ലൂണക്ക് പകരക്കാരൻ ആരാണെന്ന കാര്യത്തിൽ ഇനി സംശയമില്ല, ഓരോ മത്സരത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്നു | Luna

ഇതുവരെ ക്ലബിൽ കളിച്ചിട്ടുള്ള താരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരം അഡ്രിയാൻ ലൂണയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇവാൻ പരിശീലകനായ ആദ്യത്തെ സീസണിൽ ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരം പിന്നീട് ക്ലബ്ബിന്റെയും ആരാധകരുടേയും പ്രിയപ്പെട്ട താരമായി മാറി. കഴിഞ്ഞ രണ്ടു സീസണിലും ടീമിനായി മികച്ച പ്രകടനം നടത്തിയ താരം ഈ സീസണിൽ നായകനായാണ് കേരള ബ്ലാസ്‌റ്റേഴ്‌സിൽ കളിച്ചു കൊണ്ടിരിക്കുന്നത്.

കളിക്കളത്തിൽ എല്ലായിടത്തും ഓടിയെത്തി ആത്മാർത്ഥമായി കളിക്കുന്ന അഡ്രിയാൻ ലൂണയുടെ മികച്ച പ്രകടനം കാണുമ്പോഴുള്ള സന്തോഷത്തിനൊപ്പം ആരാധകർക്ക് ഒരു ആശങ്ക കൂടിയുണ്ട്. നിലവിൽ മുപ്പത്തിയൊന്നു വയസുള്ള താരം ഭാവിയിൽ ക്ലബ് വിട്ടാൽ ആരാണ് താരത്തിന് പകരക്കാരനാവുകയെന്ന ആശങ്കയാണ് ആരാധകർക്കുള്ളത്. എന്നാൽ അതിനുള്ള മറുപടി ഈ സീസണിൽ തന്നെ ലഭിച്ചുവെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നും മനസിലാക്കേണ്ടത്.

ഈ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ ജാപ്പനീസ് താരമായ ഡൈസുകെ സകായി ആണ്‌ ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച അഞ്ചു മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയ താരം ടീമിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ ഇടപെടൽ നടത്തുന്ന താരം ഒഡിഷ എഫ്‌സിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ അസിസ്റ്റ് നൽകി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ ഗോളിൽ പങ്കാളിയായി മാറിയിരുന്നു.

വിങ്ങറാണ് സ്വാഭാവികമായ പൊസിഷനെങ്കിലും നിലവിൽ മധ്യനിരയിലാണ് ഡൈസുകെ കളിച്ചു കൊണ്ടിരിക്കുന്നത്. സ്വാഭാവികമായ പൊസിഷനിൽ നിന്നും മാറിക്കളിച്ചിട്ടും ടീമിനായി മികച്ച പ്രകടനം നടത്തുന്ന താരം തന്റെ വേഴ്‌സറ്റാലിറ്റി തെളിയിച്ചു കഴിഞ്ഞു. മുന്നേറ്റനിരയിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്ന രീതിയിൽ കളിക്കുകയാണെങ്കിൽ ഇതിനേക്കാൾ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് താരം നടത്തുന്ന ഡ്രിബ്ലിങ്ങും കില്ലർ പാസുകളും തെളിയിക്കുന്നു.

കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്ലേമേക്കറായി തിരഞ്ഞെടുത്ത താരം അതിനു മുൻപ് നടന്ന ഒരു മത്സരത്തിൽ ഏറ്റവുമധികം ദൂരം പിന്നിട്ട താരമായും മാറിയിരുന്നു. ഇരുപത്തിയാറു വയസുള്ള താരത്തെ ജൗഷുവക്ക് പരിക്കേറ്റപ്പോഴാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇപ്പോൾ ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയ താരത്തിന് ഇനിയുമേറെ വർഷങ്ങൾ ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്താൻ കഴിയും. എന്നാൽ അതിനായി ഈ സീസൺ കഴിയുമ്പോൾ അവസാനിക്കുന്ന താരത്തിന്റെ കരാർ പുതുക്കണമെന്നു മാത്രം.

Daisuke Sakai Can Be Adrian Luna Successor