ഒരിക്കലും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പോകരുത്, സ്കോട്ട്ലാൻഡ് പ്രതിരോധതാരത്തിന് നിർദ്ദേശവുമായി സുഹൃത്ത് | Tom Aldred

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ തന്നെ അടുത്ത സീസണിൽ ടീമിനെ പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളും പുറത്തു വരാൻ തുടങ്ങിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ ലീഗിൽ ബ്രിസ്‌ബേൻ റോർ എഫ്‌സിക്ക് വേണ്ടി കളിക്കുന്ന സ്‌കോട്ടിഷ് താരം ടോം അൽഡ്രെഡിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ടെന്നാണ് ഏറ്റവും പുതിയ അഭ്യൂഹം.

കഴിഞ്ഞ മൂന്നു വർഷമായി ടീമിനൊപ്പമുള്ള, ആരാധകരുടെ പ്രിയപ്പെട്ട താരമായ മാർകോ ലെസ്‌കോവിച്ച് തന്റെ കരാർ അവസാനിക്കുന്നതോടെ ക്ലബ് വിടുകയാണെന്ന് ഏറെക്കുറെ തീരുമാനമായി. അതിനു പകരമായാണ് മുൻപ് പ്രീമിയർ ലീഗ് ക്ലബായ വാട്ഫോഡിൽ അടക്കം കളിച്ചിട്ടുള്ള മുപ്പത്തിമൂന്നുകാരനായ അൽഡ്രെഡിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നത്.

അതേസമയം അഭ്യൂഹങ്ങൾ പുറത്തു വന്നതിനു പിന്നാലെ ആ ട്രാൻസ്‌ഫർ മുടക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നതാണ് വിചിത്രമായ കാര്യം. ടോം അൽഡ്രെഡിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അദ്ദേഹത്തിന്റെ സുഹൃത്തും മുൻ ഈസ്റ്റ് ബംഗാൾ താരമായ സ്‌കോട്ട് നെവിൽ ഇട്ട കമന്റ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പോകരുതെന്നും പകരം ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറൂ എന്നുമാണ്.

2020ൽ ഈസ്റ്റ് ബംഗാളിൽ എത്തിയ സ്‌കോട്ട് നെവിൽ ഒരു സീസണാണ് കൊൽക്കത്ത ക്ലബിന് വേണ്ടി കളിച്ചിട്ടുള്ളത്. അതിനു മുൻപത്തെ സീസണിൽ സ്‌കോട്ട് നേവിലും ടോം അൽഡ്രെഡും ഒരുമിച്ച് ഓസ്‌ട്രേലിയൻ ക്ലബിൽ കളിച്ചിട്ടുണ്ട്. ആ ബന്ധം ഉപയോഗിച്ചാണ് താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറരുതെന്ന് തന്റെ സുഹൃത്തിനു നിർദ്ദേശം നൽകിയിരിക്കുന്നത്.

എന്തായാലും ടോം അൽഡ്രെഡുമായി ബന്ധപ്പെട്ട അഭ്യൂഹം വന്നതിനു പിന്നാലെ മലയാളി ആരാധകർ അദ്ദേഹത്തിന്റെ കമന്റ് ബോക്‌സിൽ എത്തിയിട്ടുണ്ട്. സ്‌കോട്ട് നെവിലിന്റെ പരാമർശത്തിന് അവർ മറുപടിയും നൽകുന്നുണ്ട്. അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇതുവരെ ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ യാതൊരു മുന്നോട്ടു പോക്കും ഉണ്ടായിട്ടില്ലെന്നാണ് ലഭ്യമായ വിവരം.

fpm_start( "true" ); /* ]]> */

Tom Aldred Advised Not Go To Kerala Blasters