ഗോൾമഴയിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുങ്ങി, വമ്പൻ വിജയവുമായി എടികെ മോഹൻ ബഗാൻ

കൊച്ചിയിൽ വെച്ചു നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി എടികെ മോഹൻ ബഗാൻ. മത്സരത്തിൽ ആദ്യം മുന്നിലെത്തിയെങ്കിലും രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് എടികെ മോഹൻ ബാഗാണ് നേടിയത്. മഴ മൂലം കൃത്യതയുള്ള കളി കാഴ്‌ച വെക്കാൻ കഴിയാതിരുന്നതും പ്രതിരോധത്തിൽ നിരവധിയായ പിഴവുകൾ വരുത്തിയതുമാണ് ബ്ലാസ്റ്റേഴ്‌സിന് കനത്ത തോൽവി സമ്മാനിച്ചത്. സീസണിൽ മുന്നോട്ടു പോകാൻ ബ്ലാസ്റ്റേഴ്‌സ് ഇനിയും മെച്ചപ്പെടണമെന്ന് ഇന്നത്തെ ടീമിന്റെ പ്രകടനം വ്യക്തമാക്കുന്നു.

മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ആദ്യ പകുതിയിൽ ആധിപത്യം സ്ഥാപിച്ചത്. തുടക്കത്തിൽ മികച്ച പ്രെസ്സിങ്ങും മുന്നേറ്റങ്ങളുടെ എടികെ മോഹൻ ബഗാൻ ഗോൾമുഖത്തേക്ക് ആർത്തിരമ്പിയ ബ്ലാസ്റ്റേഴ്‌സിന് മിനുറ്റുകൾക്കകം തന്നെ രണ്ടു ഗോളുകൾ നേടാനുള്ള അവസരമുണ്ടായിരുന്നെങ്കിലും സഹലിനും ജെസ്സെലിനും അത് കൃത്യമായി മുതലാക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇതിനു പ്രായശ്ചിത്തം ചെയ്‌ത്‌ സഹൽ തന്നെ നൽകിയ പാസ് കണക്റ്റ് ചെയ്‌ത്‌ ആറാം മിനുട്ടിൽ തന്നെ കലിയുഷ്‌നി ടീമിനെ മുന്നിലെത്തിച്ചു.

മത്സരം പത്തു മിനുട്ടോളം മുന്നോട്ടു പോയപ്പോൾ മഴ പെയ്‌തത്‌ ബ്ലാസ്റ്റേഴ്‌സിന്റെ ഒഴുക്കുള്ള കളിയെ ബാധിക്കുകയുണ്ടായി. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾ കൃത്യമായി നടക്കാതെ വന്നപ്പോൾ അതിനെ തടഞ്ഞതിൽ നിന്നുള്ള പ്രത്യാക്രമണങ്ങളിൽ നിന്നും മോഹൻ ബഗാൻ ഭീഷണിയുയർത്താൻ തുടങ്ങി. അങ്ങിനെ തന്നെയാണ് മോഹൻ ബഗാൻ ആദ്യത്തെ ഗോൾ കണ്ടെത്തുന്നത്. ഇരുപത്തിയാറാം മിനുട്ടിൽ ദിമിത്രി പെട്രാറ്റോസാണ് എടികെ മോഹൻ ബഗാനു വേണ്ടി സമനില ഗോൾ കണ്ടെത്തുന്നത്.

സ്വന്തം മൈതാനത്ത് വീണ്ടും ലീഡുയർത്താൻ വേണ്ടി ബ്ലാസ്റ്റേഴ്‌സ് പരിശ്രമിച്ചതിനാൽ ഏതാനും അവസരങ്ങൾ അവർക്കു തുറന്നു കിട്ടിയെങ്കിലും അതൊന്നും മുതലാക്കാൻ അവർക്ക് കഴിഞ്ഞില്ല. ആക്രമണത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തതിനാൽ പ്രതിരോധം ശ്രദ്ധിക്കാൻ ബ്ലാസ്റ്റേഴ്‌സ് മറന്നതാണ് എടികെ മോഹൻ ബഗാൻ ലീഡ് നേടാൻ കാരണമായത്. ബോക്‌സിനുള്ളിൽ ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസീവ് ലൈൻ നൽകിയ സ്‌പേസ് മുതലെടുത്ത് മുപ്പത്തിയെട്ടാം മിനുട്ടിലാണ് ജോണി കൗക്കോ ബഗാനെ മുന്നിലെത്തിച്ചത്.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിന് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ പിഴവുകൾ മുതലെടുക്കുന്നതിൽ എടികെ മോഹൻ ബഗാൻ കൃത്യമായി വിജയിച്ചതാണ് അവർക്ക് മത്സരം സ്വന്തമാക്കാൻ ഗുണം ചെയ്‌തത്‌. ബ്ലാസ്റ്റേഴ്‌സ് നിരവധി അവസരങ്ങൾ തുലച്ചപ്പോൾ അറുപത്തിരണ്ടാം മിനുട്ടിലാണ് എടികെ മോഹൻ ബഗാൻ മൂന്നാമത്തെ ഗോൾ നേടുന്നത്. ഒരു പ്രത്യാക്രമണത്തിൽ ബ്ലാസ്റ്റേഴ്‌സ് ഡിഫൻസീവ് ലൈൻ തുറന്നു നൽകിയ സ്‌പേസുകൾ മുതലെടുത്ത് ആദ്യഗോൾ നേടിയ പെട്രാറ്റോസ് തന്നെയാണ് മൂന്നാം ഗോളും നേടിയത്.

നിർഭാഗ്യവും മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയിരുന്നു. മത്സരത്തിൽ രണ്ടു തവണയാണ് എടികെ പോസ്റ്റ് ബാറിലടിച്ച് ഗോൾ നഷ്‌ടമായത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളല്ല ഈ ഷോട്ടുകൾ അടിച്ചതെന്നതാണ് വിചിത്രമായ കാര്യം. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ക്രോസ് എടികെ മോഹൻ ബഗാൻ താരങ്ങൾ ക്ലിയർ ചെയ്യുന്നതിനിടെയാണ് രണ്ടു തവണയും ബോൾ ബാറിലടിച്ച് പുറത്തു പോയത്. രണ്ടാം പകുതിയിൽ അതിൽ നിന്നുള്ള റീബൗണ്ട് മുതലാക്കാനും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് കഴിഞ്ഞില്ല.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ ഗോൾ വരുന്നത് എടികെ മോഹൻ ബഗാൻ ഗോൾകീപ്പറുടെ പിഴവിലൂടെയാണ്. വിങ്ങിലൂടെ രാഹുൽ കെപി നടത്തിയ നീക്കത്തിനൊടുവിൽ താരം നൽകിയ ക്രോസ് തട്ടിത്തെറിച്ച് ഗോൾകീപ്പറുടെ നേർക്കാണ് പോയത്. എന്നാൽ തന്റെ മുന്നിൽ കുത്തിയ പന്ത് കൈപ്പിടിയിൽ ഒതുക്കാൻ ഗോൾകീപ്പർക്ക് കഴിയാതിരുന്നതിനാൽ അതുരുണ്ടു വലക്കകത്തേക്ക് കേറുകയായിരുന്നു. അതിനു ശേഷം സമനിലക്കായി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആർത്തിരമ്പിയപ്പോൾ അതിൽ നിന്നുള്ള പ്രത്യാക്രമണത്തിലൂടെ റെനി റോഡ്രിഗസ് മോഹൻ ബഗാന്റെ നാലാം ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ചെറുത്തുനിൽപ്പ് അവസാനിച്ചു. അതിനു പിന്നാലെ സമാനമായ നീക്കത്തിൽ പെട്രാറ്റോസ് തന്റെ ഹാട്രിക്ക് തികച്ച് ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിയുടെ ആഴം വർധിപ്പിക്കുകയും ചെയ്‌തു.