കിടിലോൽക്കിടിലൻ ഗോളും അസിസ്റ്റും, അരങ്ങേറ്റം അതിഗംഭീരമാക്കി ടീമിനെ വിജയിപ്പിച്ച് ബെൻസിമ | Benzema

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഹാദിലേക്ക് ചേക്കേറിയ കരിം ബെൻസിമക്ക് കഴിഞ്ഞ ദിവസം ടീമിനൊപ്പം ഉജ്ജ്വല അരങ്ങേറ്റം. അറബ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ ടുണീഷ്യൻ ക്ലബായ എസ്പരൻസിനെതിരെയാണ് ബെൻസിമ കളത്തിലിറങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ ഇത്തിഹാദ് വിജയം നേടിയ മത്സരത്തിൽ രണ്ടു ഗോളിലും ഫ്രഞ്ച് താരത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നു.

ബെൻസിമ ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയ മത്സരത്തിൽ ഔസ്സമാ ബുഗെറായുടെ ഗോളിൽ ഇരുപത്തിയാറാം മിനുട്ടിൽ തന്നെ ടുണീഷ്യൻ ക്ലബ് മുന്നിലെത്തിയിരുന്നു. എന്നാൽ പത്തു മിനിറ്റിനകം അൽ ഇത്തിഹാദ് തിരിച്ചടിച്ചു. കരിം ബെൻസിമ നൽകിയ പാസിൽ ഹെഡറിലൂടെ അബ്ദേറസാക്ക് ഹംദല്ലയാണ് അൽ ഇത്തിഹാദിന്റെ സമനിലഗോൾ നേടിയത്. കഴിഞ്ഞ സീസണിൽ സൗദി പ്രൊഫെഷണൽ ലീഗിലെ ടോപ് സ്‌കോറർ ആയിരുന്നു ഹംദല്ല.

രണ്ടാം പകുതിയിലാണ് കരിം ബെൻസിമയുടെ വിജയഗോൾ പിറന്നത്. ഇടതുവിങ്ങിലൂടെ മുന്നേറി വന്ന താരം ബോക്‌സിനു പുറത്തുനിന്നും എടുത്ത ഷോട്ട് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെയാണ് വലയിലെത്തിയത്. അതിനു ശേഷം മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അൽ ഇത്തിഹാദ് പിന്നീട് ടുണീഷ്യൻ ക്ലബ്ബിനെ തിരിച്ചുവരാൻ സമ്മതിച്ചില്ല. മത്സരത്തിൽ എഴുപത്തിയൊന്നാം മിനുട്ട് വരെയാണ് കരിം ബെൻസിമ കളത്തിലുണ്ടായിരുന്നത്.

ബെൻസിമ സൗദി അറേബ്യൻ ലീഗിലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ മറ്റൊരു വമ്പൻ താരം കൂടി കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറിച്ചിരുന്നു. 2018 ലോകകപ്പ് ജേതാവും മുൻ ചെൽസി താരവുമായ എൻഗോളോ കാന്റെയാണ് അൽ ഇത്തിഹാദിനായി അരങ്ങേറ്റം നടത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ജോട്ടക്ക് പകരക്കാരനായി ഇറങ്ങിയ ഫ്രഞ്ച് താരവും മികച്ച പ്രകടനമാണ് നടത്തിയത്.

Benzema Goal And Assist In Al Ittihad Debut