ബാഴ്സലോണയുടെ ഹീറോയായി ടെർ സ്റ്റീഗൻ, സ്പാനിഷ് സൂപ്പർകപ്പ് ഫൈനലിൽ എൽ ക്ലാസിക്കോ
സ്പാനിഷ് സൂപ്പർ കപ്പിൽ ഇന്നലെ രാത്രി നടന്ന മത്സരത്തിൽ റയൽ ബെറ്റിസിന്റെ വെല്ലുവിളിയെ മറികടന്ന് ബാഴ്സലോണ ഫൈനലിൽ. രണ്ടു ടീമുകളും രണ്ടു വീതം ഗോൾ നേടിയ മത്സരത്തിൽ ഷൂട്ടൗട്ടിലാണ് വിജയിയെ തീരുമാനിച്ചത്. ഷൂട്ടൗട്ടിൽ രണ്ടു കിക്കുകൾ തടുത്തിടുകയും മത്സരത്തിലുടനീളം മികച്ച സേവുകളുമായി നിറഞ്ഞു നിൽക്കുകയും ചെയ്ത ജർമൻ ഗോൾകീപ്പർ മാർക് ആന്ദ്രേ ടെർ സ്റ്റീഗനാണ് ബാഴ്സയുടെ വിജയത്തിൽ നിർണായകപങ്കു വഹിച്ചത്. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലിൽ ബാഴ്സലോണ റയൽ മാഡ്രിഡിനെ നേരിടും.
ബാഴ്സലോണക്ക് മത്സരത്തിൽ നേരിയ മുൻതൂക്കം അവകാശപ്പെടാൻ കഴിയുന്ന മത്സരത്തിൽ റയൽ ബെറ്റിസും ഒട്ടും പുറകിലല്ലായിരുന്നു. ഇരുപത്തിനാലാം മിനുട്ടിൽ പെഡ്രി നേടിയ ഗോൾ വീഡിയോ റഫറി ഓഫ്സൈഡ് കണ്ടെത്തി നിഷേധിച്ചു. ബാഴ്സലോണയുടെ മുന്നേറ്റങ്ങളിൽ നിറഞ്ഞു നിന്നത് ഒസ്മാനെ ഡെംബലെ ആയിരുന്നു. വലിയ തലവേദനയാണ് താരം റയൽ ബെറ്റിസ് പ്രതിരോധത്തിന് നൽകിയത്. ഡെംബലെയുടെ ഒരു മികച്ച നീക്കം തന്നെയാണ് ബാഴ്സയെ മത്സരത്തിൽ മുന്നിലെത്തിച്ചത്. ബാഴ്സയുടെ ഒരു പ്രത്യാക്രമണത്തിൽ പന്തുമായി ഒറ്റക്ക് മുന്നേറിയ ഡെംബലെ നൽകിയ പാസിൽ നിന്നും ലെവൻഡോസ്കിയാണ് ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ ഡെംബലെയെ പിൻവലിച്ചതിനു ശേഷമാണ് റയൽ ബെറ്റിസ് മത്സരത്തിലേക്ക് തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചത്. നിരവധി മുന്നേറ്റങ്ങൾ നടത്തിയ അവർക്കു മുന്നിൽ ടെർ സ്റ്റീഗൻ രക്ഷകനായി. അഞ്ചു മികച്ച സേവുകളാണ് താരം മത്സരത്തിലുടനീളം നടത്തിയത്. അതിൽ പലതും ക്ലോസ് റേഞ്ച് ഷോട്ടുകളായിരുന്നു. എഴുപത്തിയേഴാം മിനുട്ടിൽ നബീൽ ഫേക്കിരിലൂടെ റയൽ ബെറ്റിസ് സമനില ഗോൾ നേടി. അതിനു ശേഷം ലെവൻഡോസ്കി ഒരു ഗോൾ നേടിയെങ്കിലും അത് ഓഫ്സൈഡായി. അവസാനനിമിഷങ്ങളിൽ ഫാറ്റിക്ക് ഒരു മികച്ച അവസരം ലഭിച്ചപ്പോൾ ബെറ്റിസ് ഗോൾകീപ്പർ ബ്രാവോയാണ് രക്ഷകനായത്.
🎥 FC Barcelona Goal
— Barça Spaces (@BarcaSpaces) January 12, 2023
⚽️ Ansu Fati
pic.twitter.com/QWE4BgTZ0X
എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബാഴ്സലോണ വീണ്ടും ലീഡ് നേടി. ഒരു ഫുൾ വോളിയിൽ നിന്നും അതിഗംഭീരഗോളാണ് ഫാറ്റി നേടിയത്. അതോടെ ബാഴ്സലോണ വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും ലോറൻ മോറോണിലൂടെ ബെറ്റിസ് വീണ്ടും ഒപ്പമെത്തി. പിന്നീട് രണ്ടു ടീമുകളും വിജയത്തിനായി പൊരുതിയെങ്കിലും സമനിലപ്പൂട്ടു മുറിക്കാൻ കഴിഞ്ഞില്ല. അതിനിടയിൽ മത്സരം അവസാനിക്കാൻ ഏതാനും മിനുട്ടുകൾ ബാക്കി നിൽക്കെ പകരക്കാരനായി ഇറങ്ങിയ ഗുവാർഡാഡോക്ക് ചുവപ്പുകാർഡും ലഭിച്ചു.
പെനാൽറ്റി ഷൂട്ടൗട്ടുകളിൽ കഴിവ് തെളിയിക്കാറുള്ള ക്ളോഡിയോ ബ്രാവോ റയൽ ബെറ്റിസിന് വിജയം സമ്മാനിക്കുമെന്ന് ഏവരും കരുതിയെങ്കിലും മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ ടെർ സ്റ്റീഗൻ ബാഴ്സലോണയെ രക്ഷിച്ചു. റയൽ ബെറ്റിസിന്റെ നാല് കിക്കുകളിൽ യുവാൻമി, വില്യം കാർവാലോ എന്നിവരുടെ ഷോട്ടുകൾ താരം തടഞ്ഞിട്ടു. അതേസമയം ബാഴ്സയുടെ നാല് കിക്കുകളും കൃത്യമായി വലയിലെത്തിയതോടെ അവർ വിജയവും ഫൈനൽ പ്രവേശനവും ഉറപ്പിക്കുകയായിരുന്നു.