അർജന്റീന താരത്തെ റയലിനു വേണം, ക്ലബ് റെക്കോർഡ് കരാർ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ മനസു കവർന്നു കൊണ്ടിരിക്കുന്ന താരമാണ് അലസാൻഡ്രോ ഗർനാച്ചോ. പതിനെട്ടു വയസ് മാത്രം പ്രായമുള്ള താരം യൂത്ത് ടീമിൽ നിന്നും സീനിയർ ടീമിലെത്തി അവസരം ലഭിക്കുന്ന സമയത്തെല്ലാം മികച്ച പ്രകടനം നടത്തുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോളിന് മാർക്കസ് റാഷ്‌ഫോഡിന് അസിസ്റ്റ് നൽകിയത് ഗർനാച്ചോ ആയിരുന്നു.

ഈ സീസണിൽ എറിക് ടെൻ ഹാഗിന് കീഴിൽ കൂടുതൽ മികവ് കാണിക്കുന്ന താരത്തെ സ്വന്തമാക്കാൻ പല ക്ലബുകൾക്കും താൽപര്യമുണ്ട്. വെറും ഒന്നര വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തെ അവസരം മുതലെടുത്ത് സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിൽ മുന്നിലുള്ളത് റയൽ മാഡ്രിഡാണ്. സ്‌പാനിഷ്‌ പൗരത്വമുള്ള ഗർനാച്ചോക്കായുള്ള റയൽ മാഡ്രിഡിന്റെ ശ്രമങ്ങൾ ഭീഷണിയായതിനാൽ അതിനെ ചെറുക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം അർജന്റീനിയൻ താരത്തിനു എട്ടു വർഷത്തെ കരാർ നൽകാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നത്. ഇതിനു പുറമെ താരത്തിന്റെ പ്രതിഫലം വളരെയധികം വർധിപ്പിക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് പദ്ധതിയിടുന്നു. സാധാരണ ഇത്രയധികം വർഷത്തെ കരാർ നൽകുന്ന പതിവ് മാഞ്ചസ്റ്റർ യുണൈറ്റഡിനില്ല. എന്നാൽ ക്ലബിന്റെ ഭാവി വാഗ്‌ദാനമായി മാറാൻ കഴിവുള്ള താരമാണ് ഗർനാച്ചോയെന്ന് ഉറപ്പുള്ളതു കൊണ്ടാണ് മറ്റു ക്ലബുകളുടെ നീക്കം തടയാൻ ഇത്ര വലിയ കരാർ നൽകാൻ അവർ ഒരുങ്ങുന്നത്.

ഇതുവരെ പതിനെട്ടു മത്സരങ്ങളിൽ മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനു വേണ്ടി ഗർനാച്ചോ കളിക്കാനിറങ്ങിയിട്ടുള്ളൂ. അതിൽ പലതിലും പകരക്കാരനായി വന്ന താരം രണ്ടു ഗോളുകൾ നേടുകയും നിരവധി ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. അതേസമയം സ്പെയിനിൽ നിന്നുള്ള ഓഫർ താരത്തിന് പ്രലോഭനം സൃഷ്‌ടിക്കാനുള്ള സാധ്യത കൂടുതലാണ്. റിപ്പോർട്ടുകൾ പ്രകാരം ഇത്രയും വലിയ കരാർ ഒപ്പിടാൻ ഗർനാച്ചോക്ക് സമ്മതമില്ലാത്തതിനാൽ ചർച്ചകൾ ഇപ്പോഴും എവിടെയും എത്താതെ നിൽക്കുകയാണ്.