പന്തടക്കവും വേഗതയും മിന്നൽ നീക്കങ്ങളും, എതിരാളികൾക്ക് തലവേദന സൃഷ്‌ടിക്കുമെന്നുറപ്പിച്ച് മുഡ്രിക്കിന്റെ അരങ്ങേറ്റം

ആഴ്‌സണൽ സ്വന്തമാക്കുമെന്നുറപ്പിച്ച ഘട്ടത്തിൽ വമ്പൻ തുക നൽകിയാണ് യുക്രൈൻ യുവതാരമായ മിഖയിലോ മുഡ്രിക്കിനെ ചെൽസി സ്വന്തമാക്കിയത്. ഏതാണ്ട് 100 മില്യൺ യൂറോയോളം ഇരുപത്തിരണ്ടുകാരനായ താരത്തിനു വേണ്ടി ചെൽസി മുടക്കിയിട്ടുണ്ട്. ഇത്രയും തുക മുടക്കി സ്വന്തമാക്കിയതിനാൽ തന്നെ താരത്തിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇന്നലെ ലിവർപൂളിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ പകരക്കാരനായിറങ്ങിയാണ് മുഡ്രിക്ക് പ്രീമിയർ ലീഗിൽ തന്റെ അരങ്ങേറ്റം നടത്തിയത്.

ഇംഗ്ലണ്ടിലെ തന്റെ അരങ്ങേറ്റം ഒരു വമ്പൻ ടീമിനെതിരെയായിട്ടും അതിന്റെ യാതൊരു പരിഭ്രമവും ഇല്ലാതെയാണ് മുഡ്രിക്ക് കഴിഞ്ഞ ദിവസം കളിച്ചത്. വേഗതയും ഡ്രിബ്ലിങ് മികവും മികച്ച പന്തടക്കവും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞ താരം ആദ്യത്തെ മത്സരമായിരിന്നിട്ടു കൂടി സഹതാരങ്ങൾക്കൊപ്പം ഒത്തിണക്കം കാണിക്കുകയുണ്ടായി. ഏറെക്കുറെ ഒറ്റയാൾ മുന്നേറ്റം നടത്തിയുണ്ടാക്കിയ ഒരു അവസരമടക്കം രണ്ടു മികച്ച അവസരങ്ങൾ താരത്തിനു ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ലെങ്കിലും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രകടനം തന്നെയാണ് മുഡ്രിക്ക് നടത്തിയത്.

മുഡ്രിക്കിന്റെ അരങ്ങേറ്റത്തിലെ പ്രകടനം കണ്ട ഫുട്ബോൾ പണ്ഡിറ്റുകളും താരത്തിന്റെ പ്രകടനത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചത്. മുഡ്രിക്കിന്റെ പ്രകടനത്തെ പത്ത് മിനുട്ട് കണ്ടപ്പോൾ തന്നെ താനൊരിക്കലും താരത്തിനെതിരെ കളിക്കാൻ ഇഷ്‌ടപ്പെടില്ലെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗാരി നെവിൽ പറഞ്ഞത്. മുൻ ആസ്റ്റൺ വില്ല താരമായ ഗാബി അഗബൊഹ്ലോർ പറഞ്ഞത് മുഡ്രിക്ക് പ്രീമിയർ ലീഗ് ടീമുകൾക്ക് വലിയ പ്രശ്‌നം സൃഷ്ടിക്കുമെന്നാണ്. വേഗതയുള്ള താരത്തെ തടുക്കാൻ പ്രയാസമാണെന്നാണ് അദ്ദേഹം പറയുന്നത്.

ആരാധകരെ ഞെട്ടിച്ച തുക നൽകിയാണ് ചെൽസി യുക്രൈൻ താരത്തെ ഷാക്തറിൽ നിന്നും സ്വന്തമാക്കിയത്. 2030 വരെയുള്ള ദീർഘകാല കരാറിൽ ചെൽസിയിലേക്ക് ചേക്കേറിയ താരം തനിക്ക് പ്രീമിയർ ലീഗിൽ തിളങ്ങാൻ കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞു. താരത്തിനൊപ്പം മികച്ചൊരു സ്‌ട്രൈക്കറെ കൂടി ചെൽസി നിരയിൽ വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. നിലവിൽ പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്തു നിൽക്കുന്ന ചെൽസിയെ തിരിച്ചു കൊണ്ടുവരാൻ താരത്തിന് കഴിയുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.