മാസല്ല, മരണമാസാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ; 2023ൽ ഗോൾവേട്ടയിൽ തലപ്പത്ത് പോർച്ചുഗൽ താരം | Ronaldo

കഴിഞ്ഞ സീസണിൽ എറിക് ടെൻ ഹാഗിനു കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മോശം പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയിരുന്നത്. ഗോളുകൾ കണ്ടെത്താൻ വളരെയധികം ബുദ്ധിമുട്ടുകയും അവസരങ്ങൾ കുറയുകയും ചെയ്‌തതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനോടും നേതൃത്വത്തോടും അതൃപ്‌തി വ്യക്തമാക്കി താരം ക്ലബ് വിട്ടു. അതിനു പിന്നാലെ നടന്ന ലോകകപ്പിലും റൊണാൾഡോ തിളങ്ങാതെ വന്നതോടെ താരത്തിന്റെ കരിയർ അവസാനഘട്ടത്തിലെത്തിയെന്ന് ഏവരും വിലയിരുത്തി.

എന്നാൽ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതോടെ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉയർത്തെഴുന്നേൽക്കുന്നതാണ് കാണുന്നത്. കഴിഞ്ഞ സീസണിന്റെ രണ്ടാമത്തെ പകുതി അൽ നസ്റിൽ ചെലവഴിച്ച താരം ഗോളുകൾ അടിച്ചുകൂട്ടി മികച്ച പ്രകടനമാണ് നടത്തിയത്. ഈ സീസണിലും അതെ പ്രകടനം ആവർത്തിക്കുന്ന റൊണാൾഡോ അൽ നസ്‌റിനൊപ്പം ഒരു കിരീടം സ്വന്തമാക്കി, ബാക്കി കിരീടങ്ങൾ കൂടി നേടാനാണ് ശ്രമിക്കുന്നത്.

അൽ നസ്റിന് വേണ്ടി മാത്രമല്ല, പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയും മിന്നുന്ന പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തുന്നത്. ഈ മാസം നടന്ന പോർച്ചുഗലിന്റെ രണ്ടു മത്സരങ്ങളിലും താരം ഇരട്ടഗോളുകൾ നേടി. ഇന്നലെ ബോസ്‌നിയക്കെതിരെ നടന്ന മത്സരത്തിൽ പോർച്ചുഗൽ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വമ്പൻ വിജയം നേടിയപ്പോൾ രണ്ടു ഗോളും ഒരു അസിസ്റ്റും റൊണാൾഡോയുടെ വകയായിരുന്നു. ഇതോടെ ഈ വർഷം ഏറ്റവുമധികം ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്.

അൽ നസ്റിനും പോർച്ചുഗൽ ദേശീയ ടീമിനായി ഈ വർഷം 43 മത്സരങ്ങളിൽ നിന്നും 40 ഗോളുകളാണ് റൊണാൾഡോ നേടിയിരിക്കുന്നത്‌. അതിനു പുറമെ എട്ട് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. താരത്തിന് പിന്നിൽ നിൽക്കുന്നവരെല്ലാം യൂറോപ്പിലെ യുവതാരങ്ങളാണ്. മാഞ്ചസ്റ്റർ സിറ്റിക്കും നോർവെക്കുമായി 39 ഗോളുകൾ നേടിയ എർലിങ് ഹാലാൻഡ് രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ പിഎസ്‌ജിക്കും ഫ്രാൻസിനുമായി 35 ഗോളുകൾ നേടിയ എംബാപ്പെ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

മുപ്പത്തിയെട്ടാം വയസിലാണ് ഇത്രയും മിന്നുന്ന പ്രകടനം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തുന്നത് എന്നതാണ് ഏറ്റവും അവിശ്വസനീയമായ കാര്യം. പ്രായത്തിനും മറ്റുള്ളവരുടെ വിമർശനങ്ങൾക്കും തന്നെ തളർത്താൻ കഴിയില്ലെന്നും അത് തന്നെ കൂടുതൽ കരുത്തനാക്കുകയാണ് ചെയ്യുന്നതെന്നും റൊണാൾഡോ വീണ്ടും തെളിയിച്ചു. ഇനിയും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ തനിക്ക് കഴിയുമെന്നും റൊണാൾഡോ ഓരോ മത്സരങ്ങളിലും ലോകത്തിനു കാണിച്ചു കൊടുക്കുകയാണ്.

Cristiano Ronaldo Top Scorer Of 2023