എംബാപ്പെയടക്കം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തലവര മാറ്റുന്ന മൂന്നു സൈനിംഗുകൾ പദ്ധതിയിട്ടു, ഇതു തീരാനഷ്‌ടം | Man Utd

സർ അലക്‌സ് ഫെർഗൂസൻ ക്ലബ് വിട്ടതിനു ശേഷം പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി വർഷങ്ങളായി അതിനു ശ്രമിക്കുന്ന അവർ ഇടക്ക് ചില ഓളങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സ്ഥിരതയാർന്ന പ്രകടനം ഉണ്ടാവാറില്ല. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ സീസണിൽ ലീഗിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടീം ഈ സീസണിൽ മോശം പ്രകടനങ്ങളോടെ പത്താം സ്ഥാനത്തു നിൽക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ തളർച്ചക്ക് കുറ്റക്കാരായി ആരാധകർ കാണുന്നത് ക്ലബിന്റെ ഉടമകളായ ഗ്ലെസേഴ്‌സ് ഫാമിലിയുടെ ദിശാബോധമില്ലാത്ത നയങ്ങളാണ്. ക്ലബിൽ വലിയ രീതിയിൽ നിക്ഷേപം നടത്താൻ അവർ മടിക്കുന്നതിനാൽ തന്നെ ഖത്തറി ബിസിനസ്‌മാനായ ഷെയ്ഖ് ജാസിം ക്ലബ്ബിനെ വാങ്ങാനുള്ള ബിഡ് സമർപ്പിച്ചപ്പോൾ അവർ വലിയ രീതിയിൽ സന്തോഷിക്കുകയും ചെയ്‌തു. എന്നാൽ ജാസിമിന്റെ എല്ലാ ഓഫറും ക്ലബ് നേതൃത്വം തള്ളിയതോടെ വാങ്ങാനുള്ള തീരുമാനത്തിൽ നിന്നും അദ്ദേഹം കഴിഞ്ഞ ദിവസം പിൻവാങ്ങി.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ സംബന്ധിച്ച് വലിയ നഷ്‌ടമാണു ഷെയ്ഖ് ജാസിമിന്റെ പിൻമാറ്റം കൊണ്ടുണ്ടായതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. റിപ്പോർട്ടുകൾ പ്രകാരം വമ്പൻ തുകയാണ് അദ്ദേഹം ക്ലബിനെ മുഴുവൻ വാങ്ങാനായി ഓഫർ ചെയ്‌തത്‌ അതിനു പുറമെ ക്ലബ്ബിനെ കരുത്തുറ്റതാക്കാൻ നല്ല രീതിയിലുള്ള നിക്ഷേപവും അദ്ദേഹം പദ്ധതിയിട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം മൂന്നു വമ്പൻ സൈനിംഗുകളാണ് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിൽ നടത്താൻ തീരുമാനിച്ചത്.

ജർമൻ മാധ്യമമായ ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജിയുടെ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയാണ് ജാസിം ലക്ഷ്യമിട്ട താരങ്ങളിൽ പ്രധാനി. റയൽ മാഡ്രിഡ് നോട്ടമിട്ടിരിക്കുന്ന താരമാണ് എംബാപ്പെ എങ്കിലും വമ്പൻ തുക വാരിയെറിഞ്ഞ് താരത്തെ സ്വന്തമാക്കാനുള്ള പദ്ധതിയായിരുന്നു ഖത്തറി ബിസിനസുകാരൻ തയ്യാറാക്കിയത്. അതിനു പുറമെ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരമായ കാമവിങ്ങ, ബയേൺ മ്യൂണിക്കിന്റെ കിങ്‌സ്‌ലി കോമൻ എന്നിവരെയാണ് അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്.

ജാസിമിന്റെ ബിഡ് തള്ളിയ മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം മറ്റൊരു നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ക്ലബിന്റെ ഇരുപത്തിയഞ്ചു ശതമാനം ഷെയറുകൾ ഇംഗ്ലണ്ടിലെ തന്നെ സമ്പന്നനായ ജിം റാറ്റ്ക്ലിഫിനു നൽകാനാണ് അവർ ഒരുങ്ങുന്നത്. ഭാവിയിൽ റാറ്റ്ക്ലിഫ് ക്ലബ്ബിനെ മുഴുവനായും ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകളും സജീവമായുണ്ട്. എന്തായാലും ഖത്തറി ബിസിനസ്‌മാൻ വന്നിരുന്നെങ്കിൽ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള കിരീടങ്ങൾ വീണ്ടും തട്ടകത്തിലെത്തിക്കാൻ റെഡ് ഡെവിൾസിന് കഴിയുമായിരുന്നു.

Sheikh Jassim Planned 3 Huge Signings At Man Utd