അർജന്റീന താരത്തെ നോട്ടമിട്ടുണ്ടെന്ന് ഇറ്റാലിയൻ പരിശീലകൻ, പരോക്ഷമായി മറുപടി നൽകി അർജന്റീന താരം | Argentina

പല രാജ്യങ്ങളുടെയും ഫുട്ബോൾ ടീമുകൾ വളരെ സമർത്ഥമായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഇരട്ട പൗരത്വം. മറ്റു രാജ്യങ്ങളിൽ ജനിച്ചു വളർന്ന താരങ്ങൾ ആണെങ്കിലും അവരുടെ മുൻ തലമുറയിലുള്ള ആളുകൾ തങ്ങളുടെ രാജ്യക്കാർ ആയിരുന്നെങ്കിൽ അവർക്ക് പൗരത്വം നൽകി സ്വന്തമാക്കുന്ന പരിപാടി ഒരുപാട് കാലങ്ങളായുണ്ട്. റയൽ മാഡ്രിഡിന്റെ എക്കാലത്തെയും വലിയ ഇതിഹാസമായ ഡി സ്‌റ്റെഫാനോ അർജന്റീനയിൽ കളിച്ച് പിന്നീട് സ്പെയിനിലേക്ക് കൂടുമാറിയത് ഈ നിയമം ഉപയോഗിച്ചാണ്.

നിലവിലുള്ള പല ടീമുകളും ഇതുപോലെ ഇരട്ട പൗരത്വമുള്ള താരങ്ങളെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്. സ്പെയിനിലെ മാഡ്രിഡിൽ ജനിച്ച സ്‌പാനിഷ്‌ താരമായിരുന്ന അലസാൻഡ്രോ ഗർനാച്ചോ അർജന്റീന ടീമിൽ കളിക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. അതുപോലെ അർജന്റീനക്കും നഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. അർജന്റീനയിൽ ജനിച്ച് അർജന്റീനിയൻ ലീഗിൽ കളിച്ചിരുന്ന മാറ്റിയോ റെറ്റെഗുയിയെ സമീപകാലത്ത് ഇറ്റലി റാഞ്ചിയിരുന്നു. ഇറ്റാലിയൻ ടീമിനായി താരം കളത്തിലിറങ്ങുകയും ചെയ്‌തു.

അതിനിടയിൽ ഇപ്പോൾ സീരി എയിൽ മികച്ച പ്രകടനം നടത്തുന്ന അർജന്റീന താരമായ മാറ്റിയാസ് സൂളയെ റാഞ്ചാൻ തങ്ങൾക്ക് പദ്ധതിയുണ്ടെന്ന് ഇറ്റാലിയൻ പരിശീലകനായ സ്‌പല്ലെറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കി. സൂളെയെയും മോൻസെയിൽ കളിക്കുന്ന ഇറ്റാലിയൻ താരം കോൾപാനിയെയും തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ഇവരിൽ ഒരാളോട് താൻ ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നുമാണ് സ്‌പല്ലെറ്റി കഴിഞ്ഞ ദിവസം പറഞ്ഞത്. മികച്ച പ്രകടനം നടത്തുന്ന താരങ്ങൾ അവസരം അർഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം അർജന്റീനയോടുള്ള തന്റെ ഇഷ്‌ടം മാറ്റിയാസ് സൂളെ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. ഇൻസ്റ്റഗ്രാമിൽ അർജന്റീനയും പാരഗ്വായും തമ്മിലുള്ള മത്സരം കാണുന്നതിന്റെ ചിത്രം പങ്കുവെച്ച താരം അർജന്റീനയുടെ ജേഴ്‌സിയുടെ കളറിലുള്ള ലവ് ചിഹ്നങ്ങളും അതിനൊപ്പം ചേർത്തിട്ടുണ്ട്. നിലവിൽ യുവന്റസിൽ നിന്നും ലോൺ കരാറിൽ സീരി എ ക്ലബായ ഫ്രോസിനോണിനു വേണ്ടി കളിക്കുന്ന താരത്തിന് അർജന്റീനക്ക് വേണ്ടി കളിക്കാനാണ് ആഗ്രഹമെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

അതേസമയം തന്റെ ഇഷ്‌ടം താരം വെളിപ്പെടുത്തിയെങ്കിലും ഇക്കാര്യത്തിൽ അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി എടുക്കുന്ന തീരുമാനം വളരെ നിർണായകമാണ്. അർജന്റീന ടീമിൽ അവസരങ്ങൾ ലഭിക്കുമെങ്കിൽ മാത്രമേ സൂളെ അവർക്ക് വേണ്ടി കാത്തിരിക്കുകയുള്ളൂ. നിരന്തരം അർജന്റീന ടീമിൽ അവസരങ്ങൾ ഇല്ലാതെ തഴയപ്പെട്ടാൽ സ്‌പല്ലെറ്റിക്ക് താരത്തെ ഇറ്റലിക്ക് വേണ്ടി കളിക്കാൻ സമ്മതിപ്പിക്കാൻ കഴിയും. അതിനുള്ള ശ്രമം ഇപ്പോഴേ ആരംഭിച്ചിട്ടുണ്ട്.

Italy Coach Spalletti Confirms Interest In Argentina Star Matias Soule