“ഈ കിരീടം പോരാ, ഇനിയും കൂടുതൽ സ്വന്തമാക്കണം”- കറബാവോ കപ്പ് നേട്ടത്തിൽ പ്രതികരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ്

നിരവധി വർഷങ്ങളായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീടാവരൾച്ചക്ക് അവസാനം കുറിച്ചാണ് കറബാവോ കപ്പ് കഴിഞ്ഞ ദിവസം അവർ ഉയർത്തിയത്. പ്രീമിയർ ലീഗിൽ തങ്ങളുടെ ആധിപത്യം വീണ്ടുമുറപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടന്ന ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് 2017നു ശേഷമുള്ള തങ്ങളുടെ ആദ്യത്തെ കിരീടം സ്വന്തമാക്കിയത്.

എറിക് ടെൻ ഹാഗ് പരിശീലകനായി എത്തിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കണ്ടുകൊണ്ടിരിക്കുന്ന പോസിറ്റിവായ മാറ്റത്തിന്റെ പ്രതിഫലനം കൂടിയാണ് ടീം നേടിയ ഈ കിരീടം. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ കസമീറോ, റാഷ്‌ഫോഡ് തുടങ്ങിയ താരങ്ങളാണ് വിജയഗോളുകൾ നേടിയത്. അതേസമയം ഈ കിരീടനേട്ടം മതിയാവില്ലെന്നും ഇനിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കണമെന്നുമാണ് ബ്രൂണോ ഫെർണാണ്ടസ് മത്സരത്തിന് ശേഷം പറഞ്ഞത്.

“ഞങ്ങൾ ഈ നിമിഷത്തിനു വേണ്ടിയാണ് തേടിക്കൊണ്ടിരുന്നത്, ആരാധകരും ക്ലബുമെല്ലാം അതെ. ഞങ്ങൾ അർഹിച്ച കിരീടം ഒടുവിൽ ഞങ്ങൾ സ്വന്തമാക്കി. ഈ സീസൺ ഇതുവരെ മനോഹരമായിരുന്നു. പക്ഷെ ഞങ്ങൾക്കിനിയും വേണം, ഇതീ ക്ലബിന് മതിയായില്ല. എനിക്ക് സന്തോഷമുണ്ട്, കാരണം എനിക്കീ കിരീടം സ്വന്തമാക്കാനായി. പക്ഷെ ഇനി എനിക്കും ഞങ്ങൾക്കും കൂടുതൽ വേണം.” താരം മാധ്യമങ്ങളോട് പറഞ്ഞു.

എറിക് ടെൻ ഹാഗ് പരിശീലകനായതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെയധികം മെച്ചപ്പെട്ടു വരുന്നതാണ് ഈ സീസണിൽ കാണുന്നത്. അത് വീണ്ടും അഞ്ചു വർഷങ്ങൾക്ക് ശേഷം ആദ്യത്തെ കിരീടവും അവർ സ്വന്തമാക്കി. ഈ സീസണിലിനി മൂന്നു കിരീടങ്ങൾ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തമാക്കാൻ അവസരമുണ്ട്. പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യൂറോപ്പ ലീഗ് എന്നീ കിരീടങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തമാക്കാൻ കഴിയുക.