സീസണിൽ 3000 കോടിയിലധികം പ്രതിഫലം, മെസിക്കായി രണ്ടു ക്ലബുകൾ രംഗത്ത്

ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത്. യൂറോപ്പിൽ ഇനിയും തിളങ്ങി നിൽക്കാമായിരുന്നിട്ടും ലോകത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന പ്രതിഫലം വാങ്ങുന്ന താരമായി റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് ചേക്കേറുകയായിരുന്നു. ഇപ്പോൾ റൊണാൾഡോക്ക് പിന്നാലെ ലയണൽ മെസിയും സൗദി ക്ലബ്ബിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്.

സൗദി ക്ലബായ അൽ ഹിലാലിനു മെസിയിൽ താൽപര്യമുണ്ടെന്നും താരത്തിന്റെ പിതാവ് ചർച്ചകൾക്കായി സൗദി അറേബ്യയിൽ എത്തിയെന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. പുതിയ വിവരങ്ങൾ പ്രകാരം സൗദിയിലെ ഒരു ക്ലബല്ല, മറിച്ച് രണ്ടു ക്ളബുകളാണ് ലയണൽ മെസിക്കായി ശ്രമം നടത്തുന്നത്. റൊണാൾഡോ വാങ്ങുന്നതിന്റെ ഇരട്ടിയോളം പ്രതിഫലം ഇവർ വാഗ്‌ദാനം ചെയ്യുന്നു.

റിപ്പോർട്ടുകൾ പ്രകാരം അൽ ഹിലാലിനു പുറമെ അൽ ഇത്തിഹാദും ലയണൽ മെസിയെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്. റൊണാൾഡോയെ അൽ നസ്ർ സ്വന്തമാക്കിയതോടെ ലോകത്തിന്റെ ശ്രദ്ധ അവർക്കു മേൽ പതിഞ്ഞിരുന്നു. റൊണാൾഡോയെ അവതരിപ്പിക്കുന്ന ചടങ്ങ് കോടിക്കണക്കിനു ആളുകളാണ് വീക്ഷിച്ചത്. താരത്തിന്റെ ആദ്യത്തെ മത്സരത്തിനായി ലോകത്തിലെ തന്നെ നിരവധി ആളുകൾ കാത്തിരിക്കുകയും ചെയ്യുന്നു.

അൽ നസ്ർ ആഗോളതലത്തിൽ ഉണ്ടാക്കിയെടുത്ത പ്രശസ്‌തി തങ്ങൾക്കും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രണ്ടു ക്ലബുകളും മെസിക്കായി ശ്രമിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു സീസണിലെ പ്രതിഫലം ഇരുനൂറു മില്യൺ യൂറോയാണെങ്കിൽ മെസിക്കായി ഈ ക്ലബുകൾ വാഗ്‌ദാനം ചെയ്യുന്നത് 350 മില്യൺ യൂറോയാണ്. ഇന്ത്യൻ രൂപ മൂവായിരം കോടിയിലധികം വരും മെസിയുടെ ഒരു വർഷത്തെ വേതനം.

ഈ ഓഫർ മെസി നിരസിക്കാനാണ് സാധ്യത. റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസി പിഎസ്‌ജിയിൽ തന്നെ പുതിയ കരാർ ഒപ്പിടാനൊരുങ്ങുകയാണ്. രണ്ടു വർഷത്തേക്ക് നീട്ടാൻ കഴിയുന്ന തരത്തിൽ ഒരു വർഷത്തെ കരാറാണ് മെസി ഒപ്പിടുകയെന്നു ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ ഇതിന്റെ ഒദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.