കേരള ബ്ലാസ്റ്റേഴ്‌സിന്റെ മനോഹരഗോളിന് ഡി മരിയയുടെ ലൈക്ക്

ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ നടന്ന ഇന്ത്യൻ സൂപ്പർലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ നേടിയ ഗോൾ ആർക്കും മറക്കാൻ കഴിയില്ല. മൈതാന മധ്യത്തു നിന്നും തുടങ്ങി മൂന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പന്ത് കൈമാറി, അതു തിരിച്ചു വാങ്ങി ലൂണ നേടിയ ഗോൾ ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പിറന്ന ഏറ്റവും മികച്ച ടീം ഗോളുകളിൽ ഒന്നായിരുന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയവും സ്വന്തമാക്കി.

വളരെ മനോഹരമായ ടീം പ്ലേയിൽ പിറന്ന ഗോളായതിനാൽ തന്നെ അത് പെട്ടന്നു തന്നെ വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസം പ്രമുഖ ഫുട്ബോൾ മാധ്യമം 433 അവരുടെ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് പേജുകളിൽ ഈ ഗോളിന്റെ വീഡിയോ ഷെയർ ചെയ്‌തിരുന്നു. ഇന്ത്യൻ ടിക്കി ടാക്ക എന്ന ക്യാപ്‌ഷനിൽ ഇന്ത്യൻ സൂപ്പർ ലീഗിനെയും കേരള ബ്ലാസ്റ്റേഴ്‌സിനെയും ടാഗ് ചെയ്‌താണ്‌ ഇ വീഡിയോ അവർ ഷെയർ ചെയ്‌തത്‌. നിരവധി പേർ ഗോളിന് അഭിനന്ദനവും നൽകി.

പ്രധാനപ്പെട്ടൊരു കാര്യം ആ ഗോളിന്റെ വീഡിയോ കണ്ടവരിൽ അർജന്റീനയുടെ ലോകകപ്പ് ഹീറോയായ ഏഞ്ചൽ ഡി മരിയയും ഉണ്ടായിരുന്നുവെന്നാണ്. വീഡിയോ കാണുക മാത്രമല്ല, താരം അതിനു ലൈക്കും നൽകിയിട്ടുണ്ട്. ആഗോളതലത്തിൽ തന്നെ നിറഞ്ഞു നിൽക്കുന്ന ഒരു താരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു ഗോളിനെ ശ്രദ്ധിച്ചെങ്കിൽ ഇന്ത്യൻ സൂപ്പർ ലീഗിനെയും കേരള ബ്ലാസ്റ്റേഴ്‌സിനേയും ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.

ആ ഗോളിനു താഴെയുള്ള കമന്റ് സെഷനിൽ നിരവധി പേർ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവാരത്തെ പ്രശംസിച്ച് സംസാരിക്കുന്നുണ്ട്. ഏഷ്യയിലെ മറ്റു പല ലീഗുകളെക്കാൾ മികച്ച മത്സരങ്ങളാണ് ഇന്ത്യൻ സൂപ്പർലീഗിൽ നടക്കുന്നതെന്നും അതിനു നല്ല രീതിയിലുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഏഷ്യയിൽ നിന്നും മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തു നിന്നും ആ ഗോളിന് പ്രശംസ ലഭിക്കുന്നുണ്ട്. ഇത് ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ആവേശം നൽകുന്ന കാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകപ്പടയെ ലക്‌ഷ്യം വെച്ചാണ് 433 ഗോൾ വീഡിയോ ഇട്ടതെങ്കിലും അത് ആഗോള തലത്തിൽ ഇന്ത്യൻ സൂപ്പർലീഗിനും കേരള ബ്ലാസ്റ്റേഴ്‌സീനും ശ്രദ്ധ ലഭിക്കാൻ സഹായിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. ഇതോടെ യൂറോപ്യൻ ക്ലബുകളുടെ സ്‌കോട്ടിങ് അടക്കമുള്ള കാര്യങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നതിനും കാരണമാകും.