“ഞങ്ങളുടെ ചർച്ചയിൽ പോലും റൊണാൾഡോ ഉണ്ടായിരുന്നില്ല”- ബാലൺ ഡി ഓർ മേധാവികൾ ഫൈനൽ ലിസ്റ്റിനെക്കുറിച്ച് പറയുന്നു | Ronaldo

2023ലെ ബാലൺ ഡി ഓർ പുരസ്‌കാരം ഇന്നു രാത്രി പ്രഖ്യാപിക്കാൻ പോവുകയാണ്. കഴിഞ്ഞ വർഷം ഖത്തറിൽ വെച്ചു നടന്ന ലോകകപ്പിൽ അർജന്റീനക്കൊപ്പം കിരീടം സ്വന്തമാക്കിയ ലയണൽ മെസി തന്നെ പുരസ്‌കാരം സ്വന്തമാക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ കിരീടം നേടിയ എർലിങ് ഹാലാൻഡ് മെസിക്ക് വെല്ലുവിളി സൃഷ്‌ടിക്കുമെന്നാണ് കരുതിയതെങ്കിലും അതുണ്ടാകില്ലെന്നാണ് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ നൽകുന്ന സൂചന.

ലയണൽ മെസി പുരസ്‌കാരം നേടാൻ പോകുമ്പോൾ വാർത്തയാകുന്നത് താരത്തിന്റെ പ്രധാന എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവമാണ്. ബാലൺ ഡി ഓറിന്റെ അവസാന മുപ്പതു പേരുടെ ലിസ്റ്റ് പുറത്തു വന്നപ്പോൾ പോലും റൊണാൾഡോയുടെ പേര് അതിലുണ്ടായിരുന്നില്ല. കഴിഞ്ഞ സീസണിന്റെ പകുതി വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്ന താരം ക്ലബിനൊപ്പം മോശം പ്രകടനമാണ് നടത്തിയത്. അതിനു പുറമെ ലോകകപ്പിലും താരത്തിന് തിളങ്ങാൻ കഴിയാതെ പോയി.

എന്നാൽ ലോകകപ്പിന് ശേഷം സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ റൊണാൾഡോ അവിടെ മികച്ച പ്രകടനമാണ് നടത്തുന്നത്. തുരുതുരാ ഗോളുകൾ അടിച്ചുകൂട്ടുന്ന താരം പോർച്ചുഗൽ ദേശീയ ടീമിനൊപ്പവും തന്റെ ഗംഭീര പ്രകടനം ആവർത്തിക്കുന്നു. ഈ വർഷത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളിൽ ഒരാളായ റൊണാൾഡോ അവസാന മുപ്പതിൽ ഇടം പിടിക്കാൻ അർഹനാണെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും അതിനു സാധ്യതയില്ലെന്നാണ് ഫ്രാൻസ് ഫുട്ബോൾ മേധാവികൾ വ്യക്തമാക്കിയത്.

“ബാലൺ ഡി ഓർ കമ്മിറ്റിയിൽ റൊണാൾഡോയുടെ അസാന്നിധ്യത്തെപ്പറ്റി യാതൊരു തരത്തിലുള്ള ചർച്ചകളും ഉണ്ടായില്ലെന്നതാണ് വാസ്‌തവം. ലോകകപ്പിൽ തിളങ്ങാൻ കഴിയാതെ പോയ താരം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത് അത്രയൊന്നും പ്രാധാന്യമില്ലാത്ത ഒരു ലീഗിലാണ്. അങ്ങിനെയൊക്കെ ആണെങ്കിലും ഇപ്പോഴും മികച്ച താരമായി റൊണാൾഡോ തുടരുന്നു.” ജർമൻ മാധ്യമമായ ടിസെഡിനോട് സംസാരിക്കുമ്പോൾ ഫ്രാൻസ് ഫുട്ബോൾ എഡിറ്റർ ഇൻ ചീഫ് വിൻസെന്റ് ഗാർസിയ പറഞ്ഞു.

ഇത്തവണ ബാലൺ ഡി ഓർ നേടിയാൽ മെസി എട്ടാമത്തെ തവണയാണ് പുരസ്‌കാരം സ്വന്തമാക്കുക. ഇതോടെ അഞ്ചു തവണ നേടിയ റൊണാൾഡോയെക്കാൾ ബഹുദൂരം മുന്നിലെത്താൻ മെസിക്ക് കഴിയും. സൗദി അറേബ്യ പോലെയുള്ള ലീഗുകളിൽ നടത്തുന്ന പ്രകടനം ബാലൺ ഡി ഓറിൽ മുൻ‌തൂക്കം നൽകില്ലെന്ന് വ്യക്തമായതോടെ ഇനി മെസിയെ മറികടക്കാൻ റൊണാൾഡോക്ക് കഴിയില്ലെന്നുറപ്പാണ്. അടുത്ത യൂറോ കപ്പും ലോകകപ്പും നേടിയാൽ മാത്രമേ ഇനി റൊണാൾഡോക്ക് സാധ്യതയുള്ളൂ.

France Football Chief Reveals Ronaldo Absence