വിനീഷ്യസ് റയൽ മാഡ്രിഡ് വിട്ടാലും അത്ഭുതമില്ല, ആശങ്കയുണ്ടാക്കുന്ന വെളിപ്പെടുത്തലുമായി കസമീറോ | Vinicius Jr

വിനീഷ്യസ് ജൂനിയറിനെ സംബന്ധിച്ച് കഴിഞ്ഞ രണ്ടു സീസണുകൾ കരിയറിലെ ഏറ്റവും മികച്ചതായിരുന്നു. കാർലോ ആൻസലോട്ടിയുടെ കീഴിൽ പുതിയൊരു ദിശാബോധം നേടിയെടുത്ത താരം രണ്ടു സീസണുകളിലും നാൽപ്പതിലധികം ഗോളുകൾക്ക് വഴിയൊരുക്കി. റയൽ മാഡ്രിഡിന്റെ മാത്രമല്ല. ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി ഇരുപത്തിരണ്ടുകാരൻ ഉയർന്നു വരികയും ചെയ്‌തു.

എന്നാൽ ലാ ലിഗയിൽ നിന്നും വിനീഷ്യസിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നത് വ്യക്തമാണ്. താരത്തിനെതിരെ തുടർച്ചയായി വംശീയാധിക്ഷേപം ഉണ്ടായിട്ടും അതിനെതിരെ കൃത്യമായൊരു നടപടി സ്വീകരിക്കാൻ ലാ ലിഗ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു കൊണ്ടിരിക്കുന്ന ബ്രസീലിയൻ താരം റയൽ മാഡ്രിഡ് വിട്ടാലും അതിൽ അത്ഭുതപ്പെടാൻ കഴിയില്ലെന്നാണ് കസമീറോ പറയുന്നത്.

“ഇപ്പോഴും അങ്ങിനെയുള്ള ആളുകളുണ്ടെന്നത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. വിനീഷ്യസ് ആദ്യമായല്ല പരാതി നൽകുന്നത്, ഒരുപാട് തവണ പരാതിപെട്ടിട്ടുണ്ട്. ലാ ലിഗ നടപടിയെടുക്കണം, ഇതുപോലെയൊരു താരത്തെ അവർക്ക് നഷ്‌ടപ്പെടുത്താൻ കഴിയില്ല. താരം റയൽ മാഡ്രിഡിലാണെന്നത് എനിക്ക് സന്തോഷമാണ്, പക്ഷെ വിനീഷ്യസ് റയൽ മാഡ്രിഡ് വിട്ടു മറ്റുള്ള കാര്യങ്ങൾ ചെയ്‌താലും അതിൽ ആശ്ചര്യപ്പെടാൻ കഴിയില്ല.” കസമീറോ പറഞ്ഞു.

റയൽ മാഡ്രിഡുമായി ഒരു വർഷത്തെ കരാർ മാത്രമാണ് വിനീഷ്യസിന് ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ റയൽ മാഡ്രിഡ് നേതൃത്വത്തിനും ആരാധകർക്കും ആശങ്കയുണ്ടാക്കുന്ന വെളിപ്പെടുത്തലാണ് കസമീറോ നടത്തിയത്. എന്നാൽ റയൽ മാഡ്രിഡിനെ തന്റെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന താരമായ വിനീഷ്യസ് പുതിയ കരാർ ഒപ്പുവെക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Casemiro About Vinicius Jr Leaving Real Madrid