ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇതൊരു മുന്നറിയിപ്പാണ്, വെല്ലുവിളിക്കാൻ വലിയൊരു ആരാധകപ്പട ഉയർന്നു വരുന്നു

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകപ്പടയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പറ്റാൻ ഈ ആരാധകർക്ക് കഴിഞ്ഞിരുന്നു. ടീമിന്റെ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ തടിച്ചു കൂടുകയും മുഴുവൻ സമയവും പിന്തുണ നൽകുകയും ചെയ്യുന്ന ആരാധകർ എതിർടീമിലെ താരങ്ങൾക്ക് പോലും ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രിയപ്പെട്ടതാക്കി മാറ്റുന്നുണ്ടെന്നതിൽ സംശയമില്ല.

എന്നാൽ ഈ സീസണിലെ ഐഎസ്എൽ ലീഗ് മത്സരങ്ങൾ സമാപിച്ചപ്പോൾ ഏറ്റവുമധികം കാണികൾ കാണാനെത്തിയത് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരമല്ലെന്നത് മറ്റൊരു വലിയ ഫാൻബേസ് അപ്പുറത്ത് ഉയർന്നു വരുന്നുണ്ടെന്ന സൂചന വ്യക്തമായി നൽകുന്നതാണ്. കൊച്ചിയിലെ ഓരോ മത്സരങ്ങൾക്കും സ്റ്റേഡിയം നിറയെ ആളുകൾ ഉണ്ടാവാറുണ്ടെങ്കിലും ഏറ്റവുമധികം കാണികൾ എത്തിയ രണ്ടു മത്സരങ്ങളും കൊൽക്കത്ത ടീമുകളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ളതായിരുന്നു.

എടികെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിൽ നടന്ന ആദ്യത്തെ കൊൽക്കത്ത ഡെർബിക്ക് എത്തിയ ആരാധകർ 62000ത്തിൽ അധികമായിരുന്നു. അതിനു ശേഷം നടന്ന രണ്ടാമത്തെ കൊൽക്കത്ത ഡെർബിക്ക് അറുപതിനായിരത്തോളം ആരാധകർ എത്തി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫിഷ്യൽ പേജിൽ വന്ന കണക്കുകൾ പ്രകാരം കാണികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് കൊച്ചിക്കുള്ളത്. ബ്ലാസ്റ്റേഴ്‌സും എടികെയും തമ്മിൽ നടന്ന മത്സരം കാണാൻ 35000ത്തോളം ആരാധകരാണ് എത്തിയിരുന്നത്.

അതേസമയം ലീഗ് മത്സരങ്ങൾ കൂടാതെ പ്ലേ ഓഫ്, സെമി മത്സരങ്ങൾ കൂടി എടുത്താൽ ഏറ്റവുമധികം കാണികൾ വന്ന മൂന്നാമത്തെ മത്സരവും എടികെ മോഹൻ ബഗാന്റെതാണ്. എടികെയും ഹൈദരാബാദ് എഫ്‌സിയും തമ്മിലുള്ള മത്സരം കാണാൻ അൻപതിനായിരത്തിലധികം കാണികളാണ് എത്തിയിരുന്നത്. അതുപോലെ ശരാശരി ഹോം അറ്റന്റൻസിന്റെ കണക്കിലും 28000ത്തിൽ അധികമുള്ള എടികെ തന്നെയാണ് മുന്നിൽ. ഇത് ബ്ലാസ്‌റ്റേഴ്‌സിനെ വെല്ലുന്ന വലിയൊരു ഫാൻ ബേസ് ഉണ്ടാകുന്നുണ്ടെന്ന സൂചന നൽകുന്നു.