ആദ്യം നൽകിയ പെനാൽറ്റി തുലച്ചപ്പോൾ വീണ്ടും പെനാൽറ്റി, ചെൽസിയെ രക്ഷപ്പെടുത്തിയ തീരുമാനത്തിന്റെ കാരണമിതാണ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നിർണായകമായ വിജയമാണ് ചെൽസി നേടിയത്. ബൊറൂസിയ ഡോർട്മുണ്ടിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടിയതോടെ ആദ്യപാദത്തിലെ ഒരു ഗോളിന്റെ തോൽവിയെ മറികടന്ന് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ ചെൽസിക്കായി. സീസണിൽ മോശം ഫോമിലായ ചെൽസിക്ക് ആശ്വാസം നൽകുന്നതാണ് ഈ വിജയം.

മത്സരത്തിന്റെ ആദ്യപകുതിയിൽ റഹീം സ്റ്റെർലിംഗും രണ്ടാം പകുതിയിൽ കയ് ഹാവേർട്സ് പെനാൽറ്റിയിലൂടെയും നേടിയ ഗോളുകളാണ് ചെൽസിയെ വിജയത്തിലേക്ക് നയിച്ചത്. അതേസമയം ജർമൻ താരം എടുത്ത പെനാൽറ്റി ചെറിയ തർക്കങ്ങൾക്ക് കാരണമായിരുന്നു. ആദ്യം എടുത്ത കിക്ക് പോസ്റ്റിൽ തട്ടി തിരിച്ചപ്പോൾ റഫറി വീണ്ടും പെനാൽറ്റി അനുവദിക്കുകയായിരുന്നു. ഇത് ലക്ഷ്യത്തിലെത്തിച്ചാണ് താരം ചെൽസിക്ക് നിർണായകമായ ലീഡ് നേടിക്കൊടുത്തത്.

ചിൽവെല്ലിന്റെ ക്രോസ് മാരിയസ് വോൾഫിന്റെ കയ്യിൽ കൊണ്ടതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത ഹാവെർട്സിനു നിരാശപ്പെടാനായിരുന്നു വിധി. കിക്ക് പോസ്റ്റിൽ തട്ടി പുറത്തു പോയെങ്കിലും വീഡിയോ റഫറി താരത്തിന്റെ രക്ഷക്കെത്തി. കിക്കെടുക്കുന്ന സമയത്ത് ഒന്നിലധികം ഡോർട്മുണ്ട് താരങ്ങൾ ബോക്‌സിൽ ഉണ്ടായിരുന്നുവെന്നതു കൊണ്ട് വീണ്ടും കിക്കെടുക്കാൻ അനുവാദം ലഭിച്ചത് ജർമൻ താരം കൃത്യമായി മുതലെടുക്കുകയും ചെയ്‌തു.

മത്സരത്തിൽ വിജയം സ്വന്തമാക്കി ക്വാർട്ടർ ഫൈനലിൽ എത്തിയത് ചെൽസിക്ക് വലിയ ആത്മവിശ്വാസം നല്കുമെന്നതിൽ സംശയമില്ല. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ വമ്പൻ സൈനിംഗുകൾ നടത്തിയ ചെൽസി ആറു മത്സരങ്ങളിൽ തുടർച്ചയായി വിജയമില്ലാതെ വന്നതിനു ശേഷം കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ജയം നേടിയിട്ടുണ്ട്. ഇത് സീസൺ മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിയുമെന്ന വിശ്വാസം അവർക്ക് നൽകും.