അർജന്റീന പ്രതിരോധനിരയിലെ കരുത്തനായ താരത്തെ റാഞ്ചാൻ ഇറ്റാലിയൻ ക്ലബ് രംഗത്ത് | Argentina

അർജന്റീന പ്രതിരോധനിരയിലെ ഏറ്റവും മികച്ച താരമാരാണെന്ന് ചോദിച്ചാൽ ഏവരും നൽകുന്ന ഉത്തരം ക്രിസ്റ്റ്യൻ റോമെറോ എന്നു തന്നെയായിരിക്കും. താരം വന്നതിനു ശേഷമാണ് അർജന്റീന പ്രതിരോധം കരുത്തു വീണ്ടെടുത്തതെന്ന് നായകൻ ലയണൽ മെസി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഖത്തർ ലോകകപ്പിലുടനീളം ക്രിസ്റ്റ്യൻ റോമെറോ ടീമിനായി നടത്തിയ പ്രകടനം ആർക്കും മറക്കാൻ കഴിയില്ല.

നിലവിൽ ടോട്ടനം ഹോസ്‌പർ ക്ലബിനായി കളിക്കുന്ന ക്രിസ്റ്റ്യൻ റോമെറോയെ ഇറ്റാലിയൻ ക്ലബായ യുവന്റസ് നോട്ടമിട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ യുവന്റസിന്റെ താരമായിരുന്നു റോമെറോ. അവസരങ്ങളില്ലാത്തതിനാൽ ആദ്യം ലോണിലും പിന്നീട് സ്ഥിരം കരാറിലും അറ്റലാന്റയിലേക്ക് ചേക്കേറിയ താരം അവിടെ നിന്നുമാണ് ടോട്ടനത്തിൽ എത്തുന്നത്.

അറ്റലാന്റയിൽ നിന്നും അമ്പതു മില്യൺ യൂറോ നൽകിയാണ് റൊമേറോയെ ടോട്ടനം സ്വന്തമാക്കിയത്. 2026 വരെ കരാറുള്ളതിനാൽ താരത്തെ സ്വന്തമാക്കാൻ ടോട്ടനം ആവശ്യപ്പെടുന്ന ഫീസ് തന്നെ യുവന്റസ് നൽകേണ്ടി വരും. രണ്ടു ടീമുകളും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്നില്ലെന്നതിനാൽ അത് റൊമേറോയുടെ തീരുമാനത്തെ സ്വാധീനിക്കാനുള്ള സാധ്യതയുമില്ല.

അതിനിടയിൽ റൊമേറോയെ നൽകി ഒരു കൈമാറ്റക്കരാറിന് ടോട്ടനം ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. യുവന്റസിന്റെ ബ്രസീലിയൻ സെന്റർ ബാക്കായ ഗ്ലൈസൻ ബ്രെമറിനെയാണ് ടോട്ടനം ലക്ഷ്യമിടുന്നത്. പുതിയ പരിശീലകനായ പോസ്റ്റെകൊഗ്‌ലു ടീമിന്റെ പ്രതിരോധത്തെ അഴിച്ചു പണിയാൻ ശ്രമിക്കുന്നുണ്ട്.അതിനു പുറമെ മാഡിസണെ അവർ ടീമിലെത്തിക്കുകയും ചെയ്‌തിട്ടുണ്ട്‌.

Juventus Want Argentina Defender Cristian Romero