ലോകകപ്പ് അടുത്തിരിക്കെ ബ്രസീലിന് ആശ്വാസവാർത്ത, പരിക്കേറ്റ മധ്യനിര താരത്തിന് ടൂർണമെന്റ് നഷ്ടമാകില്ല
ഈ വർഷത്തെ ലോകകപ്പ് ക്ലബ് സീസണിന്റെ ഇടയിലാണ് നടക്കുന്നത് എന്നതിനാൽ തന്നെ താരങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പരിക്കു പറ്റാനും ടൂർണമെന്റ് നഷ്ടമാകാനുമുള്ള സാധ്യതയുണ്ട്. പരിശീലകരെ സംബന്ധിച്ച് വലിയ തലവേദനയും ഇതു തന്നെയാണ്. അർജന്റീന താരം പൗളോ ഡിബാല ഫ്രഞ്ച് താരങ്ങളായ പോൾ പോഗ്ബ, എൻഗോളോ കാന്റെ, യുറുഗ്വായ് താരം റൊണാൾഡ് അറോഹോ എന്നിവരെല്ലാം ലോകകപ്പ് നഷ്ടമാകാൻ സാധ്യതയുള്ള പ്രധാന താരങ്ങളാണ്.
കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം യുണൈറ്റഡും സൗത്താപ്റ്റനും തമ്മിൽ നടന്ന മത്സരത്തിനിടെ മധ്യനിര താരമായ ലൂക്കാസ് പക്വറ്റക്കു പരിക്കു പറ്റിയത് ബ്രസീലിനെ സംബന്ധിച്ച് ആശങ്ക നൽകുന്ന കാര്യമായിരുന്നു. മത്സരത്തിനു ശേഷം വെസ്റ്റ് ഹാം പരിശീലകനായ ഡേവിഡ് മോയസും പക്വറ്റക്ക് ലോകകപ്പ് നഷ്ടമാകാനുള്ള സാധ്യതയുണ്ടെന്നാണു പറഞ്ഞത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ലോകകപ്പിനായി ഒരുങ്ങുന്ന ബ്രസീലിയൻ ക്യാംപിന് ആശ്വാസം നൽകുന്നതാണ്.
ഇംഗ്ലീഷ് മാധ്യമമായ ദി ഗാർഡിയന്റെ റിപ്പോർട്ടുകൾ പ്രകാരം ലൂകാസ് പക്വറ്റക്ക് രണ്ടാഴ്ചത്തെ വിശ്രമം മതിയാവുമെന്നാണ് വെസ്റ്റ് ഹാം യുണൈറ്റഡ് കരുതുന്നത്. അങ്ങിനെയാണെങ്കിൽ ലോകകപ്പിനു മുൻപ് പരിക്കു മാറി ഫിറ്റ്നസ് വീണ്ടെടുക്കാൻ താരത്തിന് കഴിയും. ബ്രസീൽ ടീമിൽ ടിറ്റെയുടെ പദ്ധതികളിൽ പ്രധാനിയായ താരമായ ലൂക്കാസ് പക്വറ്റ നെയ്മറുമായി മികച്ച രീതിയിൽ ഒത്തിണക്കത്തോടെ കളിക്കുന്ന താരം കൂടിയാണ്. ട്യുണീഷ്യക്കും ഘാനക്കുമെതിരെ നടന്ന കഴിഞ്ഞ മത്സരങ്ങളിൽ താരം ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നു.
West Ham hope two weeks of rest will be enough for Lucas Paquetá to recover from the shoulder injury that has threatened the Brazil international’s chances of going to the World Cup next month.
— Guardian sport (@guardian_sport) October 20, 2022
By @JacobSteinberg https://t.co/7d7zwe0OMw
ഓഗസ്റ്റിലാണ് അൻപത്തിയൊന്നു മില്യൺ പൗണ്ടിന്റെ റെക്കോർഡ് ട്രാൻസ്ഫറിൽ ലൂക്കാസ് പക്വറ്റയെ വെസ്റ്റ് ഹാം യുണൈറ്റഡ് സ്വന്തമാക്കിയത്. പ്രീമിയർ ലീഗിൽ എത്തിയ താരത്തിന് പെട്ടന്നു തന്നെ ടീമിന്റെ പ്രധാന താരമായി മാറാൻ കഴിഞ്ഞു. പക്വറ്റ പുറത്തു പോകുന്നത് വെസ്റ്റ് ഹാം യുണൈറ്റഡിനും തിരിച്ചടിയാണ്. ബ്രസീലിയൻ താരത്തിനു പുറമെ മറ്റൊരു മധ്യനിര താരമായ മാക്സ്വെൽ കോർണറ്റും പരിക്കേറ്റു പുറത്തിരിക്കുകയാണ്.