ബ്ലാസ്റ്റേഴ്സ് ആരാധകർ ഭീഷണിയായില്ല, മത്സരം കുറച്ചു കൂടി നീണ്ടിരുന്നെങ്കിൽ സമനില നേടിയേനെയെന്ന് ബെംഗളൂരു പരിശീലകൻ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ പത്താമത്തെ സീസണിലെ ആദ്യത്തെ മത്സരം കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിക്കെതിരെ വിജയം സ്വന്തമാക്കി. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്. ബെംഗളൂരു താരത്തിന്റെ സെൽഫ് ഗോളും ലൂണയുടെ ഗോളും ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചപ്പോൾ പകരക്കാരനായിറങ്ങിയ കുർട്ടിസ് മെയിനാണ് ബെംഗളൂരുവിന്റെ ആശ്വാസഗോൾ നേടുന്നത്.
കനത്ത മഴയെ വകവെക്കാതെ പതിനായിരക്കണക്കിന് ബ്ലാസ്റ്റേഴ്സ് ആരാധകരാണ് ഈ സീസണിലെ ആദ്യത്തെ മത്സരം കാണാൻ വേണ്ടിയെത്തിയിരുന്നത്. ആരാധകരുടെ പിന്തുണയും ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന് ഊർജ്ജം പകർന്നിരുന്നു. എന്നാൽ ആരാധകരുടെ സാന്നിധ്യം തങ്ങളെ ഒരു തരത്തിലും ബാധിച്ചില്ലെന്നാണ് ബെംഗളൂരു പരിശീലകൻ മത്സരത്തിന് ശേഷം പറഞ്ഞത്. “ആരാധകർ കാരണമല്ല, മറിച്ച് മോശം പ്രകടനം കാരണമാണ് ഞങ്ങൾ തോറ്റത്. ആരാധകർ ഗോളുകൾ നേടുന്നത് ഞാൻ കണ്ടിട്ടില്ല.” ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Simon Grayson (Head coach of Bengaluru fc) 🗣 "We didn't lose to the fans we lost because of our poor performance on the pitch. I haven't seen fans scoring goals" #KeralaBlasters #BengaluruFC #ISL10 pic.twitter.com/lBvbsV5Ay6
— Football_india_ (@Footballindia01) September 22, 2023
മത്സരം കുറച്ചുകൂടി നീണ്ടിരുന്നെങ്കിൽ സമനില നേടിയേനെയെന്നും അദ്ദേഹം പറഞ്ഞു. “രണ്ടു ഗോളിന് പിന്നിലായിട്ടും താരങ്ങൾ ശ്രമിച്ചു കൊണ്ടിരുന്നു. മത്സരം കുറച്ചു സമയം കൂടി നീണ്ടു പോയിരുന്നെങ്കിൽ സമനിലഗോൾ നേടാൻ കഴിയുമായിരുന്നു. ഞങ്ങൾക്കായിരുന്നു പന്തിൽ ആധിപത്യം ഉണ്ടായിരുന്നതെങ്കിലും അത് ശരിയായ സമയത്ത് ശരിയായ ഏരിയകളിൽ ആയിരുന്നില്ല.” അദ്ദേഹം പറഞ്ഞു. വ്യക്തിഗത പിഴവുകളും ടീമിന് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
.@bengalurufc head coach #SimonGrayson delivers his verdict after his side's 2-1 defeat to @KeralaBlasters in the opening match of the #ISL 2023-24 season.#KBFCBFC #ISL10 #LetsFootball #BengaluruFC #ISLonJioCinema #ISLonSports18 https://t.co/ao6x2RhDDd
— Indian Super League (@IndSuperLeague) September 22, 2023
മത്സരത്തിൽ ടീമിലെ രണ്ടു പ്രധാന താരങ്ങൾ ഇല്ലാതിരുന്നത് തിരിച്ചടി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ഹാവി ഹെർണാണ്ടസ്, കുർട്ടിസ് മെയിൻ എന്നിവരെ ബെഞ്ചിലിരുത്തിയാണ് ബെംഗളൂരു മത്സരം ആരംഭിച്ചത്. ഇവർ രണ്ടുപേരും അറുപതാം മിനുട്ടിനു ശേഷം കളത്തിലിറങ്ങിയിരുന്നു. കുർട്ടിസ് മെയിൻ മത്സരത്തിൽ ബെംഗളൂരുവിലെ ഒരേയൊരു ഗോൾ നേടുകയും ചെയ്തു. ഗുർപ്രീത് വരുത്തിയ പിഴവ് ഗോൾകീപ്പർമാർക്ക് സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തിൽ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം ജംഷഡ്പൂരിനെതിരെയാണ്. അടുത്ത മത്സരവും സ്വന്തം മൈതാനത്തു തന്നെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. അതേസമയം ബെംഗളൂരുവിനു അടുത്ത മത്സരവും എതിരാളികളുടെ മൈതാനത്താണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ കരുത്തരായ ടീമുകളിൽ ഒന്നായ മോഹൻ ബഗാനിനെയാണ് അവർ അടുത്ത മത്സരത്തിൽ നേരിടാൻ പോകുന്നത്.
Bengaluru FC Coach About Loss To Kerala Blasters