ലോണിൽ പോയി കിരീടമുയർത്തിയ താരത്തെ നഷ്‌ടമാകുമോ, ബ്ലാസ്റ്റേഴ്‌സ് താരത്തിന് വമ്പൻ ഓഫറുമായി കൊൽക്കത്ത ക്ലബ് | Bikash Singh

കേരള ബ്ലാസ്റ്റേഴ്‌സ് താരമാണെങ്കിലും കഴിഞ്ഞ സീസൺ മുഴുവൻ ബികാഷ് സിങ് ഐ ലീഗ് ക്ലബായ മുഹമ്മദന്നിന് വേണ്ടിയാണ് കളിച്ചത്. സീസണിന്റെ തുടക്കത്തിൽ തന്നെ ലോണിൽ കൊൽക്കത്ത ക്ലബ്ബിലേക്ക് ചേക്കേറിയ താരം അവിടെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായിരുന്നു. മികച്ച പ്രകടനം മൊഹമ്മദൻ ക്ലബിന് വേണ്ടി നടത്താനും വിങ്ങറായ താരത്തിന് കഴിഞ്ഞു.

ഈ സീസണിൽ ഐ ലീഗ് വിജയിച്ചത് മൊഹമ്മദനാണ്. ഐ ലീഗിൽ ഇരുപത്തിനാലു മത്സരങ്ങൾ കളിച്ച ടീം രണ്ടു മത്സരങ്ങളിൽ മാത്രം തോൽവി വഴങ്ങിയാണ് നാല് പോയിന്റിന്റെ വ്യത്യാസത്തിൽ ഐ ലീഗ് കിരീടം സ്വന്തമാക്കിയത്. ഐ ലീഗ് കിരീടം നേടുന്ന ടീമുകൾ ഐഎസ്എല്ലിലേക്ക് യോഗ്യത നേടുമെന്നിരിക്കെ അടുത്ത സീസണിൽ മൊഹമ്മദനും ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാനുണ്ടാകും.

മൊഹമ്മദന്റെ ഈ മുന്നേറ്റം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് തിരിച്ചടിയായി മാറാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ തങ്ങൾക്കായി മികച്ച പ്രകടനം നടത്തിയ ബികാഷ് സിംഗിനെ നിലനിർത്താനുള്ള ഒരുക്കത്തിലാണ് മൊഹമ്മദൻ. താരത്തിന് രണ്ടു വർഷത്തെ കരാർ കൊൽക്കത്ത ക്ലബ് വാഗ്‌ദാനം ചെയ്‌തുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

ലോണിൽ മൊഹമ്മദനിലേക്ക് പോയ താരത്തിന്റെ കരാറിലുള്ള വ്യവസ്ഥകൾ വ്യക്തമല്ല. ലോൺ കാലാവധി കഴിഞ്ഞാൽ അത് നീട്ടാനോ താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാനോ ഉള്ള ഉടമ്പടി കരാറിൽ ഉണ്ടെങ്കിൽ മുഹമ്മദൻ അതുപയോഗിക്കുമെന്ന് തീർച്ചയാണ്. സ്ഥിരം കരാറിൽ സ്വന്തമാക്കാനുള്ള ഉടമ്പടിയുണ്ടെങ്കിൽ താരത്തെ ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടപ്പെടാനും സാധ്യതയുണ്ട്.

ഈ സീസണിൽ മികച്ച പ്രകടനമാണ് ഐ ലീഗിൽ ബികാഷ് സിങ് നടത്തിയത്. മൂന്നു ഗോളുകൾ നേടാനും മൂന്നു ഗോളുകൾക്ക് വഴിയൊരുക്കാനും താരത്തിന് കഴിഞ്ഞു. താരത്തിന്റെ പ്രകടനം ആരാധകർ വളരെ സന്തോഷത്തോടെയാണ് വീക്ഷിച്ചത്. അടുത്ത സീസണിലേക്ക് മികച്ചൊരു താരം ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മൊഹമ്മദൻ ഓഫറുമായി എത്തിയിരിക്കുന്നത്.

Bikash Singh Has Been Offered A New Contract By Mohammedan