കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രോമത്തിൽ തൊടാൻ ധൈര്യമില്ലാതെ ഐഎസ്എൽ സംഘാടകർ, എഐഎഫ്എഫിനോട് പ്രത്യേക അഭ്യർത്ഥന

ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് മത്സരത്തിൽ ബെംഗളൂരു എഫ്‌സിയുടെ സുനിൽ ഛേത്രി നേടിയ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ടീം കളിക്കളം വിട്ട സംഭവത്തിൽ ടീമിനെതിരെ കടുത്ത നടപടിയൊന്നും ഉണ്ടായേക്കില്ലെന്ന് റിപ്പോർട്ടുകൾ. ബ്ലാസ്റ്റേഴ്‌സിനെതിരെ വലിയ നടപടിയൊന്നും എടുക്കരുതെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനോട് ഇന്ത്യൻ സൂപ്പർ ലീഗ് സംഘാടകരായ എഫ്എസ്‌ഡിഎൽ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

മത്സരം മുഴുവനാക്കാതെ ഒരു ടീം മൈതാനത്തു നിന്നും കയറിപ്പോയാൽ കടുത്ത നടപടികളാണ് അവർ നേരിടേണ്ടി വരിക. അതുകൊണ്ടു തന്നെ ടീമിനെ തിരിച്ചു വിളിച്ച പരിശീലകനെതിരെയുള്ള വിലക്ക്, വരാനിരിക്കുന്ന ടൂർണമെന്റുകളിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ടീമിനെ വിലക്കുക തുടങ്ങിയ നടപടികൾ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾ ആദ്യമുണ്ടായിരുന്നു. എന്നാൽ അതിലേക്കൊന്നും അധികൃതർ കടക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് റഫറിയെ വിലക്കണമെന്നും മത്സരം വീണ്ടും നടത്തണമെന്നും പറഞ്ഞ് നൽകിയ പരാതി എഐഎഫ്എഫ് തള്ളിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകാൻ ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ടായിരുന്നെങ്കിലും അതിനു ടീം തയ്യാറായില്ല. പരിശീലകനെതിരെയും ടീമിനെതിരെയും കടുത്ത നടപടികളൊന്നും ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്‌സ് അപ്പീൽ നൽകാതിരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന് പിഴ നൽകാനാണ് കൂടുതൽ സാധ്യത. പിഴയൊടുക്കാൻ ടീം സന്നദ്ധമാണെന്ന് അറിയിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം എഐഎഫ്എഫ് പുറത്തിറക്കിയ പ്രസ്‌താവനയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് യാതൊന്നും പറഞ്ഞിരുന്നില്ല. സൂപ്പർകപ്പിൽ ടീമുണ്ടാകുമെന്നു ഷെഡ്യൂൾ വന്നതിൽ നിന്നും ഉറപ്പായിട്ടുണ്ട്. ഈ മാസം 19നു ടീം പരിശീലനം പുനരാരംഭിക്കും.