ഡെഡ്ലൈൻ ഡേയിൽ രണ്ടു വമ്പൻ സൈനിംഗുകൾ പൂർത്തിയാക്കി ബാഴ്സലോണ, ഇത്തവണയും ലീഗ് ഭരിക്കും | Barcelona
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയായിരുന്ന ബാഴ്സലോണ ഈ സമ്മറിൽ അത്ര മികച്ച സൈനിംഗുകൾ നടത്തിയിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഇൽകെയ് ഗുൻഡോഗാനും അത്ലറ്റിക് ബിൽബാവോയിൽ നിന്നും ഇനിഗോ മാർട്ടിനസുമാണ് ടീമിലെത്തിയ പ്രധാന താരങ്ങളായി ഉണ്ടായിരുന്നത്. അതേസമയം കരാർ അവസാനിച്ച ബുസ്ക്വറ്റ്സ്, ആൽബ എന്നിവർക്ക് പുറമെ ഡെംബലെ, ഫാറ്റി തുടങ്ങിയ താരങ്ങൾ ക്ലബ് വിട്ടിരുന്നു.
എന്നാൽ സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന്റെ തൊട്ടു മുൻപ് രണ്ടു വമ്പൻ സൈനിംഗുകൾ പൂർത്തിയാക്കി ഞെട്ടിച്ചിരിക്കുകയാണ് ബാഴ്സലോണ. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും പോർച്ചുഗൽ റൈറ്റ് ബാക്കായ ജോവ കാൻസലോ, അത്ലറ്റികോ മാഡ്രിഡിൽ നിന്നും പോർച്ചുഗൽ മുന്നേറ്റനിര താരമായ ജോവാ ഫെലിക്സ് എന്നിവരെയാണ് ബാഴ്സലോണ സ്വന്തമാക്കിയത്. രണ്ടു താരങ്ങളും ഒരു വർഷത്തെ ലോൺ കരാറിലാണ് ബാഴ്സലോണയിലേക്ക് വന്നിരിക്കുന്നത്.
🚨 Joao Cancelo + Joao Felix moves to Barcelona done. Cancelo joins from Man City while Felix moves from Atletico Madrid. Both straight season-long loan deal, no options to buy. W/ @polballus @GuillermoRai_ @TheAthleticFC #FCBarcelona #MCFC #AtleticoMadrid https://t.co/7fNlOfLM4m
— David Ornstein (@David_Ornstein) September 1, 2023
ജോവോ കാൻസലോയുടെ വരവ് ബാഴ്സലോണയെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. ഗ്വാർഡിയോളയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ സീസണിൽ ബയേണിലേക്ക് ലോണിൽ പോയ താരം ക്ലബിനൊരു പ്രോപ്പർ റൈറ്റ് ബാക്കില്ലെന്ന പ്രതിസന്ധിയെ പരിഹരിക്കും. കഴിഞ്ഞ സീസണിൽ സെന്റർ ബാക്കുകളായ കൂണ്ടെ, അരഹോ തുടങ്ങിയവരാണ് ബാഴ്സലോണയുടെ റൈറ്റ് ബാക്കായി കളിച്ചിരുന്നത്. നിലവിൽ ലോകത്തിലെ മികച്ച വിങ് ബാക്കുകളിൽ ഒരാൾ കൂടിയാണ് കാൻസലോ.
അതേസമയം റെക്കോർഡ് ട്രാൻസ്ഫറിൽ അത്ലറ്റികോയിലെത്തിയ ഫെലിക്സ് സിമിയോണിയുടെ പദ്ധതികൾക്ക് അനുയോജ്യനല്ലെന്നതിനെ തുടർന്ന് കഴിഞ്ഞ സീസണിൽ ചെൽസിയിലേക്ക് ലോണിൽ പോയിരുന്നു. അവിടെ തിളങ്ങാൻ കഴിയാതിരുന്ന താരത്തിന് ബാഴ്സലോണ കരിയറിൽ ഒരു വീണ്ടെടുപ്പിനുള്ള അവസരമാണ്. എന്നാൽ ഡെംബലെ, അബ്ദെ തുടങ്ങിയവർ ക്ലബ് വിട്ടതിനാൽ വിങ്ങിലേക്ക് മികച്ച താരങ്ങളെ ആവശ്യമുള്ളത് പരിഹരിക്കാൻ താരത്തിന്റെ സൈനിങ് കൊണ്ടു കഴിയില്ലെന്നതൊരു പോരായ്മയാണ്.
Barcelona Signed Cancelo And Felix