“ടീമിന്റെ സാധ്യതകളെ മുഴുവൻ അവനു നശിപ്പിക്കാൻ കഴിയും”- ക്രിസ്റ്റ്യൻ റൊമേരോയെക്കുറിച്ച് മുന്നറിയിപ്പ് | Romero

ആഞ്ചെ പൊസ്തേകൊഗ്‌ലു പരിശീലകനായതിനു ശേഷം പ്രീമിയർ ലീഗിൽ സ്വപ്‌നസമാനമായ കുതിപ്പ് നടത്തുകയായിരുന്ന ടോട്ടനം ഹോസ്‌പർ കഴിഞ്ഞ ദിവസമാണ് ഈ സീസണിലെ ആദ്യത്തെ തോൽവി വഴങ്ങിയത്. ചെൽസിക്കെതിരെ നടന്ന മത്സരത്തിൽ ആറാം മിനുറ്റിൽ തന്നെ കുലുസേവ്‌സ്‌കിയിലൂടെ ടോട്ടനം മുന്നിലെത്തി എങ്കിലും പിന്നീട് നാല് ഗോളുകൾ തിരിച്ചടിച്ചാണ് ചെൽസി വിജയം നേടിയത്. നിക്കോളാസ് ജോൺസൺ ഹാട്രിക്ക് നേടിയ മത്സരത്തിൽ കോൾ പാൽമർ മറ്റൊരു ഗോൾ കണ്ടെത്തി.

മത്സരത്തിൽ വളരെ നിർണായകമായ നിമിഷം ടോട്ടനം ഹോസ്‌പർ പ്രതിരോധതാരമായ ക്രിസ്റ്റ്യൻ റൊമേറോക്ക് ചുവപ്പുകാർഡ് ലഭിച്ചതായിരുന്നു. മുപ്പത്തിമൂന്നാം മിനുട്ടിൽ എൻസോ ഫെർണാണ്ടസിനെ ഫൗൾ ചെയ്‌തതിനു താരം ചുവപ്പുകാർഡ് നേടി പോവുകയും അതിനു പിന്നാലെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ചെൽസി ഒപ്പമെത്തുകയും ചെയ്‌തു. രണ്ടാം പകുതിയിൽ ഉഡോഗി കൂടി ചുവപ്പുകാർഡ് നേടി പുറത്തു പോയതോടെ ഒൻപതു പേരായി ടോട്ടനം ചുരുങ്ങിയത് ചെൽസിക്ക് കാര്യങ്ങൾ എളുപ്പമാക്കി.

അർജന്റീനക്കൊപ്പം ലോകകപ്പ് നേടിയ താരമായ ക്രിസ്റ്റ്യൻ റോമെറോ ദേശീയ ടീമിനായും പ്രീമിയർ ലീഗിലും മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും താരം വരുത്തുന്ന അനാവശ്യമായ പിഴവുകൾ ടോട്ടനത്തിനു വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നത് സത്യം തന്നെയാണ്. ഇന്നലത്തെ മത്സരത്തിൽ ചുവപ്പുകാർഡ് ലഭിക്കുന്നതിന് മുൻപ് മറ്റൊരു ഫൗളിന് താരം പുറത്താക്കപ്പെടേണ്ടതായിരുന്നു. അതുകൊണ്ട് തന്നെ താരത്തെ സൂക്ഷിക്കണമെന്നും ക്ലബിന്റെ ഈ സീസൺ മുഴുവൻ ഇല്ലാതാക്കാൻ റൊമേറോക്ക് കഴിയുമെന്നുമാണ് മുൻ ചെൽസി താരം ആൻഡി ടൗൺസെൻഡ്‌ പറയുന്നത്.

“കൾട്ട് ഹീറോ സ്വഭാവമുള്ള കളിക്കാരെ ആരാധകർ വളരെയധികം ഇഷ്‌ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ അതുപോലെ തന്നെ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഒരു സീസൺ മുഴുവൻ നശിപ്പിക്കാൻ താരത്തിന് കഴിയും. വാൻ ഡി വെനിനൊപ്പം മികച്ച പ്രകടനമാണ് താരം നടത്തുന്നതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഒരു സെക്കൻഡിന്റെ ഒരംശം കൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങൾ ചെയ്യുന്ന സ്വഭാവം താരത്തിലുണ്ട്.” മത്സരത്തെ വിശകലനം ചെയ്യുന്നതിനിടെ ടൗൺസെൻഡ്‌ പറഞ്ഞു.

അർജന്റീന ടീമിനൊപ്പം ക്രിസ്റ്റ്യൻ റോമെറോ കുറച്ചുകൂടി ശ്രദ്ധാപൂർവമാണ് കളിക്കാറുള്ളതെങ്കിലും ഈ മുന്നറിയിപ്പ് അവർക്ക് കൂടി ബാധകമാണ്. ഈ സീസൺ അവസാനിച്ചാൽ കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുമെന്നിരിക്കെ അനാവശ്യമായി ചുവപ്പുകാർഡ് വാങ്ങുന്ന റൊമേറോയുടെ സ്വഭാവം ടീമിന് ഗുണം ചെയ്യില്ല. അർജന്റീന ടീമിലെ ഏറ്റവും മികച്ച ഡിഫെൻഡർ റൊമേറോയാണെന്നിരിക്കെ താരത്തിന്റെ ഓരോ പിഴവും ടീമിനെ ബാധിക്കും.

Cristian Romero Can Ruin Tottenham Season Warns Ex Chelsea Star