അർജന്റീനയുടെ ഹീറോ എമിലിയാനോ മാർട്ടിനസിന് ആവശ്യക്കാരേറുന്നു, രണ്ടു വമ്പൻ ക്ലബുകൾ താരത്തിനായി രംഗത്ത്

ഒന്നര വർഷത്തിനിടയിൽ അർജന്റീന രണ്ടു കിരീടങ്ങൾ നേടിയപ്പോൾ അതിൽ ഹീറോയായ താരമാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. രണ്ടു ടൂർണ്ണമെന്റിലെയും പ്രധാന മത്സരങ്ങളിൽ നിർണായക സേവുകൾ നടത്തിയ താരം പെനാൽറ്റി ഷൂട്ടൗട്ടിൽ വ്യക്തമായ ആധിപത്യവും പുലർത്തി. കോപ്പ അമേരിക്ക ടൂർണമെന്റിൽ കൊളംബിയക്കെതിരായ മത്സരവും ലോകകപ്പിൽ ഹോളണ്ടിനെതിരായ ക്വാർട്ടർ ഫൈനലും ഫ്രാൻസിനെതിരായ ഫൈനലും ഇത് തെളിയിച്ചു.

കളിക്കളത്തിൽ വളരെയധികം ആത്മവിശ്വാസം പുലർത്തുന്ന താരം എതിരാളികൾ മേൽ മാനസികമായ ആധിപത്യം സ്ഥാപിക്കുന്നതിൽ മിടുക്കനാണ്. ഫ്രാൻസിനെതിരായ പെനാൽറ്റി ഷൂട്ടൗട്ടിൽ ഷുവാമെനിയുടെ കിക്ക് പുറത്തു പോകുന്നതിനു മുൻപ് എമിലിയാനോ ചെയ്‌ത പ്രവൃത്തി ഇതിനു തെളിവാണ്. ലോകകപ്പിലെ തകർപ്പൻ പ്രകടനം കൊണ്ട് ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയ താരം ലോകകപ്പിനു ശേഷം എതിർ ടീമിലെ താരങ്ങളെ കളിയാക്കിയതിന്റെ പേരിൽ ധാരാളം വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.

എന്നാൽ വിമർശനങ്ങളുടെ ഇടയിലും എമിലിയാനോ മാർട്ടിനസിനായി യൂറോപ്പിലെ ക്ലബുകൾ ശ്രമം നടത്തുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മീഡിയ ഫൂട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ബയേൺ മ്യൂണിക്കാണ് എമിലിയാനൊക്കായി പ്രധാനമായും രംഗത്തുള്ളത്. ന്യൂയർ പരിക്കേറ്റു പുറത്തു പോയ സാഹചര്യത്തിൽ അതിനു പകരക്കാരനായാണ് എമിലിയാനോ മാർട്ടിനസിനെ ബയേൺ പരിഗണിക്കുന്നത്. മുപ്പതുകാരനായ എമിലിയാനോക്കു പുറമെ ക്രൊയേഷ്യയുടെ ലീവാക്കോവിച്ച്, മൊറോക്കോയുടെ ബോനു എന്നിവരും ബയേണിന്റെ ലിസ്റ്റിലുണ്ട്.

എമിലിയാനൊക്കായി താൽപര്യം പ്രകടിപ്പിക്കുന്ന മറ്റൊരു ക്ലബ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌. ഈ സീസണു ശേഷം കരാർ അവസാനിക്കുന്ന നിലവിലെ ഗോൾകീപ്പർ ഡി ഗിയ പുതിയ കരാറിന് സമ്മതം മൂളിയിട്ടില്ലെന്നരിക്കെയാണ് എമിലിയാനോക്കായി അവർ ശ്രമം നടത്തുന്നതെന്ന് ഫുട്ബോൾ ഇൻസൈഡർ റിപ്പോർട്ടു ചെയ്യുന്നു. പുതിയ പരിശീലകനായ ഉനെ എമറിയുമായി എമിലിയാനോക്ക് അത്ര സുഖകരമായ ബന്ധമല്ലെന്നിരിക്കെ താരം ക്ലബ് വിടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ആഴ്‌സനലിനെ രണ്ടാം നമ്പർ കീപ്പറായ എമിലിയാനോ മാർട്ടിനസിനെ 2020ലാണ് ആസ്റ്റൺ വില്ല ടീമിലെത്തിച്ചത്. ഇരുപതു മില്യൺ യൂറോയോളമാണ് താരത്തിനായി ആസ്റ്റൺ വില്ല നൽകിയത്. എന്നാൽ ലോകകപ്പിലെ തിളങ്ങുന്ന പ്രകടനവും ഗോൾഡൻ ബൂട്ട് നേട്ടവുമെല്ലാം താരത്തിന്റെ മൂല്യം വർധിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.