സെക്കൻഡുകൾക്കുള്ളിൽ ക്ലോസ് റേഞ്ചിൽ നിന്നും ഡബിൾ സേവുകൾ, സച്ചിൻ സുരേഷിനു വെല്ലുവിളിയാകാൻ ബ്ലാസ്റ്റേഴ്‌സ് യുവതാരം | Arbaz

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങുന്ന സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രധാന ആശങ്ക ഗോൾകീപ്പർ പൊസിഷനിലായിരുന്നു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ വല കാത്ത ഗില്ലിനു പകരക്കാരനായി മറ്റൊരു മികച്ച ഗോൾകീപ്പറെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയില്ലായിരുന്നു. വെറ്ററൻ താരമായ കരൺജിത്തിനൊപ്പം ബ്ലാസ്റ്റേഴ്‌സ് യൂത്ത് ടീമിലുണ്ടായിരുന്ന സച്ചിൻ സുരേഷാണ് സ്‌ക്വാഡിൽ ഉണ്ടായിരുന്നത്. അതിനു പുറമെ ലാറാ ശർമയെ അവർ ടീമിലേക്ക് എത്തിക്കുകയും ചെയ്‌തു.

സീസൺ ആരംഭിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ വല കാക്കാനുള്ള യോഗം സച്ചിൻ സുരേഷിനാണ് ലഭിച്ചത്. എന്നാൽ ഡ്യൂറന്റ് കപ്പിൽ താരത്തിന്റെ പ്രകടനം വളരെ മോശമായിരുന്നു. നിരവധി പിഴവുകൾ വരുത്തിയ താരം ആരാധകരുടെ കടുത്ത വിമർശനത്തിനാണ് ഇരയായത്. സച്ചിൻ സുരേഷിനെക്കൊണ്ട് വല കാക്കാൻ പോയാൽ ഈ ഐഎസ്എൽ സീസണും തിരിച്ചടികൾ മാത്രമാകുമെന്നും പുതിയൊരു ഗോളിയെ സ്വന്തമാക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടു.

എന്നാൽ പ്രീ സീസൺ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ സച്ചിൻ സുരേഷ് ടീമിന്റെ പ്രധാന ഗോൾകീപ്പറായി. ഐഎസ്എല്ലിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും താരം മികച്ച പ്രകടനം നടത്തിയെങ്കിലും മൂന്നാം മത്സരത്തിൽ താരം വരുത്തിയ പിഴവാണ് മുംബൈ ആദ്യത്തെ ഗോൾ നേടാൻ കാരണമായത്. ഗോൾവലക്ക് മുന്നിൽ മുഴുവൻ കോൺഫിഡൻസ് ഇല്ലെന്നു തോന്നിപ്പിക്കുന്ന ശരീരഭാഷയാണ് താരത്തിനുള്ളത്. അതിനിടയിൽ മറ്റൊരു ഗോൾകീപ്പർ സ്‌ക്വാഡിൽ സച്ചിനു ഭീഷണിയായി ഉയർന്നു വരുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൽ ഉണ്ടായിരുന്ന മുഹമ്മദ് അർബാസാണ് സച്ചിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ഒഫിഷ്യൽ പേജ് അർബാസിന്റെ ട്രെയിനിങ് വീഡിയോ ഷെയർ ചെയ്‌തിരുന്നു. സീനിയർ ടീമിനൊപ്പം പരിശീലനം നടത്തുന്ന അർബാസ് സെക്കന്റുകൾക്കിടയിൽ ക്ലോസ് റേഞ്ചിൽ നിന്നും ഡബിൾ സേവുകൾ നടത്തുന്ന വീഡിയോയാണ് ബ്ലാസ്റ്റേഴ്‌സ് ഷെയർ ചെയ്‌തത്‌. അർബാസിന്റെ റീഫ്‌ളക്‌സ് അതിൽ നിന്നും വ്യക്തമാണ്.

ശ്രീനിധി ഡെക്കാനിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമാണ് മുഹമ്മദ് അർബാസ്. ഡൽഹി സ്വദേശിയായ ഇരുപതുകാരനായ താരത്തെ റിസർവ് ടീമിലേക്കാണ് വാങ്ങിയതെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ സ്‌ക്വാഡിൽ കളിക്കാൻ താരത്തിന് കഴിയും. നിലവിൽ സച്ചിൻ സുരേഷിന്റെ സ്ഥാനം നേടാൻ താരത്തിന് കഴിയില്ലെങ്കിലും ട്രൈനിങ്ങിൽ മികച്ച പ്രകടനം നടത്തി പരിശീലകരിൽ മതിപ്പുണ്ടാക്കിയാൽ ടീമിന് വേണ്ടി വല കാക്കാൻ താരത്തിന് അവസരം ലഭിക്കുമെന്നതിൽ സംശയമില്ല.

Mohammed Arbaz Doubles For Kerala Blasters In Training