വർഷത്തിൽ രണ്ടോ മൂന്നോ ഇന്ത്യൻ താരങ്ങളെ അദ്ദേഹം വാർത്തെടുക്കുന്നു, തനിക്ക് പകരക്കാരനായി ആരു വരണമെന്നു പറഞ്ഞ് സ്റ്റിമാക്ക് | Stimac

സ്റ്റീഫൻ കോൺസ്റ്റന്റൈനു പകരക്കാരനായി 2019ലാണ് ഇന്ത്യൻ ഫുട്ബോളിന്റെ പരിശീലകസ്ഥാനം ഇഗോർ സ്റ്റിമാക്ക് ഏറ്റെടുക്കുന്നത്. നാല് വർഷം പിന്നിട്ടപ്പോഴും അദ്ദേഹം തന്നെയാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി തുടരുന്നത്. ഇതിനിടയിൽ ഇന്ത്യൻ ഫുട്ബോളിന്റെ ഉയർച്ചകളും താഴ്‌ചകളും കാണുകയുണ്ടായി. നിരവധി തവണ സ്റ്റിമാക്കിനെതിരെ ആരാധകർ കടുത്ത വിമർശനം ഉയർത്തിയെങ്കിലും അദ്ദേഹത്തെ മാറ്റാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തയ്യാറായില്ല.

ഈ വർഷമാണ് സ്റ്റിമാക്കിനു കീഴിൽ ഇന്ത്യൻ ഫുട്ബോൾ ടീം മികച്ച പ്രകടനം നടത്തിയത്. മൂന്നു കിരീടങ്ങൾ ഈ വർഷം സ്വന്തമാക്കാൻ ടീമിന് കഴിഞ്ഞു. അതേസമയം ഏഷ്യൻ ഗെയിംസിലും മെർദേക്ക കപ്പിലും ടീമിന്റെ പ്രകടനം മോശമായിരുന്നു. ഈ വർഷം മൂന്നു കിരീടങ്ങൾ നേടിയതോടെ സ്റ്റിമാക്കിന്റെ കരാർ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പുതുക്കി നൽകിയിട്ടുണ്ട്. 2026 വരെയാണ് അദ്ദേഹം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി തുടരുക.

ഇന്ത്യയെ ലോകകപ്പ് യോഗ്യതയുടെ രണ്ടാം റൗണ്ടിലെത്തിച്ചാൽ നിലവിലുള്ള കരാർ വീണ്ടും പുതുക്കാൻ കഴിയുമെന്ന ഉടമ്പടിയുള്ള സ്റ്റിമാക്കിനെ സംബന്ധിച്ച് ഇനി വരാനുള്ള പ്രധാന പോരാട്ടം ഏഷ്യൻ കപ്പാണ്. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ നടക്കുന്ന ടൂർണ്ണമെന്റിലേക്ക് ടീമിനെ തയ്യാറെപ്പിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നത്. അതിനിടയിൽ താൻ സ്ഥാനമൊഴിഞ്ഞാൽ ഇന്ത്യയെ ആരു നയിക്കണമെന്നാണ് ആഗ്രഹമുള്ളതെന്ന് കഴിഞ്ഞ ദിവസം താരം വെളിപ്പെടുത്തുകയുണ്ടായി.

“ഞാൻ ഒരു ദിവസം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുകയാണെങ്കിൽ മനോലോ ആ സ്ഥാനത്തേക്ക് വരണമെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ സമീപനവും വിശ്വാസവും യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള കഴിവും മികച്ചതാണ്. അദ്ദേഹത്തെ പരമാവധി കാലം ഇവിടെ പിടിച്ചു നിർത്തണം, കാരണം ഓരോ വർഷവും രണ്ടോ മൂന്നോ ഇന്ത്യൻ താരങ്ങളെ മനോലോ വാർത്തെടുക്കുന്നുണ്ട്.” 420 ഗ്രാംസ് പോഡ്‌കാസ്റ്റിനോട് ഇഗോർ സ്റ്റിമാക്ക് പറഞ്ഞു.

ബാഴ്‌സലോണയിൽ ജനിച്ച മനോലോ സ്പെയിനിലെ നിരവധി ക്ളബുകളെ പരിശീലിപ്പിച്ചതിനു ശേഷമാണ് ഇന്ത്യയിലേക്ക് വന്നത്. ആദ്യം ഹൈദരാബാദ് എഫ്‌സിയുടെ പരിശീലകനായ അദ്ദേഹം മൂന്നു വർഷം അവർക്കൊപ്പം ഉണ്ടായിരുന്നു. അവർക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് നേടിയിട്ടുള്ള മനോലോ നിലവിൽ എഫ്‌സി ഗോവയുടെ പരിശീലകനാണ്. 2022ൽ ഇഎസ്‌പിഎന്നിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലകനുള്ള അവാർഡ് നേടിയത് മനോലോ ആയിരുന്നു.

Igor Stimac Wants Manolo Marquez To Replace Him