
ബാഴ്സലോണയുടെ വമ്പൻ നീക്കം, അപൂർവവങ്ങളിൽ അപൂർവമായ ട്രാൻസ്ഫറിനു കളമൊരുങ്ങുന്നു
ഫുട്ബോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ വൈരികളായി അറിയപ്പെടുന്ന ടീമുകളാണ് റയൽ മാഡ്രിഡും ബാഴ്സലോണയും. അതുകൊണ്ടു തന്നെ ഈ ക്ലബുകൾ തമ്മിൽ നേരിട്ട് താരങ്ങളെ കൈമാറുന്ന പതിവില്ല. ഏറ്റവുമവസാനം ഒരു ക്ലബിൽ നിന്നും നേരിട്ട് മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറിയ താരം ലൂയിസ് ഫിഗോയാണ്. ബാഴ്സലോണയിൽ നിന്നും റയൽ മാഡ്രിഡിലേക്കുള്ള താരത്തിന്റെ ട്രാൻസ്ഫറിനു ശേഷം ക്യാമ്പ് നൂവിൽ കളിക്കാനെത്തിയ താരത്തെ പന്നിത്തല എറിഞ്ഞാണ് ആരാധകർ സ്വീകരിച്ചത്.
വളരെ വർഷങ്ങൾക്ക് ശേഷം മറ്റൊരു താരം ഈ ക്ലബുകൾക്കിടയിൽ നേരിട്ടുള്ള ട്രാൻസ്ഫറിനു തയ്യാറെടുക്കുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2014 മുതൽ റയൽ മാഡ്രിഡിന്റെ താരമായ മാർകോ അസെൻസിയോ ഈ സീസണിനു ശേഷം ബാഴ്സയിലേക്ക് ചേക്കേറാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി മാറുന്ന ഇരുപത്തിയേഴു വയസുള്ള താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബാഴ്സലോണ സജീവമായി ആരംഭിച്ചിട്ടുണ്ട്.

അസെൻസിയോ തന്റെ ഏജന്റിനെ മാറ്റിയത് ഇക്കാര്യത്തിൽ നിർണായകമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റായിരുന്ന ജോർജ് മെന്ഡസാണ് നിലവിൽ അസെൻസിയോയുടെ ഏജന്റ്. ബാഴ്സലോണ പ്രസിഡന്റ് ലപോർട്ടയുമായി മികച്ച ബന്ധമാണ് മെൻഡസിനുള്ളത്. അതുപയോഗിച്ച് താരത്തെ സ്വന്തമാക്കാമെന്ന പദ്ധതിയാണ് ബാഴ്സലോണക്കുള്ളത്. എന്നാൽ തങ്ങളുടെ ടീമിൽ നിന്നുമൊരു താരം നേരിട്ട് ബാഴ്സലോണയിലേക്ക് പോകാൻ റയൽ മാഡ്രിഡ് സമ്മതിക്കാൻ സാധ്യതയില്ലാത്തതിനാൽ താരത്തിന് പുതിയ കരാർ നൽകാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
— La Senyera (@LaSenyera) January 23, 2023
| FC Barcelona have officially contacted Jorge Mendes for Marco Asensio; he can join the club for free this summer. [@Sport_EN] pic.twitter.com/uJJWX6jYtU
റയലിൽ കളിച്ച താരങ്ങൾ പിന്നീട് ബാഴ്സലോണയിലേക്ക് വന്നിട്ടുണ്ടെങ്കിലും നേരിട്ടുള്ള ട്രാൻസ്ഫർ വളരെ അപൂർവമാണ്. 1996ൽ റയൽ മാഡ്രിഡിൽ നിന്നും ബാഴ്സലോണയിലേക്ക് ചേക്കേറിയ ലൂയിസ് എൻറിക്വയാണ് ഇത്തരത്തിൽ ട്രാൻസ്ഫർ നടത്തിയ അവസാനത്തെയാൾ. പിന്നീട് 2004 വരെ എൻറിക്വ ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ചു. പരിശീലകനായും അദ്ദേഹം ബാഴ്സക്ക് ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അസെൻസിയോ ട്രാൻസ്ഫർ സംഭവിച്ചാൽ അതൊരു അപൂർവമായ കാര്യം തന്നെയായിരിക്കും.