയും ഒരിക്കലും അംഗീകരിച്ചില്ല.” അദ്ദേഹം പറഞ്ഞു.

ബർട്ടോമുവിന്റെ കാലത്തെ മോശം ഭരണം മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ കാരണമാണ് ലയണൽ മെസിക്കു കരാർ പുതുക്കി നൽകാൻ ബാഴ്‌സലോണക്ക് കഴിയാതിരുന്നത്. ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ബാഴ്‌സലോണ മോചിതരായിട്ടില്ല. കഴിഞ്ഞ സീസണിൽ ക്ലബിന്റെ പല ആസ്‌തികളും വിറ്റാണ് അവർ പുതിയ താരങ്ങളെ സ്വന്തമാക്കാൻ പണമുണ്ടാക്കിയത്.