ആറു മാസത്തെ ലോണിൽ ടീമിലെത്തിച്ച ഫെലിക്‌സിന് ഒരു മാസം നഷ്‌ടമാകും, ചെൽസിക്ക് തിരിച്ചടികൾ തുടരുന്നു

ഏറെ പ്രതീക്ഷകളോടെ ചെൽസിയിലെത്തിയ പോർച്ചുഗീസ് സൂപ്പർതാരം ജോവോ ഫെലിക്‌സിന് ഒട്ടും ആഗ്രഹിച്ച തുടക്കമല്ല പ്രീമിയർ ലീഗിൽ ലഭിച്ചത്. ഇന്നലെ രാത്രി ഫുൾഹാമിനെതിരെ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ മികച്ച പ്രകടനം നടത്തിയ താരം രണ്ടാം പകുതിയിൽ നേരിട്ട് ചുവപ്പുകാർഡ് കണ്ടു പുറത്തു പോവുകയായിരുന്നു. മത്സരത്തിൽ ചെൽസി തോൽവി വഴങ്ങുകയും ചെയ്‌തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി മത്സരത്തിൽ തോൽവിയേറ്റു വാങ്ങിയത്. ഇതോടെ പ്രീമിയർ ലീഗിൽ ചെൽസി പത്താം സ്ഥാനത്തു തന്നെ തുടരുകയാണ്.

ആറു മാസത്തെ ലോൺ കരാറിലാണ് ചെൽസി ജോവോ ഫെലിക്‌സിനെ അത്ലറ്റികോ മാഡ്രിഡിൽ നിന്നും സ്വന്തമാക്കിയത്. ഇതിനായി പതിനൊന്നു മില്യൺ പൗണ്ടിലധികം ക്ലബ് നൽകുകയും ചെയ്‌തു. ഇതിനു പുറമെ താരത്തിന്റെ വേതനവും ചെൽസി നൽകും. പ്രീമിയർ ലീഗിൽ മോശം പ്രകടനം നടത്തുന്ന ചെൽസി തിരിച്ചു വരവിനു വേണ്ടിയാണ് താരത്തെ സ്വന്തമാക്കിയത്. എന്നാൽ അരങ്ങേറ്റ മത്സരം തന്നെ പോർച്ചുഗീസ് മുന്നേറ്റനിര താരത്തിന് മറക്കാൻ കഴിയാത്ത മോശം അനുഭവമായി മാറി.

Joao Felix Will Serve Three Match Ban For Red Card Against Fulham

മത്സരത്തിൽ ഫുൾഹാം താരമായ കെന്നി ടെറ്റെയിൽ നിന്നും പന്തെടുക്കാനുള്ള ശ്രമമാണ് ഫൗളിൽ കലാശിച്ചത്.ഡൈവ് ചെയ്‌ത്‌ പന്തെടുക്കാനുള്ള ശ്രമത്തിൽ ഫെലിക്‌സ് ഫുൾഹാം താരത്തെ ബൂട്ട് ചെയ്‌തു. ഇതോടെ റഫറി നേരിട് റെഡ് കാർഡ് നൽകി ഫെലിക്‌സിനെ പുറത്താക്കി. അൻപത്തിയെട്ടു മിനുട്ട് കളത്തിലുണ്ടായിരുന്ന താരം മികച്ച പ്രകടനം നടത്തിയിരുന്നു. നാല് ഷോട്ടുകൾ ഗോളിലേക്കുതിർത്ത താരം ഒരു കീ പാസ് നൽകുകയും ഒരു മികച്ച അവസരം ഉണ്ടാക്കിയെടുക്കുകയും ചെയ്‌തു.

അപകടകരമായ ഫൗളായതിനാൽ തന്നെ ഫെലിക്‌സിനു ലഭിച്ച ചുവപ്പുകാർഡ് കാരണം മൂന്നു മത്സരങ്ങൾ നഷ്‌ടമാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ഇതോടെ ജനുവരി അടക്കം ആറു മാസത്തെ കരാറിൽ ടീമിലെത്തിയ താരത്തിന് ഒരു മാസം നഷ്‌ടമാകും ചെൽസിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയും വലിയ നഷ്‌ടവുമാണ് ഈ ചുവപ്പുകാർഡ്. താരത്തിനായി മുടക്കിയതിൽ 2 മില്യണിലധികം പൗണ്ട് വെള്ളത്തിൽ കളഞ്ഞതു പോലെയായിരിക്കുമിത്. അതേസമയം ഇതുവരെയും താരത്തിന്റെ ചുവപ്പുകാർഡിനു ലഭിക്കുന്ന വിലക്കിനെ സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ല.

മൂന്നു മത്സരങ്ങളിൽ വിലക്ക് ലഭിക്കുകയാണെങ്കിൽ ക്രിസ്റ്റൽ പാലസ്, ലിവർപൂൾ, ഫുൾഹാം എന്നീ ടീമുകൾക്കെതിരെയുള്ള മത്സരം ഫെലിക്‌സിനു നഷ്‌ടമാകും. ഫെബ്രുവരി പതിനൊന്നിന് വെസ്റ്റ് ഹാമിനെതിരെ നടക്കുന്ന മത്സരത്തിലാവും താരം വീണ്ടും കളത്തിലിറങ്ങുക. അതേസമയം ചുവപ്പുകാർഡ് നേടിയെങ്കിലും താരം നടത്തിയ മികച്ച പ്രകടനം ചെൽസിക്ക് പ്രതീക്ഷയാണ്. ചാമ്പ്യൻസ് ലീഗ് അടക്കമുള്ള മത്സരങ്ങളിൽ ഇത് ഗുണം ചെയ്യുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. വിലക്ക് ഏതാനും മത്സരങ്ങളിൽ മാത്രം ഒതുങ്ങണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.