ഗാസക്കു വേണ്ടി പ്രാർത്ഥിച്ച് കരിം ബെൻസിമ, ഫ്രഞ്ച് താരത്തെ തെറി വിളിച്ച് ഇസ്രായേലി ഗോൾകീപ്പർ | Benzema

ഗാസ മുനമ്പിലെ സംഘർഷം സങ്കീർണമായ അവസ്ഥയിലേക്ക് പോവുകയാണ്. ഹമാസിനെതിരായ ആക്രമണം ശക്തമാക്കാൻ വടക്കൻ ഗാസയിലുള്ള ആളുകൾ മുഴുവൻ തെക്കു ഭാഗത്തേക്ക് മാറണമെന്ന് ഇസ്രായേൽ അറിയിച്ചു കഴിഞ്ഞു. ഗാസയിലേക്കുള്ള വൈദ്യുതി, വെള്ളം മുതലായ സാധനങ്ങൾക്ക് പോലും ഇസ്രായേൽ നിയന്ത്രണം കൊണ്ടു വന്നതോടെ പല ഭാഗത്തു നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. സാധാരണ ജനങ്ങളെ ബാധിക്കുന്ന ഈ യുദ്ധം അവസാനിപ്പിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

അതിനിടെ ഗാസക്ക് വേണ്ടി പ്രാർത്ഥിച്ച് ഫ്രഞ്ച് താരവും റയൽ മാഡ്രിഡ് ഇതിഹാസവുമായ കരിം ബെൻസിമ രംഗത്തു വന്നിരുന്നു. ഈ വിഷയം ആരംഭിച്ചതിനു ശേഷം ഫുട്ബോൾ ലോകത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുന്ന പ്രധാനപ്പെട്ട താരമാണ് കഴിഞ്ഞ വർഷത്തെ ബാലൺ ഡി ഓർ ജേതാവായ കരിം ബെൻസിമ. നിലവിൽ സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഹാദിൽ കളിക്കുന്ന താരം സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഗാസക്കുള്ള തന്റെ പിന്തുണ ലോകത്തോട് വിളിച്ചു പറഞ്ഞത്.

ഇസ്രയേലിന്റെ നടപടിയെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് കരിം ബെൻസിമ സോഷ്യൽ മീഡിയയിലൂടെ പ്രതികരണം അറിയിച്ചത്. “ഗാസയിൽ താമസിക്കുന്ന എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഒരു തരത്തിലും നീതിയുക്തമല്ലാത്ത ബോംബിങ്ങിന്റെ ഇരകളാകേണ്ടി വന്നവർ അവരാണ്. സ്ത്രീകളെയും കുട്ടികളെയും വരെ വെറുതെ വിടാത്ത രീതിയിലാണ് അവിടെ ബോംബിങ് നടക്കുന്നത്.” താരം തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

ബെൻസിമ ഗാസക്കുള്ള തന്റെ പിന്തുണ അറിയിച്ചതോടെ ഇസ്രായേലിൽ നിന്നും അതിനുള്ള മറുപടിയും വന്നിട്ടുണ്ട്. സ്‌പാനിഷ്‌ ലീഗിൽ മുൻപ് കളിച്ചിട്ടുള്ള ഇസ്രായേൽ ഗോൾകീപ്പർ ഫ്രഞ്ച് താരത്തെ തെറിവിളിച്ചാണ് ഇതിനു മറുപടി നൽകിയിരിക്കുന്നത്. “സൺ ഓഫ് എ ബിച്ച്” എന്നാണു ബെൻസിമയെക്കുറിച്ച് ഇസ്രായേൽ ഗോൾകീപ്പർ ഡൂഡു അവോട്ടെ എഴുതിയിരിക്കുന്നത്. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഹീബ്രൂ, സ്‌പാനിഷ്‌ എന്നീ ഭാഷകളിൽ ഈ വാക്ക് എഴുതിയിട്ടുണ്ടെന്നതാണ് വിചിത്രമായ കാര്യം.

ഇസ്രായേൽ-ഗാസ സംഘർഷവുമായി ബന്ധപ്പെട്ട് ഫുട്ബോൾ ലോകത്തു നിന്നും ആദ്യമായി പ്രതികരണം അറിയിക്കുന്ന പ്രധാനതാരങ്ങളിൽ ഒരാളാണ് കരിം ബെൻസിമ. അതേസമയം ഇതിനെതിരെയുള്ള ഡൂഡുവിന്റെ പ്രതികരണം സംഭവത്തിലെ വൈകാരികതലം വ്യക്തമാക്കി തരുന്നതാണ്. ലാ ലീഗയിൽ റേസിംഗ് സാന്റഡാർ, ഡീപോർറ്റീവോ ലാ കൊരൂണ, മയോർക്ക എന്നീ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ഡൂഡു കരിം ബെൻസിമയുടെ റയൽ മാഡ്രിഡിനെതിരെ കളിച്ചിട്ടുണ്ട്.

Karim Benzema Abused By Dudu Aouate