ഗോളിന്റെ ക്രെഡിറ്റ് ആന്റണിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ മനസു കവർന്ന് ബ്രസീലിയൻ താരങ്ങൾ

റീഡിങിനെതിരെ ഇന്നലെ നടന്ന എഫ്എ കപ്പ് മത്സരത്തിൽ ബ്രസീലിയൻ താരങ്ങളുടെ മിന്നുന്ന പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നേടിക്കൊടുത്തത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയ മത്സരത്തിൽ മൂന്നു ഗോളിലും ബ്രസീലിയൻ താരങ്ങൾക്ക് പങ്കുണ്ടായിരുന്നു. കസമീറോ രണ്ടു ഗോളുകൾ നേടിയപ്പോൾ മധ്യനിര താരം ഫ്രെഡ് ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കി. മുന്നേറ്റനിരതാരം ആന്റണിയും ഒരു ഗോളിന് വഴിയൊരുക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചുവടുറപ്പിച്ചതിനു ശേഷം മിന്നുന്ന പ്രകടനം നടത്തുന്ന കസമീറോ ഒരിക്കൽക്കൂടി ടീമിന് താൻ അവിഭാജ്യ ഘടകമാണെന്ന് തെളിയിച്ചു. റയൽ മാഡ്രിഡിൽ കൂടുതൽ ഗോളുകൾ നേടാതെ കളിച്ചിരുന്ന താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയപ്പോൾ അടിക്കടി വല കുലുക്കുന്നുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ അൻപത്തിനാലാം മിനുട്ടിൽ ആന്റണിയുടെ പാസിൽ ഗോൾ നേടിയ താരം നാല് മിനുട്ടിനു ശേഷം ബോക്‌സിന് പുറത്തു നിന്നുള്ള ഷോട്ടിലൂടെയും ഗോൾ കണ്ടെത്തി.

മത്സരത്തിലെ ആദ്യത്തെ ഗോൾ നേടിയതിനു ശേഷം കസമീറോ നടത്തിയ ഗോളാഘോഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സഹതാരങ്ങൾക്കൊപ്പം ആദ്യം ഗോൾ ആഘോഷിച്ച താരം അതിനു ശേഷം ബ്രസീലിലെ തന്റെ സഹതാരമായ ആന്റണിയെ വീണ്ടും പുണർന്ന് ഗോളിന് വഴിയൊരുക്കിയതിൽ നന്ദി പറഞ്ഞു. അതിനു ശേഷം ഗോളിന്റെ മുഴുവൻ ക്രെഡിറ്റും ആന്റണിക്ക് നൽകുന്നുവെന്ന രീതിയിൽ താരത്തിന് നേരെ വളരെ നേരം കൈചൂണ്ടി കാണിക്കുകയും ചെയ്‌തു. താരങ്ങളുടെ കൂട്ടുകെട്ട് ബ്രസീലിനും ക്ലബിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ്.

മത്സരത്തിന്റെ അറുപത്തിയാറാം മിനുട്ടിൽ മധ്യനിര താരം ഫ്രെഡ് നേടിയ ഗോളും വളരെ മനോഹരമായ ഒന്നായിരുന്നു. കോർണർ ലൈനിനരികിൽ നിന്നും ബ്രൂണോ ഫെർണാണ്ടസ് നൽകിയ ക്രോസ് ഒരു ബാക്ക്ഹീൽ ഫ്ലിക്കിലൂടെ ഫ്രെഡ് വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം പന്ത്രണ്ടു മിനുറ്റിനിടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നു ഗോളും നേടുന്നത്. എംബെൻഗ്യൂവാണ് റീഡിങ്ങിന്റെ ആശ്വാസഗോൾ നേടിയത്.