ഒരു ബ്രസീൽ താരം പോലുമില്ലാതെ സൗത്ത് അമേരിക്കയിലെ മികച്ച ഇലവൻ, അർജന്റീനക്കു വീണ്ടും ആധിപത്യം | CONMEBOL

ഇന്റർ നാഷണൽ ബ്രേക്കിൽ സൗത്ത് അമേരിക്കയിൽ നിന്നും ലോകകപ്പ് യോഗ്യതക്ക് വേണ്ടിയുള്ള രണ്ടു റൌണ്ട് മത്സരങ്ങൾ പൂർത്തിയായിരുന്നു. കഴിഞ്ഞ മാസം പൂർത്തിയായ രണ്ടു റൌണ്ട് മത്സരങ്ങൾ അടക്കം ഇതുവരെ ഓരോ ടീമുകളും നാല് വീതം മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരു ഗോൾ പോലും വഴങ്ങാതെ നാളിലും വിജയം നേടി ലോകകപ്പ് ജേതാക്കളായ അർജന്റീന പന്ത്രണ്ടു പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്നു.

ഈ മാസത്തെ യോഗ്യത മത്സരങ്ങൾ കഴിഞ്ഞപ്പോൾ സൗത്ത് അമേരിക്കയിലെ ടീമുകളിൽ നിന്നും മികച്ച താരങ്ങളുടെ ഇലവൻ കോൺമെബോൾ പുറത്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ മാസത്തേതു പോലെ തന്നെ അർജന്റീന താരങ്ങൾക്ക് ആധിപത്യമുള്ള ടീമാണ് ഇത്തവണയും. അർജന്റീനയിൽ നിന്നും മൂന്നു താരങ്ങൾ മികച്ച ഇലവനിൽ ഇടം പിടിച്ചപ്പോൾ വെനസ്വലയിൽ നിന്നും മൂന്നു താരങ്ങൾ മികച്ച ഇലവനിലുണ്ട്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഒരു ജയവും സമനിലയുമാണ് വെനസ്വല സ്വന്തമാക്കിയത്.

അതേസമയം ലാറ്റിനമേരിക്കയിലെ ഏറ്റവും കരുത്തുറ്റ ടീമായ ബ്രസീലിന്റെ ഒരു താരം പോലും മികച്ച താരങ്ങളുടെ ഇലവനിൽ ഉൾപ്പെട്ടില്ലെന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ രണ്ടു മത്സരങ്ങൾ ബ്രസീലിനെ സംബന്ധിച്ച് നിരാശ നൽകുന്നതായിരുന്നു. വെനസ്വലക്കെതിരെ സമനില വഴങ്ങിയ അവർ യുറുഗ്വായ്‌ക്കെതിരെ രണ്ടു ഗോളിന്റെ തോൽവി വഴങ്ങി. യുറുഗ്വായ്‌ക്കെതിരെ ഗോളിലേക്ക് ഒരു ഷോട്ട് പോലും അടിക്കാൻ കഴിയാതെയാണ് ബ്രസീൽ നിരാശപ്പെടുത്തുന്ന തോൽവി വഴങ്ങിയത്.

വെനസ്വല ഗോൾകീപ്പറായ റാഫേൽ റൊമോ ഗോൾവല കാക്കുന്ന കോൺമെബോളിന്റെ മികച്ച ടീമിൽ പ്രതിരോധനിരയിലെ താരങ്ങളെല്ലാം വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുമാണ്. റൈറ്റ് ബാക്കായി വിനീഷ്യസിനെ പൂട്ടിയ യുറുഗ്വായുടെ നാഹിതാൻ നാൻഡസും ലെഫ്റ്റ് ബാക്കായി അർജന്റീനയുടെ നിക്കോളാസ് ടാഗ്ലിയാഫിക്കോയും ഇടം നേടിയ ടീമിലെ സെന്റർ ബാക്കുകൾ വെനസ്വലയുടെ വിൽക്കർ ഏഞ്ചലും ഇക്വഡോറിനെ പിയെറോ ഹിൻകാപിയുമാണ്.

മധ്യനിരയിൽ അർജന്റീനയുടെ എൻസോ ഫെർണാണ്ടസ്, ഇക്വഡോറിന്റെ മൊയ്‌സസ് കെയ്‌സഡോ എന്നിവർ ഇടം പിടിച്ചപ്പോൾ മുന്നേറ്റനിര സൂപ്പർതാരങ്ങൾ നിറഞ്ഞതാണ്. അർജന്റീന നായകനായ ലയണൽ മെസിക്കൊപ്പം കൊളംബിയൻ താരം ഹാമെസ് റോഡ്രിഗസുമുള്ള മുന്നേറ്റനിരയിൽ ബ്രസീലിനെ തകർത്ത ലിവർപൂൾ താരം ഡാർവിൻ നുനസുമുണ്ട്. ചിലിക്കെതിരെ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയ വെനസ്വലയുടെ ജെഫേഴ്‌സൺ സൊറ്റെൽഡോയാണ് ടീമിലിടം നേടിയ മറ്റൊരു മുന്നേറ്റനിര താരം.

CONMEBOL Best XI Of October World Cup Qualifiers