ആശങ്കയുണ്ടെങ്കിലും ബസ് പാർക്കിങ് ചെയ്യില്ല, പിഎസ്‌ജി സൂപ്പർതാരങ്ങളെ നേരിടാനുള്ള പദ്ധതി വെളിപ്പെടുത്തി ബയേൺ പരിശീലകൻ

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ രണ്ടാം പാദ മത്സരത്തിൽ ബയേൺ മ്യൂണിക്കിന്റെ വെല്ലുവിളിയെ നേരിടാൻ ഒരുങ്ങുകയാണ് പിഎസ്‌ജി. ഫ്രാൻസിൽ വെച്ച് നടന്ന ആദ്യപാദ മത്സരത്തിൽ ഒരു ഗോളിന്റെ തോൽവി വഴങ്ങിയ പിഎസ്‌ജിക്ക് മുന്നേറണമെങ്കിൽ ബയേണിന്റെ മൈതാനത്ത് രണ്ടു ഗോൾ വ്യത്യാസത്തിൽ വിജയം കൂടിയേ തീരു. അതല്ലെങ്കിൽ കഴിഞ്ഞ സീസണിലേതു പോലെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്താകേണ്ടി വരും ഫ്രഞ്ച് ക്ലബിന്.

ആദ്യപാദത്തിൽ ഒരു ഗോളിന്റെ വിജയം നേടിയ ബയേൺ രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്താണ് കളിക്കുന്നതെങ്കിലും അതിന്റെ ആത്മവിശ്വാസം പരിശീലകനായ ജൂലിയൻ നെഗൽസ്‌മാന്‌ ഉണ്ടെന്ന് കരുതാൻ കഴിയില്ല. ലയണൽ മെസിയും എംബാപ്പെയും നയിക്കുന്ന പിഎസ്‌ജി മുന്നേറ്റനിരയെ തടുക്കാൻ പ്രയാസമാണെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. എന്നാൽ ഒരു ഗോൾ ലീഡിൽ പിടിച്ചു നിൽക്കാൻ പ്രതിരോധത്തിൽ ഉറച്ചു നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“കളിക്കാരും സ്റ്റാഫുകളും ആശങ്കയിലാകുന്നത് സ്വാഭാവികമായ കാര്യം തന്നെയാണ്. മികച്ചൊരു കളി കാഴ്ച വെക്കേണ്ടതും അത്യാവശ്യമാണ്. വിജയിക്കാൻ പരമാവധി വേണ്ടതെല്ലാം ഞങ്ങൾ ചെയ്യും, പ്രതിരോധത്തിലേക്ക് മാത്രം വലിഞ്ഞു കളിക്കാൻ കഴിയില്ല. അതിനു ശേഷം എന്താണ് സംഭവിക്കുകയെന്നു നമുക്ക് നോക്കാം, ഈ മത്സരം വിജയിക്കാനുള്ള ഭാഗ്യമുണ്ടാകുമെന്നു തന്നെയാണ് ഞാൻ കരുതുന്നത്.” ബയേൺ പരിശീലകൻ പറഞ്ഞു.

“ലയണൽ മെസിയും എംബാപ്പെയും ഫുട്ബോളിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ്. അവരെ പ്രതിരോധിച്ചു നിൽക്കുക എളുപ്പമുള്ള കാര്യമല്ല, എംബാപ്പെ ഡിഫെൻസിവ് ലൈനിനെ ഭേദിച്ചു കൊണ്ടുള്ള റണ്ണുകൾ നടത്തുമ്പോൾ മെസി താരത്തിനു പന്തുകൾ നൽകാൻ ശ്രമിക്കും. രണ്ടു പേരും വളരെ വേഗത്തിൽ കളിക്കുന്ന താരങ്ങളാണ്. വൺ-ടു കളിച്ച് പരസ്‌പരം ശ്രദ്ധിച്ചു കൊണ്ട് കളിക്കാൻ ശ്രമിക്കുന്ന താരങ്ങളാണ്.” താരം പറഞ്ഞു.

മത്സരത്തിൽ ഈ രണ്ടു താരങ്ങളെ മാത്രമല്ല പേടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കഴിഞ്ഞ മത്സരത്തിന്റെ അവസാനത്തെ ഇരുപതു മിനിറ്റുകളിൽ പിഎസ്‌ജി ടീമിനെ പിടിച്ചു നിർത്തിയത് പോലെ മെസിയടക്കമുള്ള താരങ്ങളെ തടയാനുള്ള പദ്ധതി തങ്ങളുടെ കയ്യിലുണ്ടെന്നും അതിനെ സഹായിക്കാൻ മികച്ചൊരു ഗോൾകീപ്പർ ടീമിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.