ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പകയിൽ ഡയസ് നീറിയൊടുങ്ങുന്നു, ചങ്ക് പറിച്ച് സ്നേഹിച്ചവരെ ചതിച്ചവർക്ക് ഇതൊരു പാഠമാകട്ടെ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ജോർജ് പെരേര ഡയസ് ആദ്യമായി എത്തുന്നത് കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാനാണ്. അർജന്റീനിയൻ തലസ്ഥാനമായ ബ്യുണസ് അയേഴ്‌സിലെ ക്ലബായ പ്ലാറ്റൻസിൽ നിന്നും ലോണിലാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. ആദ്യത്തെ സീസണിൽ തന്നെ മികച്ച പ്രകടനം നടത്തിയ അർജന്റീന താരം ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ആ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരവും ഡയസ് ആയിരുന്നു.

ഡയസിനെ കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിന് അതിനു കഴിഞ്ഞില്ല. താരത്തിന് സ്ഥിരം കരാർ നൽകുന്നതിൽ നേതൃത്വം പരാജയപ്പെട്ടപ്പോൾ താരം മുംബൈ സിറ്റിയിലേക്ക് ചേക്കേറി. അവർക്ക് വേണ്ടിയും മികച്ച പ്രകടനം തുടർന്ന താരം കഴിഞ്ഞ സീസണിൽ ടീമിനൊപ്പം ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കി. ഈ സീസണിലും തന്റെ മികവ് തുടരുന്ന ഡയസ് നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്കോറർമാരിൽ ഒരാളാണ്.

ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ഡയസിനോട് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സ്നേഹമുണ്ടായിരുന്നു. താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരണമെന്നും അവർ ആഗ്രഹിച്ചിരുന്നു. എന്നാൽ മുംബൈ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഡയസിനോടുള്ള സ്നേഹം അവസാനിച്ചിട്ടുണ്ട്. തന്റെ മുൻ ക്ലബിനെയും ആരാധകരെയും യാതൊരു വിധത്തിലും മാനിക്കാതെയാണ് ഡയസ് കളിച്ചത്. മത്സരത്തിൽ മുംബൈ മുന്നിലെത്തിയതിനു ശേഷം മൈതാനത്തിനു പുറത്ത് പരിക്കേറ്റു വീണ താരം സമയം കളയാനായി മൈതാനത്തേക്ക് തന്നെ ഉരുണ്ടു വന്നത് ആരാധകരുടെ രോഷം വളരെയധികം ഉയർത്തിയിരുന്നു.

മുംബൈക്കെതിരെ നടക്കുന്ന ഹോം മത്സരത്തിൽ ഡയസിനെതിരെ പ്രതിഷേധം ഉയർത്താൻ തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർ അതിന്റെ ചെറിയ രൂപം ഇപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ട്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അൺഫോളോ ക്യാംപയിനാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആരംഭിച്ചിരിക്കുന്നത്. വലിയൊരു കൊഴിഞ്ഞുപോക്ക് തന്നെ താരത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഉണ്ടായിട്ടുണ്ട്. അതിനു പുറമെ താരത്തിനെതിരെ കമന്റ് ബോക്‌സിലും ആരാധകർ പ്രതിഷേധം ഉയർത്തുന്നു.

ഡയസിനെ സംബന്ധിച്ചിടത്തോളം തന്റെ ടീമിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഈ പ്രവൃത്തികളെല്ലാം അദ്ദേഹം ചെയ്‌തത്‌. ഒരു ടീമിന്റെ പ്രധാന കളിക്കാരനെന്ന നിലയിൽ താരത്തിന്റെ പ്രവൃത്തി ശരിയായതുമാണ്. എന്നാൽ അതുപോലെ തന്നെ തങ്ങളുടെ ടീമിനു പൊരുതാൻ പോലും അവസരം നൽകാതെ വളഞ്ഞ വഴിയിലൂടെ വിജയം നേടാൻ ഡയസ് ശ്രമിച്ചതിന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതിഷേധിക്കുന്നതും ന്യായമായ കാര്യമാണ്. ഇതിന്റെ ബാക്കിയിനി ഡിസംബറിൽ നടക്കുന്ന മത്സരത്തിലായിരിക്കും.

Kerala Blasters Fans Unfollow Campaign Against Diaz