“തൊണ്ണൂറു ശതമാനവും മെസി, പത്ത് ശതമാനം മാത്രമാണ് ഞാൻ”- ലോകകപ്പിൽ പിറന്ന അത്ഭുതഗോളിനെപ്പറ്റി അർജന്റീന താരം

ഖത്തർ ലോകകപ്പിൽ അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ നടന്ന സെമി ഫൈനൽ മത്സരം കണ്ട ഒരാളും അതിൽ അർജന്റീന നേടിയ അവസാനത്തെ ഗോൾ മറക്കാൻ സാധ്യതയില്ല. ഗോളടിച്ച ഹൂലിയൻ അൽവാരസിനേക്കാൾ ആ ഗോളിന് വഴിയൊരുക്കിയ ലയണൽ മെസിയാണ് അന്ന് വാർത്തകളിൽ നിറഞ്ഞത്. ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധതാരമായ ഗ്വാർഡിയോളിനെ ഒന്നുമല്ലാതാക്കിയാണ് മെസി ആ ഗോളിന് വഴിയൊരുക്കിയത്.

വലതു വിങ്ങിൽ നിന്നും പന്ത് ലഭിച്ച മെസിയെ തടുക്കാൻ ക്രൊയേഷ്യൻ ഡിഫൻഡർ പരമാവധി ശ്രമം നടത്തിയെങ്കിലും അർജന്റീന നായകൻറെ പ്രതിഭ അവിടെ തെളിയിക്കപ്പെടുകയായിരുന്നു. ഗ്വാർഡിയോളിനെ തന്റെ ശരീരത്തിന്റെ ചലനങ്ങൾ കൊണ്ട് പൂർണമായും തെറ്റിദ്ധരിപ്പിച്ച മെസി അതിമനോഹരമായി പന്ത് കൊണ്ടു ബോക്‌സിലെത്തി അൽവാരസിനു ഗോളടിക്കാൻ പന്ത് നൽകി. താരത്തിന് അത് തൊട്ടുകൊടുക്കേണ്ടി മാത്രമേ വന്നുള്ളൂ.

“പെനാൽറ്റി ഏരിയയിലേക്ക് വന്നതിനു ശേഷം ഞാൻ പന്ത് ലഭിക്കാൻ വേണ്ടി കാത്തു നിൽക്കുകയായിരുന്നു. അവിടെ നിന്നും തുടങ്ങിയ താരം ഇവിടെയെത്തി. നമ്മൾ നമ്മുടെ പങ്കാളിയെ എപ്പോഴും വിശ്വസിക്കണം, പ്രത്യേകിച്ചും മെസിയുടെ കാലിൽ പന്തുള്ളപ്പോൾ. ആ ഗോളിലെ എന്റെ പങ്കാളിത്തം പത്തും മെസിയുടേത് തൊണ്ണൂറും ആയിരുന്നു.പോസ്റ്റിനു പിന്നിൽ ഗോൾ ആഘോഷിക്കുകയായിരുന്നു മെസിയെ ഞങ്ങൾ പുണർന്നു, കാരണം അത് മെസിയുടെ ഗോളായിരുന്നു.” അൽവാരസ് പറഞ്ഞു.

അർജന്റീന എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയം നേടിയ ആ മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയത് അൽവാരസ് ആയിരുന്നു. മെസി പെനാൽറ്റിയിലൂടെ ഒരു ഗോളും നേടി. ആ മത്സരത്തിൽ അൽവാരസ് നേടിയ ആദ്യ ഗോളും മനോഹരമായിരുന്നു. ഹാഫ് ലൈനിൽ നിന്നും താരം തുടങ്ങിയ സോളോ റൺ ഗോളിനരികിൽ വെച്ച് ക്രൊയേഷ്യൻ പ്രതിരോധം തടുത്തെങ്കിലും പന്ത് വീണ്ടും ലഭിച്ച അൽവാരസ് ഗോൾ നേടി. ലോകകപ്പിൽ നാല് ഗോളുകളാണ് അൽവാരസ് നേടിയത്.