ആരാധകരെ കൊള്ളയടിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം, ഐഎസ്എല്ലിൽ ടിക്കറ്റ് വില അധികമുള്ള ടീമുകളിൽ രണ്ടാം സ്ഥാനത്ത് | ISL

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസൺ ആരംഭിച്ചപ്പോൾ ടീമുകളുടെ എണ്ണത്തിൽ വർദ്ധനവ് വന്നിട്ടുണ്ട്. ആദ്യമായി ഐ ലീഗ് കിരീടം നേടുന്നവർക്ക് അടുത്ത സീസണിലെ ഐഎസ്എല്ലിലേക്ക് നേരിട്ട് യോഗ്യത നൽകിയതിനെ തുടർന്നാണ് പതിനൊന്നു ടീമുകൾ ഉണ്ടായിരുന്ന ഐഎസ്എൽ ഈ സീസണിൽ പന്ത്രണ്ടു ടീമുകളായി വർധിച്ചത്. കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടം നേടിയ ഐഎസ്എൽ ടീമായ റൌണ്ട് ഗ്ലാസ് പഞ്ചാബ് പഞ്ചാബ് എഫ്‌സി എന്ന പേരിലാണ് ഈ സീസണിൽ ഐഎസ്എല്ലിൽ കളിച്ചു കൊണ്ടിരിക്കുന്നത്.

ഐഎസ്എല്ലിലേക്ക് വന്ന ആദ്യത്തെ സീസണിൽ തന്നെ ടീമിന്റെ ആരാധകരുടെയും ഫുട്ബോൾ പ്രേമികളുടെയും മനസ് നിറക്കുന്ന ഒരു കാര്യം പഞ്ചാബ് എഫ്‌സി ചെയ്‌തിട്ടുണ്ട്‌. പഞ്ചാബ് എഫ്‌സിയുടെ ഈ സീസണിലെ ഐഎസ്എൽ മത്സരങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ കാണികൾക്ക് സൗജന്യമായി മത്സരങ്ങൾ കാണാൻ കഴിയുന്ന ഒരേയൊരു ക്ലബാണ് പഞ്ചാബ് എഫ്‌സി. ബാക്കി ടീമുകളുടെ കുറഞ്ഞ ടിക്കറ്റ് നിരക്കും കഴിഞ്ഞ ദിവസം പുറത്തു വന്നിട്ടുണ്ട്.

ട്രാൻസ്‌ഫർ മാർക്കറ്റ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം പഞ്ചാബ് എഫ്സിയുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് കാണികൾക്ക് സൗജന്യമായി പ്രവേശനം അനുവദിക്കുന്നതാണെങ്കിൽ അഞ്ചു ക്ലബുകളുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് അമ്പതു രൂപ മാത്രമാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മോഹൻ ബഗാൻ, ജംഷഡ്‌പൂർ എഫ്‌സി, ഒഡിഷ എഫ്‌സി, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകളാണ് തങ്ങളുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റുകൾ അമ്പതു രൂപ നിരക്കിൽ കാണികൾക്കു നൽകുന്നത്.

അതേസമയം ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകപിന്തുണയുള്ള ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിലാണ്. ഐഎസ്എല്ലിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള ക്ലബുകളിൽ അവസാന സ്ഥാനത്തു നിന്നും രണ്ടാമതാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്. 225 രൂപയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങളിൽ കുറഞ്ഞ ടിക്കറ്റ് നിരക്കായി വരുന്നത്. 249 രൂപ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള എഫ്‌സി ഗോവയാണ് ഈ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത്.

150 രൂപ ടിക്കറ്റ് നിരക്കുള്ള ഹൈദരാബാദ്, ചെന്നൈ എന്നീ ടീമുകൾ ഏഴും എട്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന ലിസ്റ്റിൽ ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ള മറ്റു രണ്ടു ടീമുകൾ ബെംഗളൂരു, മുംബൈ എന്നിവരാണ്. 199 രൂപയാണ് ഈ ക്ലബുകളുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ഇത്രയും തുക കുറഞ്ഞ ടിക്കറ്റ് റേറ്റായി നൽകുന്നത് ടീമിനെ പിന്തുണക്കുന്ന ആരാധകരെ കൊള്ള നടത്തുന്നതിന് തുല്യമാണെന്ന അഭിപ്രായം ഉയരുന്നുണ്ട്. ആരാധകരെ ഇങ്ങിനെ പിഴിയുമ്പോഴും ആഘോഷിക്കാൻ ഇതുവരെ ടീം ഒരു കിരീടം പോലും നേടിയിട്ടില്ലെന്നതും എടുത്തു പറയേണ്ടതാണ്.

ISL Teams With Cheapest Ticket Prices