നെയ്‌മർക്ക് പരിക്കു പറ്റിയത് പിഎസ്‌ജിയുടെ ഭാഗ്യമാണ്, വിവാദ പ്രതികരണവുമായി മുൻ ഫ്രഞ്ച് താരം

ലില്ലെക്കെതിരായ ലീഗ് മത്സരത്തിലാണ് പിഎസ്‌ജി സൂപ്പർതാരം നെയ്‌മർക്ക് പരിക്ക് പറ്റിയത്. മൂന്നിനെതിരെ നാല് ഗോളുകൾക്ക് പിഎസ്‌ജി വിജയം നേടിയ മത്സരത്തിൽ നെയ്‌മർക്ക് പരിക്കേറ്റപ്പോൾ തന്നെ അത് ഗുരുതരമാണെന്ന സൂചനകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം താരത്തിന്റെ പരിക്കിനു ശസ്ത്രക്രിയ നടത്തിയെന്നും ഈ സീസണിലിനി താരത്തിന് കളിക്കാൻ കഴിയില്ലെന്നും പിഎസ്‌ജി ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു.

അതേസമയം ലയണൽ മെസിയുടെ പരിക്ക് പിഎസ്‌ജിക്ക് സംഭവിച്ച ഭാഗ്യമാണെന്നാണ് 1998 ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിലുണ്ടായിരുന്ന ക്രിസ്റ്റഫെ ഡുഗാറി പറയുന്നത്. ഫുട്ബോൾ പണ്ഡിറ്റ് കൂടിയായ ഡുഗറി നെയ്‌മറുടെ പരിക്ക് പിഎസ്‌ജി ടീമിന് സന്തുലിതാവസ്ഥ നൽകാൻ സഹായിക്കുമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ പിഎസ്‌ജി നേരിടാനിരിക്കെയാണ് മുൻ ബാഴ്‌സലോണ താരത്തിന്റെ പ്രതികരണം.

“നെയ്‌മർക്ക് പരിക്ക് പറ്റിയതിൽ പിഎസ്‌ജി ടീമിനെ ആലോചിക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട്. ക്രിസ്റ്റഫെ ഗാൾട്ടിയറെ സംബന്ധിച്ച് അതൊരു വലിയ ഭാഗ്യം തന്നെയാണെന്നതിൽ സംശയമില്ല. അഞ്ചു പേരുള്ള പ്രതിരോധവും, മൂന്നു മധ്യനിര താരങ്ങളും, മെസി-എംബാപ്പെ സഖ്യം മുന്നേറ്റനിരയിലും വരുമ്പോൾ ടീം കുറച്ചുകൂടി സന്തുലിതമായി നിലനിൽക്കും.” കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞു.

നെയ്‌മർ പരിക്കേറ്റു പുറത്തു പോയ ലില്ലെക്കെതിരായ മത്സരത്തിൽ പിന്നിൽ നിന്നും തിരിച്ചടിച്ച്‌ വിജയിച്ച പിഎസ്‌ജി അതിനു ശേഷമുള്ള രണ്ടു മത്സരങ്ങളിലും വിജയം നേടി. ഈ മത്സരങ്ങളിലെല്ലാം മെസി, എംബാപ്പെ സഖ്യം മികച്ച പ്രകടനം നടത്തിയിരുന്നു. നെയ്‌മറുടെ അഭാവം പിഎസ്‌ജിയെ ബാധിച്ചില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. അതിനിടയിൽ ഈ സീസണ് ശേഷം പിഎസ്‌ജി നെയ്‌മറെ വിൽക്കാൻ ശ്രമിക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.