ദേശീയടീമിനൊപ്പമുള്ള പ്രകടനം ക്ലബിലില്ല, അർജന്റീന താരം പുറത്തേക്ക്

കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ നേടിയപ്പോൾ അതിൽ പ്രധാന പങ്കു വഹിച്ച താരമാണ് റോഡ്രിഗോ ഡി പോൾ. കോപ്പ അമേരിക്ക ഫൈനലിൽ ഏഞ്ചൽ ഡി മരിയ നേടിയ ഒരേയൊരു ഗോളിന് അസിസ്റ്റ് നൽകിയ താരം ടീമിന്റെ മധ്യനിരയിലെ എഞ്ചിനായാണ് അറിയപ്പെടുന്നത്. ലയണൽ മെസിയെ വളരെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കുന്ന താരം പരിശീലകൻ ലയണൽ സ്‌കലോണിയുടെ പദ്ധതികളിൽ പ്രധാനിയാണ്.

അർജന്റീനക്കൊപ്പം മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ക്ലബ് തലത്തിൽ അത് ആവർത്തിക്കാൻ റോഡ്രിഗോ ഡി പോളിന് കഴിയുന്നില്ല. യുഡിനസിന്റെ നായകനായി മികച്ച പ്രകടനം നടത്തുന്ന സമയത്താണ് അത്ലറ്റികോ മാഡ്രിഡ് ഡി പോളിനെ സ്വന്തം തട്ടകത്തിലെത്തിക്കുന്നത്. എന്നാൽ അതുവരെ നടത്തിയ മികച്ച പ്രകടനം പുതിയ തട്ടകത്തിൽ തുടരാൻ താരത്തിനായില്ല. ഇത് അത്ലറ്റികോ മാഡ്രിഡിന് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.

അതേസമയം അർജന്റീന ടീമിനൊപ്പം മികച്ച പ്രകടനമാണ് ഡി പോൾ നടത്തുന്നത്. ലോകകപ്പിൽ സൗദി അറേബ്യക്കെതിരായ ആദ്യത്തെ മത്സരത്തിൽ നിറം മങ്ങിയ താരം പിന്നീടുള്ള എല്ലാ മത്സരങ്ങളിലും ടീമിന്റെ പ്രധാന താരമായി നിറഞ്ഞു നിന്നു. ലോകകപ്പിന് ശേഷവും ഈ പ്രകടനം താരം പുറത്തെടുക്കുമെന്നാണ് അത്ലറ്റികോ മാഡ്രിഡിന്റെ പ്രതീക്ഷ. എന്നാൽ ലോകകപ്പ് കഴിഞ്ഞതിനു ശേഷം ആകെ ഒരു മത്സരത്തിൽ മാത്രമാണ് റോഡ്രിഗോ ഡി പോൾ അത്ലറ്റികോ മാഡ്രിഡിന്റെ ആദ്യ ഇലവനിൽ ഇറങ്ങിയിരിക്കുന്നത്.

അടുത്ത സീസണിലേക്കുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്ന അത്ലറ്റികോ മാഡ്രിഡ് പുതിയ ട്രാൻസ്‌ഫർ ലക്ഷ്യങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് ക്ലബായ റെന്നസിന്റെ മധ്യനിര താരമായ ലോവ്‌റോ മായറെയാണ് അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ലോകകപ്പിൽ ക്രൊയേഷ്യക്കു വേണ്ടി ഒരു മത്സരത്തിൽ ഒഴികെ എല്ലാറ്റിലും താരം കളത്തിലിറങ്ങിയിരുന്നു. ലൂക്ക മോഡ്രിച്ചിന്റെ പിൻഗാമിയായാണ് മായർ അറിയപ്പെടുന്നത്.

ഈ സീസണിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ റോഡ്രിഗോ ഡി പോളിന്റെ ക്ലബിലെ സ്ഥാനം ഇല്ലാതാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ സ്പെയിനിൽ തുടരാൻ താരത്തിനും താൽപര്യം കുറവാണെന്നാണ് കരുതേണ്ടത്. അത്ലറ്റികോ മാഡ്രിഡ് വിൽക്കുകയാണെങ്കിൽ ഇറ്റലിയിൽ നിന്നുള്ള ക്ലബുകൾ ഡി പോളിനായി രംഗത്തുണ്ട്. അങ്ങിനെയാണെങ്കിൽ തന്റെ പഴയ തട്ടകത്തിലേക്ക് ഡി പോൾ തിരിച്ചു പോകും.