മെസിക്കു കൂട്ടായി പുതിയ പരിശീലകനെത്തി, അർജന്റൈൻ പരിശീലകനെ സ്വന്തമാക്കിയത് പ്രഖ്യാപിച്ച് ഇന്റർ മിയാമി | Inter Miami

ലയണൽ മെസിയെ സ്വന്തമാക്കിയതിന് പിന്നാലെ അർജന്റൈൻ പരിശീലകനെ ടീമിലെത്തിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻ ക്ലബായ ഇന്റർ മിയാമി. ബാഴ്‌സലോണ, അർജന്റീന ടീമുകളിൽ ലയണൽ മെസിയെ പരിശീലിപ്പിച്ചിട്ടുള്ള, ഖത്തർ ലോകകപ്പിൽ മെക്‌സിക്കോ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന ജെറാർഡോ മാർട്ടിനോയാണ് ഇന്റർ മിയാമിയിലേക്ക് എത്തുന്നത്.

ജെറാർഡോ മാർട്ടിനോ ഇന്റർ മിയാമി പരിശീലകസ്ഥാനത്തേക്ക് വരികയാണെന്നും പേപ്പർ വർക്കുകൾ മാത്രമേ പൂർത്തിയാകാൻ ബാക്കിയുള്ളൂവെന്നും അമേരിക്കൻ ക്ലബ് കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. ട്രാൻസ്‌ഫർ പൂർത്തിയാകുന്നതോടെ ലയണൽ മെസിയെ മൂന്നു വ്യത്യസ്‌ത ടീമുകളിൽ പരിശീലിപ്പിക്കുന്ന മാനേജറെന്ന മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ജെറാർഡോ മാർട്ടിനോ.

മെസിയുടെ ബാല്യകാല ക്ലബായിരുന്ന നെവേൽ ഓൾഡ് ബോയ്‌സിന്റെ കളിക്കാരനായിരുന്നു ജെറാർഡോ. അമേരിക്കൻ സോക്കർ ലീഗിൽ ഇതിനു മുൻപ് അറ്റലാന്റ യുണൈറ്റഡ് ക്ലബ്ബിനെ പരിശീലിപ്പിച്ച പരിചയം അദ്ദേഹത്തിനുണ്ട്. അവർക്കൊപ്പം എംഎൽഎസ് കപ്പ് നേടിയ അദ്ദേഹം സൗത്ത് അമേരിക്കൻ കോച്ച് ഓഫ് ദി ഇയർ, എംഎൽഎസ് കോച്ച് ഓഫ് ദി ഇയർ എന്നീ പുരസ്‌കാരങ്ങളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്.

നിലവിൽ അമേരിക്കൻ സോക്കർ ലീഗിൽ വളരെ മോശം ഫോമിലാണ് ഇന്റർ മിയാമിയുള്ളത്. ലീഗിൽ പരിചയസമ്പന്നനായ, അതിനൊപ്പം തന്നെ ലയണൽ മെസിയുമായി അടുത്ത ബന്ധമുള്ള ഒരു പരിശീലകൻ ക്ലബ്ബിലേക്ക് വരുന്നത് അവരുടെ ഇപ്പോഴത്തെ ഫോമിൽ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ലയണൽ മെസി ജൂലൈ ഇരുപത്തിയൊന്നിന് ടീമിനായി ആദ്യത്തെ മത്സരത്തിൽ ഇറങ്ങുമെന്നാണ് കരുതുന്നത്.

Inter Miami Confirm Gerardo Martino As New Manager