മെസിയല്ല, ബാഴ്‌സ ലക്ഷ്യമിടുന്നത് മറ്റൊരു അർജന്റീന താരത്തെ; പക്ഷെ ട്രാൻസ്‌ഫർ നീക്കങ്ങൾ പ്രതിസന്ധിയിൽ

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ കുറച്ചു നാളുകളായി ഫുട്ബോൾ ലോകത്ത് സജീവമാണ്. പിഎസ്‌ജി ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ തോൽവി വഴങ്ങി പുറത്തു പോയതോടെ താരവുമായി കരാർ പുതുക്കാനുള്ള തീരുമാനത്തിൽ നിന്നും ഫ്രഞ്ച് ക്ലബ് പിൻവാങ്ങിയെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിഎസ്‌ജിയിൽ തുടരാൻ ലയണൽ മെസിക്കും താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഈ സമയത്താണ് ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നത്. എന്നാൽ ലയണൽ മെസിയെക്കാൾ ബാഴ്‌സലോണ സ്വന്തമാക്കാൻ പ്രാധാന്യം നൽകുന്നത് മറ്റൊരു അർജന്റീന താരത്തിനാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. സ്‌പാനിഷ്‌ ക്ലബായ വിയ്യാറയലിൽ കളിക്കുന്ന അർജന്റീനിയൻ റൈറ്റ്‌ബാക്കായ യുവാൻ ഫോയ്ത്തിനെ സ്വന്തമാക്കാനാണ് ബാഴ്‌സലോണ ശ്രമിക്കുന്നത്.

നിലവിൽ ഒരു പ്രോപ്പർ റൈറ്റ് ബാക്ക് ബാഴ്‌സലോണ ടീമിലില്ല. സെന്റർ ബാക്ക് താരങ്ങളായ കൂണ്ടെ, അറഹോ എന്നിവരും സെർജി റോബർട്ടോയുമാണ് ആ പൊസിഷനിൽ കളിച്ചു കൊണ്ടിരിക്കുന്നത്. ഈ സീസണിൽ ലീഗിൽ മികച്ച ഫോമിലാണെങ്കിലും യൂറോപ്യൻ ഫുട്ബോളിൽ തിരിച്ചടികൾ നേരിട്ട ബാഴ്‌സക്ക് അടുത്ത സീസൺ തങ്ങളുടേതാക്കി മാറ്റണമെങ്കിൽ താരങ്ങളെ എത്തിക്കേണ്ട പ്രധാന പൊസിഷനാണ് റൈറ്റ് ബാക്ക്.

അതേസമയം ഫോയ്ത്തിനെ സ്വന്തമാക്കുക ബാഴ്‌സലോണയെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താരത്തെ നൽകണമെങ്കിൽ അറുപതു മില്യൺ റിലീസ് ക്ളോസ് നൽകണമെന്ന വിയ്യാറയൽ ടീമിന്റെ ആവശ്യം സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബാഴ്‌സലോണയെ സംബന്ധിച്ച് അപ്രാപ്യമാണ്. അതുകൊണ്ടു തന്നെ കാൻസലോ അടക്കമുള്ള മറ്റു താരങ്ങളെയും ബാഴ്‌സലോണ നോട്ടമിടുന്നുണ്ട്.