കേരള ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും എതിരാളികളായി ലഭിച്ചപ്പോൾ ബെംഗളൂരു ടീമിൽ ചിരിയായിരുന്നു, പരിശീലകൻ പറയുന്നു

ഇന്ത്യൻ സൂപ്പർലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമുണ്ടാക്കിയ മത്സരമാണ് കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിൽ നടന്ന ഈ സീസണിലെ പ്ലേ ഓഫ് പോരാട്ടം. മത്സരത്തിൽ ഛേത്രി നേടിയ ഗോൾ റഫറി അനുവദിച്ച തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പരിശീലകൻ മടക്കി വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായുണ്ടായ വിവാദങ്ങളും അതിലെ നടപടികളും ഇനിയും അവസാനിച്ചിട്ടില്ല.

അതിനിടയിൽ ഒരിക്കൽക്കൂടി ബെംഗളൂരുവും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള പോരാട്ടത്തിന് വഴിയൊരുങ്ങിയിട്ടുണ്ട്. ഹീറോ സൂപ്പർകപ്പിലാണ് ഈ രണ്ടു ടീമുകളും തമ്മിലുള്ള മത്സരം നടക്കാൻ പോകുന്നത്. കേരളത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ രണ്ടു ടീമുകളും ഏപ്രിലിൽ കോഴിക്കോട് വെച്ചാണ് ഏറ്റുമുട്ടന്നത്. കഴിഞ്ഞ ദിവസം മത്സരത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് എതിരാളികളായി വന്നപ്പോൾ ബെംഗളൂരു താരങ്ങൾക്ക് ചിരിയാണ് വന്നതെന്നാണ് പരിശീലകൻ സിമോൺ ഗ്രെയ്‌സൺ പറഞ്ഞത്.

“ഒരുപാട് ആളുകളിൽ നിന്നും പലതും കേൾക്കേണ്ടി വരുമെന്നാണ് ഞാൻ പ്ലേ ഓഫ് മത്സരം കഴിഞ്ഞപ്പോൾ തന്നെ പറഞ്ഞത്. പക്ഷെ അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല, ഞങ്ങളാ മത്സരത്തിൽ വിജയിച്ചു, ഇനി മുംബൈക്കെതിരായ മത്സരത്തിലാണ് ശ്രദ്ധ കൊടുക്കേണ്ടത്. ടീമത് ചെയ്‌തു കഴിഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സിനെ തന്നെ സൂപ്പർ കപ്പിൽ എതിരാളികളായി ലഭിച്ചത് രസകരമായി. ആ അറിയിപ്പ് വന്നപ്പോൾ എല്ലാവർക്കും ചിരിയാണുണ്ടായിരുന്നത്.” അദ്ദേഹം പറഞ്ഞു.

ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ച് സെമിയിലേക്ക് കടന്ന ബെംഗളൂരു ആദ്യപാദത്തിൽ മുംബൈ സിറ്റിയെ കീഴടക്കിയിരുന്നു. ബ്ലാസ്റ്റേഴ്‌സിനെതിരെ വിവാദഗോൾ നേടിയ ഛേത്രി തന്നെയാണ് മുംബൈക്കെതിരെയും ഗോൾ നേടിയത്. ഇതോടെ അടുത്ത പാദത്തിൽ സമനിലയെങ്കിലും നേടിയാൽ ബെംഗളൂരുവിനു ഫൈനലിലെത്താം. അതേസമയം സൂപ്പർകപ്പിൽ ബെംഗളൂരുവിനോട് പകരം വീട്ടാമെന്നാണ് ബ്ലാസ്റ്റേഴ്‌സ് കരുതുന്നത്.