ഖത്തറിൽ നിന്നും ബാഴ്‌സലോണക്ക് വമ്പൻ തുകയുടെ ഓഫർ, ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ അവസരം | Barcelona

കഴിഞ്ഞ ഏതാനും വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് സ്‌പാനിഷ്‌ ക്ലബായ ബാഴ്‌സലോണ. അക്കാരണം കൊണ്ടു തന്നെ അവർക്ക് വേണ്ട താരങ്ങളെ സ്വന്തമാക്കാൻ കഴിയുന്നില്ല. ലയണൽ മെസിയെ ക്ലബിൽ നിന്നും ഒഴിവാക്കേണ്ടി വന്നതും താരത്തിന്റെ തിരിച്ചു വരവിനു തടസമായി നിന്നതുമെല്ലാം ഈ സാമ്പത്തിക പ്രതിസന്ധി തന്നെയാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ ഈ സമയത്ത് ബാഴ്‌സലോണയ്ക്ക് ആശ്വാസമാകുന്ന ഒരു ഓഫർ ഖത്തറിൽ നിന്നും ലഭിച്ചിട്ടുണ്ട്. ടോട്ട് കോസ്റ്റയുടെ റിപ്പോർട്ടുകൾ പ്രകാരം ഖത്തറിൽ നിന്നുള്ള ഒരു ബിസിനസ് ഗ്രൂപ്പ് നൂറു മില്യൺ യൂറോ പ്രതിവർഷം ബാഴ്‌സലോണക്ക് നൽകാൻ ഒരുക്കമാണ്. തങ്ങളുടെ ഫ്രാഞ്ചൈസികളുടെ ഭാഗമായി ബാഴ്‌സലോണ ക്ലബിന്റെ പേര് അവർ ഇതിനു പകരം ഉപയോഗിക്കും.

ബാഴ്‌സലോണ പ്രസിഡന്റായ യോൻ ലപോർട്ട കഴിഞ്ഞ ദിവസം ഖത്തർ സന്ദർശിച്ചിരുന്നു. അവരുമായി പങ്കാളിത്തം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് അദ്ദേഹത്തിന്റെ സന്ദർശനമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. പോയ കാര്യത്തിൽ അദ്ദേഹം വിജയം നേടിയെന്നാണ് പുതിയ റിപ്പോർട്ടുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

ബാഴ്‌സലോണയെ സംബന്ധിച്ച് അവരുടെ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്ന മികച്ചൊരു ഡീലാണ് ഖത്തറുമായി ഒപ്പിടാൻ പോകുന്നത്. ഇതുവഴി ക്ലബ്ബിലേക്ക് കൂടുതൽ പണം വരുകയും അത് ക്ലബിന് ഉപയോഗപ്പെടുത്താൻ കഴിയുകയും ചെയ്യും. സമ്മറിൽ പുതിയ സൈനിംഗുകൾ അടക്കമുള്ളവ നടത്താൻ ഇത് സഹായിക്കും.

Barcelona Offered Huge Money By Qatar Side