കേരളത്തിൽ കളിക്കണമെന്ന് അർജന്റീന, തുടർനടപടികൾക്കായി മുന്നോട്ടു പോകുമെന്ന് കായികമന്ത്രി | Argentina

കേരളത്തിലെയും ഇന്ത്യയിലെയും ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി അർജന്റീന ദേശീയ ടീം കേരളത്തിൽ കളിക്കാനെത്താനുള്ള സാധ്യത തെളിയുന്നു. കേരളത്തിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് അർജന്റീന അറിയിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ലെറ്റർ ലഭിച്ചാൽ തുടർനടപടികളുമായി മുന്നോട്ടു പോകുമെന്നും കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ അറിയിക്കുകയുണ്ടായി.

“ഖത്തർ ലോകകപ്പിൽ അർജന്റീന വിജയം നേടിയതിനു അവരുടെ എംബസിയിൽ നേരിട്ട് പോയി മുഖ്യമന്ത്രി അഭിനന്ദനം അറിയിക്കുകയും കേരളത്തിലേക്ക് മത്സരത്തിനു വരാൻ അർജന്റീന ടീമിനെ ക്ഷണിക്കുകയും ചെയ്‌തിരുന്നു. അർജന്റീനയെ കേരളത്തിലേക്ക് കൊണ്ടു വരാൻ എഐഎഫ്എഫ് സഹായിക്കാമെന്നു പറഞ്ഞിരുന്നു. അതിനു കേരളത്തിന് യാതൊരു മടിയുമില്ല.”

“അർജന്റീന ടീമിന്റെ മാനേജർമാർ കേരളത്തിലേക്ക് ടീമിനെ കൊണ്ടുവരാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും അതിനോട് അനുകൂലമായ നിലപാടാണുള്ളത്. അർജന്റീന ഇതുമായി ബന്ധപ്പെട്ട് താത്പര്യപത്രം നൽകിയാൽ കൂടുതൽ ചർച്ചകൾ നടത്തും. മത്സരം നടത്താൻ കഴിയുന്ന സ്റ്റേഡിയങ്ങൾ കേരളത്തിലുണ്ട്.” കായികമന്ത്രി പറഞ്ഞു.

ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ടീം കേരളത്തിലെ ആരാധകർക്ക് നന്ദി പറഞ്ഞത് വാർത്തകളിൽ ഇടം പിടിച്ച കാര്യമായിരുന്നു. അതിനു ശേഷം ഇന്ത്യയിൽ കളിക്കാനുള്ള താൽപര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചെങ്കിലും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അതിൽ നിന്നും പിന്മാറി. അതിനു പിന്നാലെ അർജന്റീനയെ സ്വീകരിക്കാൻ തയ്യാറാണെന്ന് കേരളം അറിയിക്കുകയായിരുന്നു.

Argentina Team Expressed Interest To Play In Kerala