ഫിഫ റാങ്കിങ്: ലോകചാമ്പ്യന്മാർ തന്നെ ഒന്നാം സ്ഥാനത്ത്, കുതിപ്പുമായി ഇന്ത്യൻ ഫുട്ബോൾ ടീം | FIFA Ranking

പുതുക്കിയ ഫിഫ റാങ്കിങ് പുറത്തു വന്നപ്പോൾ തങ്ങളുടെ സ്ഥാനത്തിന് യാതൊരു വിധ ഇളക്കവും തട്ടാതെ അർജന്റീന ഫുട്ബോൾ ടീം ഒന്നാം സ്ഥാനത്തു തുടരുന്നു. ഖത്തർ ലോകകപ്പിനു ശേഷമുള്ള റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു വന്ന ടീം അതിനു ശേഷമുള്ള മത്സരങ്ങളെല്ലാം എതിരാളികൾക്കെതിരെ മികച്ച വിജയം നേടിയതോടെയാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു തന്നെ തുടർന്നത്.

ലോകകപ്പിൽ ഫൈനലിൽ കീഴടങ്ങിയ ഫ്രാൻസ് അർജന്റീനക്കു പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ ലോകകപ്പിന് ശേഷം നടന്ന മൂന്നിൽ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയെങ്കിലും ബ്രസീൽ തന്നെയാണ് മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് കയറിയ റാങ്കിങ്ങിൽ ബെൽജിയമാണ് അഞ്ചാം സ്ഥാനത്തു നിൽക്കുന്നത്.

ക്രൊയേഷ്യ, നെതർലാൻഡ്‌സ്, ഇറ്റലി, പോർച്ചുഗൽ എന്നീ ടീമുകൾ ആറു മുതൽ ഒൻപതു വരെ സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ യുവേഫ നേഷൻസ് ലീഗ് കിരീടം നേടിയ സ്പെയിൻ ദേശീയ ടീമിന് റാങ്കിങ്ങിൽ കുത്തിപ്പൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. നേരത്തെ ഉണ്ടായിരുന്ന പത്താം സ്ഥാനത്തു തന്നെയാണ് ടീം തുടരുന്നത്. ആദ്യ പത്തിൽ ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകൾ ഒരു സ്ഥാനം മെച്ചപ്പെടുത്തിയപ്പോൾ ജർമനി പതിനഞ്ചാമതാണ്.

അതേസമയം മികച്ച പ്രകടനം നടത്തുന്ന ഇന്ത്യൻ ടീം റാങ്കിങ്ങിൽ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. നേരത്തെ നൂറ്റിയൊന്നാം സ്ഥാനത്തു നിന്നിരുന്ന ടീം ഇപ്പോൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി നൂറാം സ്ഥാനത്തേക്ക് കയറി. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കിരീടം നേടിയതാണ് റാങ്കിങ്ങിൽ ഇന്ത്യൻ ടീമിനെ സഹായിച്ചത്. ഇപ്പോൾ സാഫ് ചാമ്പ്യൻഷിപ്പിലും ടീമിന് കിരീടപ്രതീക്ഷയുണ്ട്.

New FIFA Ranking Argentina On Top India Move Up 100