അടുത്ത ബാലൺ ഡി ഓർ മെസിയെ മറികടന്ന് ബെൻസിമ സ്വന്തമാക്കുമോ, സാധ്യതയുണ്ടെന്ന് കാർലോ ആൻസലോട്ടി | Karim Benzema
ക്ലബ് തലത്തിൽ വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയുന്നില്ലെങ്കിലും ദേശീയ ടീമിനായി ഏറ്റവും മികച്ച പ്രകടനമാണ് ലയണൽ മെസി നടത്തുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സാധ്യമായ എല്ലാ കിരീടങ്ങളും അർജന്റീനക്കൊപ്പം നേടിയ ലയണൽ മെസി തന്റെ സ്വപ്നമായ ലോകകപ്പ് ആധികാരികമായ പ്രകടനം നടത്തിത്തന്നെ സ്വന്തമാക്കി.
ലോകകപ്പ് നേടിയതോടെ ഇനി വരാനിരിക്കുന്ന ബാലൺ ഡി ഓർ മെസി നേടുമെന്ന വാർത്തകൾ ശക്തമാണ്. ഫിഫ ബെസ്റ്റ് അവാർഡ്സ് ഈ വർഷം പ്രഖ്യാപിച്ചപ്പോൾ എല്ലാ നേട്ടങ്ങളും അർജന്റീന താരങ്ങൾ തൂത്തു വാരിയതോടെയാണ് മെസി ബാലൺ ഡി ഓർ നേടുമെന്ന വാദങ്ങൾ ശക്തമായത്. എന്നാൽ ലയണൽ മെസിക്ക് ശക്തമായ ഒരു എതിരാളി ബാലൺ ഡി ഓറിൽ ഉണ്ടാകുമെന്നാണ് റയൽ മാഡ്രിഡ് പരിശീലകൻ ആൻസലോട്ടി പറയുന്നത്.
റയൽ മാഡ്രിഡിന്റെ മുന്നേറ്റനിരയിലെ സൂപ്പർതാരമായ കരിം ബെൻസിമയാണ് വരുന്ന ബാലൺ ഡി ഓർ നേട്ടം സ്വന്തമാക്കുമെന്ന് കാർലോ ആൻസലോട്ടി പറയുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഹാട്രിക്ക് നേട്ടങ്ങൾ സ്വന്തമാക്കി സീസണിൽ ഉജ്ജ്വല ഫോമിലാണ് ഫ്രഞ്ച് താരം. ബെൻസിമയുടെ ഫോമിനെക്കുറിച്ചും ഹാട്രിക്ക് നേട്ടത്തെക്കുറിച്ചും സംസാരിക്കുമ്പോഴാണ് താരത്തിന് അടുത്ത ബാലൺ ഡി ഓർ സ്വന്തമാക്കാൻ കഴിയുമെന്ന് ആൻസലോട്ടി പറഞ്ഞത്.
കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ലാ ലിഗയും സ്വന്തമാക്കാൻ പ്രധാന പങ്കു വഹിച്ച കരിം ബെൻസിമ തന്റെ കരിയറിലെ ആദ്യത്തെ ബാലൺ ഡി ഓർ കഴിഞ്ഞ വർഷം സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ ലീഗ് നേടാനുള്ള സാധ്യത കുറവാണെങ്കിലും കോപ്പ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ റയൽ മാഡ്രിഡിന് സ്വന്തമാക്കാൻ അവസരമുണ്ട്. അങ്ങിനെയെങ്കിൽ താരത്തിന് ബാലൺ ഡി ഓർ സാധ്യത വർധിക്കും.
ബാലൺ ഡി ഓർ നേട്ടത്തിനായി തന്റെ ഏറ്റവും മികച്ച പ്രകടനം ബെൻസിമ പുറത്തെടുക്കും എന്നുറപ്പാണ്. ഫിഫ ബെസ്റ്റ് അവാർഡ്സിൽ ലയണൽ മെസി മികച്ച താരത്തിനുള്ള പുരസ്കാരം നേടിയപ്പോൾ അതിൽ പ്രതിഷേധസൂചകമായി ബെൻസിമ പോസ്റ്റ് ഇട്ടിരുന്നു. അതുകൊണ്ടു തന്നെ അടുത്ത ബാലൺ ഡി ഓർ നേട്ടത്തിന് സാധ്യമായതെല്ലാം താരം ചെയ്യുമെന്നുറപ്പാണ്.
Content Highlights: Karim Benzema Can Win Ballon D’or Says Ancelotti