“അടുത്ത കോപ്പ അമേരിക്ക, ലോകകപ്പിനെക്കുറിച്ച് ഞാനിപ്പോൾ തന്നെ ചിന്തിക്കുന്നുണ്ട്”-, സൗദി ഓഫർ തഴഞ്ഞതിനെക്കുറിച്ച് ലൗടാരോ | Lautaro

ഖത്തർ ലോകകപ്പിൽ പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും അർജന്റീന ടീമിന്റെ പ്രധാന താരമാണ് ലൗടാരോ മാർട്ടിനസ്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനൊപ്പം മികച്ച പ്രകടനം നടത്തിയ താരം ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിക്കാൻ നിർണായക പങ്കു വഹിച്ചു. അതിനു പിന്നാലെ പുതിയ സീസണിലേക്ക് ക്ലബിന്റെ നായകനായി ലൗടാരോ മാർട്ടിനസിനെ തീരുമാനിക്കുകയും ചെയ്‌തിരുന്നു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഇന്റർ മിലാൻ വിടാൻ നിരവധി ഓഫറുകൾ താരത്തിനുണ്ടായിരുന്നു. അതിൽ തന്നെ ഒരു സൗദി അറേബ്യൻ ക്ലബ് വമ്പൻ ഓഫറാണ് താരത്തിന് വാഗ്‌ദാനം ചെയ്‌തത്‌. കഴിഞ്ഞ ദിവസം അത്രയും വലിയൊരു ഓഫർ തഴഞ്ഞതിന്റെ കാരണത്തെപ്പറ്റി താരം സംസാരിക്കുകയുണ്ടായി. ടോപ് ലെവൽ ഫുട്ബോൾ കളിച്ച് അർജന്റീനക്കായി വരുന്ന ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്തുകയാണ് തന്റെ ലക്ഷ്യമെന്നാണ് ലൗടാരോ പറയുന്നത്.

“നിരവധി യുവതാരങ്ങൾ എന്തിനാണ് സൗദി അറേബ്യയിൽ പോകുന്നത്. ഒരുപാട് വലിയ തുക അവർ നൽകുന്നു, എന്തായാലും അതിലെ തീരുമാനം ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കും. സൗദി അറേബ്യയെ ഞാൻ വേണ്ടെന്നു വെച്ചത് ടോപ് ലെവൽ ഫുട്ബോളിൽ തുടരാനുള്ള ആഗ്രഹം കൊണ്ടാണ്. ദേശീയ ടീമിനൊപ്പം അടുത്ത കോപ്പ അമേരിക്കക്കും ലോകകപ്പിനു തയ്യാറെടുക്കുന്നതിനെക്കുറിച്ച് ഞാനിപ്പോൾ തന്നെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.” ലൗടാരോ പറഞ്ഞു.

കഴിഞ്ഞ ലോകകപ്പിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോഴും അർജന്റീന ടീമിന്റെ പ്രധാന സ്‌ട്രൈക്കർ ലൗടാരോ മാർട്ടിനസ് തന്നെയാണ്. പരിക്കിൽ നിന്നും മുക്തനായി മികച്ച പ്രകടനം നടത്തുന്ന താരം ഇന്ററിന്റെ നായകനായി കൂടുതൽ മികവ് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി മികച്ച പ്രകടനം നടത്താൻ കഴിയാത്തതിന്റെ നിരാശ അടുത്ത ഓരോ ടൂർണ്ണമെന്റിലും താരം മാറ്റിയെടുക്കുമെന്നാണ് പ്രതീക്ഷ.

Lautaro Martinez Aims Next Copa America World Cup