റയൽ മാഡ്രിഡ് ടീമിനൊപ്പം ചേർന്ന് റൊണാൾഡോ, റയൽ-ബാഴ്‌സ പോരാട്ടത്തിന് താരവുമുണ്ടാവും

സ്‌പാനിഷ്‌ സൂപ്പർകപ്പിൽ ബാഴ്‌സലോണയുമായുള്ള ഫൈനലിനായി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന റയൽ മാഡ്രിഡ് ടീമിന് സർപ്രൈസ് നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. റിയാദിൽ വെച്ചു നടക്കുന്ന ട്രെയിനിങ് സെഷനിലേക്ക് കഴിഞ്ഞ ദിവസം താരവുമെത്തിയിരുന്നു. റൊണാൾഡോ ചേക്കേറിയ ക്ലബായ അൽ നസ്‌റിന്റെ ട്രെയിനിങ് ഗ്രൗണ്ടിലാണ് റയൽ മാഡ്രിഡ് പരിശീലനം നടത്തിയിരുന്നത്.

ലോകകപ്പിനു ശേഷം റൊണാൾഡോ പരിശീലനം നടത്തിയിരുന്നത് റയൽ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടിലായിരുന്നു. താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഇത് സൃഷ്‌ടിച്ചെങ്കിലും അതുണ്ടായില്ല. ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി അൽ നസ്റിലേക്ക് റൊണാൾഡോ ചേക്കേറി. അതിനു പിന്നാലെയാണ് റയൽ മാഡ്രിഡ് താരങ്ങൾ അൽ നസ്‌റിലെത്തിയത്.

നിരവധി വർഷങ്ങൾ റയൽ മാഡ്രിഡിനായി കളിച്ച് വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കിയ റൊണാൾഡോ ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്. ട്രെയിനിങ് ഗ്രൗണ്ടിൽ എത്തിയ റൊണാൾഡോ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി, കോച്ചിങ് സ്റ്റാഫിലുള്ള റോബർട്ടോ കാർലോസ്, മറ്റു താരങ്ങൾ എന്നിവരുമായി സംസാരിക്കുകയും സൗഹൃദം പങ്കു വെക്കുകയും ചെയ്‌തു. ആൻസലോട്ടിക്ക് കീഴിൽ മുൻപ് റൊണാൾഡോ കളിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിനിടെ ഒരു എവർട്ടൺ ആരാധകന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചതിനെ തുടർന്ന് രണ്ടു മത്സരങ്ങളിൽ വിലക്ക് നേരിടുന്ന റൊണാൾഡോ ഇതുവരെയും അൽ നസ്‌റിനായി കളിക്കാനിറങ്ങിയിട്ടില്ല. 19നു പിഎസ്‌ജിയും സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിൽ നടക്കുന്ന മത്സരത്തിലാവും താരം ആദ്യമായി രാജ്യത്ത് ഇറങ്ങുക. അതിനു ശേഷം 22നു റൊണാൾഡോ സൗദി പ്രൊ ലീഗിലും അരങ്ങേറ്റം നടത്തും.

ഞായറാഴ്‌ച രാത്രിയാണ് റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിൽ സ്‌പാനിഷ്‌ സൂപ്പർകപ്പിൽ ഏറ്റുമുട്ടുന്നത്. ഈ സീസണിൽ ആദ്യത്തെ കിരീടം നേടാൻ റയൽ മാഡ്രിഡ് ഇറങ്ങുമ്പോൾ സാവിയുടെ കീഴിൽ ആദ്യത്തെ കിരീടം ബാഴ്‌സ ലക്ഷ്യമിടുന്നു. മത്സരം കാണാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ക്ഷണമുണ്ട്. അൽ നസ്റിൽ നിന്നും അനുമതി ലഭിച്ചാൽ താരവും സ്റ്റേഡിയത്തിലുണ്ടാകും.