റൊണാൾഡോയെ ഇരുപത്തിയേഴാം സ്ഥാനത്തേക്ക് പിന്തള്ളി മെസി ഒന്നാമത്, ലോകത്തിലെ ഏറ്റവും മാർക്കറ്റബിൾ അത്ലറ്റായി അർജന്റീന താരം | Messi

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും യൂറോപ്യൻ ഫുട്ബോളിൽ നിന്നും വിട പറഞ്ഞെങ്കിലും അവരുടെ ആരാധകർ തമ്മിലുള്ള തർക്കം ഇപ്പോഴും ഫുട്ബോൾ ലോകത്ത് തുടരുന്നുണ്ട്. ലയണൽ മെസിയെ റൊണാൾഡോ മറികടക്കുന്ന സമയത്തും റൊണാൾഡോയെ മെസി മറികടക്കുന്ന സമയത്തും ഇവർ തമ്മിൽ വാദങ്ങൾ ഉണ്ടാകുന്നു. ഖത്തർ ലോകകപ്പിന് ശേഷം മെസി ലോകത്തിന്റെ നിറുകയിൽ എത്തിയെങ്കിലും മികച്ച പ്രകടനം നടത്തുന്ന റൊണാൾഡോക്കും ആ സ്ഥാനമെത്താൻ കഴിയുമെന്ന് ആരാധകർ വിശ്വസിക്കുന്നു.

ഇപ്പോൾ റൊണാൾഡോയെ ഇരുപത്തിയേഴാം സ്ഥാനത്തേക്ക് പിന്തള്ളി ഒരു റാങ്കിങ്ങിൽ ലയണൽ മെസി ഒന്നാം സ്ഥാനത്തേക്ക് വന്നിട്ടുണ്ട്. സ്പോർട്ട്സ് പ്രൊ പ്രസിദ്ധീകരിച്ച ഈ വർഷത്തെ ഏറ്റവും മാർക്കറ്റബിൾ ആയിട്ടുള്ള കായികതാരങ്ങളിൽ ലയണൽ മെസിയാണ് ഒന്നാം സ്ഥാനത്ത്. ആദ്യ പത്ത് സ്ഥാനങ്ങളിൽ രണ്ടു പുരുഷ ഫുട്ബോൾ താരങ്ങൾ മാത്രം ഇടം പിടിച്ച ലിസ്റ്റിലാണ് ലയണൽ മെസി ഒന്നാമത് നിൽക്കുന്നത്. ഒൻപതാം സ്ഥാനത്തു നിൽക്കുന്ന എംബാപ്പയാണ് ലിസ്റ്റിലുള്ള മറ്റൊരു പുരുഷ ഫുട്ബോൾ താരം.

ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തു വന്നതോടെ മറ്റൊരു നേട്ടം കൂടി മെസിയെ തേടിയെത്തിയിട്ടുണ്ട്. രണ്ടു തവണ ഈ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു വരുന്ന രണ്ടാമത്തെ മാത്രം താരമാണ് ലയണൽ മെസി. ഇതിനു മുൻപ് 2020ലാണ് മെസി ഈ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു വന്നിട്ടുള്ളത്. അതേസമയം കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റൊണാൾഡോയാണ് ഇത്തവണ ഇരുപത്തിയേഴാം സ്ഥാനത്തേക്ക് വീണത്. ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്ലി ഏഴിൽ നിന്നും അമ്പതാം സ്ഥാനത്തേക്കും എത്തിയിട്ടുണ്ട്.

ബാസ്‌കറ്റ്‌ബോൾ ഇതിഹാസമായ ലെബ്രോൺ ജെയിംസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ലയണൽ മെസി ഒന്നാം സ്ഥാനത്തേക്ക് വന്നത്. അമേരിക്കൻ വനിതാ ഫുട്ബോൾ ടീമിന്റെ സ്‌ട്രൈക്കറായ അലക്‌സ് മോർഗൻ മൂന്നാം സ്ഥാനത്തു നിൽക്കുമ്പോൾ ബാസ്‌കറ്റ്‌ബോൾ താരമായ ഗിയാനിസ് ആന്റെടോകൂൺമ്പോ നാലാം സ്ഥാനത്തു നിൽക്കുന്നു. അമേരിക്കയുടെ വനിതാ ഫുട്ബോൾ ടീമിന്റെ താരമായ മെഗാൻ റാപിനോവ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്നു.

ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ പ്രകടനം നടത്തി കിരീടം സ്വന്തമാക്കിയത് ലയണൽ മെസിയെ ഒന്നാം സ്ഥാനത്തേക്ക് വരാൻ സഹായിച്ചിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ബ്രാൻഡിങ് സ്ട്രെങ്ത്ത്, ടോട്ടൽ അഡ്രസ്സബിൾ മാർക്കറ്റ്, എക്കണോമിക്‌സ് എന്നിവയെല്ലാം വിലയിരുത്തിയാണ് റാങ്കിങ് തയ്യാറാക്കുന്നത്. ഈ സമ്മറിൽ അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയ ലയണൽ മെസി അവിടെ ഉണ്ടാക്കിയ ഇമ്പാക്റ്റും റാങ്കിങ്ങിൽ ഒന്നാമതെത്താൻ താരത്തെ സഹായിച്ചിട്ടുണ്ട്.

Messi Most Marketable Athlete In 2023